Image

ഓസ്‌കര്‍: നോമിനേഷനുകളില്‍ ദി ഫേവറിറ്റ്, റോമ മുന്നില്‍ (ഏബ്രഹാം തോമസ്)

Published on 24 January, 2019
ഓസ്‌കര്‍: നോമിനേഷനുകളില്‍ ദി ഫേവറിറ്റ്, റോമ മുന്നില്‍ (ഏബ്രഹാം തോമസ്)
തൊണ്ണൂറ്റി ഒന്നാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ സമ്മാനിക്കുക ഫ്രെബ്രുവരി 24 നാണ്. ദ ഫേവറിറ്റും റോമയും 10 നോമിനേഷനുകളുമായി ഒന്നാം സ്ഥാനത്തെത്തി. എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ്, ബ്ലാക്ക് പാന്ഥര്‍ ഇവയ്ക്ക് എട്ടുനോമിനേഷനു കളും ബ്ലാക്ക് ക്ലാന്‍സ്്മാന് ആറും ബൊഹീമിയന്‍ റാപ്‌സഡി, ഗ്രീന്‍ ബുക്ക് എന്നിവയ്ക്ക് അഞ്ച് നോമിനേഷനുകളും ലഭിച്ചു.

ഏറ്റവും നല്ല ചിത്രമായി തിരഞ്ഞെടുക്കപ്പെടാന്‍ എട്ട് ചിത്രങ്ങള്‍ക്ക് നാമനിര്‍ദേശം ലഭിച്ചു. ബ്ലാക്ക് ക്ലാന്‍സ് മാന്‍, ബ്ലാക്ക് പാന്ഥര്‍, ബൊഹീമിയന്‍ റാപ്‌സഡി. ദ ഫേവറിറ്റ്, ഗ്രീന്‍ ബുക്ക്, റോമാ , എ സ്റ്റാര്‍ ഈസ് ബോണ്‍ , വൈസ്.
മൂന്നു കൈകള്‍ ഉപയോഗിച്ച് ക്ലാന്‍സ്മാന്‍ എന്ന ടൈറ്റില്‍ പ്രചരിപ്പിച്ച ചിത്രം സ്‌പൈക്ക് ലീ സംവിധാനം ചെയ്ത ഒരു യഥാര്‍ത്ഥ കഥയുടെ ആവിഷ്‌കാരമായിരുന്നു. 1970 കളില്‍ ഒരു കറുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ വെളുത്ത വര്‍ഗമേധാവിത്ത സംഘടനയായ ക്ലൂ ക്ലക്‌സ് ക്ലാനില്‍ (ഇതാണ് ടൈറ്റിലില്‍ മൂന്ന് കെ വരാന്‍ കാരണം) കടന്ന് കയറുന്നു. നര്‍മ്മത്തില്‍ കലര്‍ത്തിയ അധോലോക കഥ അക്കാഡമി അംഗങ്ങള്‍ക്ക് ഇഷ്ടമായി.
ബ്ലാക്ക് പാന്ഥര്‍ ബോക്‌സ് ഓഫിസില്‍ ചരിത്രം സൃഷ്ടിച്ചു. ഒരു ജനവിഭാഗം ഒരു ഹരമാക്കി മാറ്റിയ ചിത്രത്തില്‍ തട്ടു പൊളിപ്പന്‍ ചേരുവകള്‍ ധാരാളമായി ഉണ്ടായിരുന്നു. സാങ്കേതിക മികവ് മാത്രം കൈവരിച്ച ചിത്രത്തിന് മറ്റ് വിഭാഗങ്ങളില്‍ പോരായ്മകള്‍ ഏറെ ഉണ്ടായി. പക്ഷെ ഇവ വിസ്മരിക്കപ്പെട്ടു. ഒ ബാഹീമിയന്‍ റാപ് ഷോഡി റാമിമാ ലേകിന്റെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. രാജ്ഞിയുടെ വലംകൈ, ഫ്രെഡ്ഡീ മെര്‍കുറിയായി മികച്ച സംഭാവന മാലേക്ക് ചെയ്തു. കെട്ടുറപ്പുള്ള തിരക്കഥയോ സംഭാഷണമോ ഒതുക്കമുള്ള സംവിധാനമോ ചിത്രത്തിന്റെ മേന്മകളായില്ല.
ഏറെ പ്രശംസ നേടിയ രണ്ടു ചിത്രങ്ങളാണ് ദ ഫേവറിറ്റും റോമയും. അല്‍ഫോണ്‍സോ ക്വയറോണ്‍ തന്റെ ആത്മകഥാംശം നിറഞ്ഞ റോമയിലൂടെ നാലു വ്യക്തിപരമായ നോമിനേഷനുകള്‍ നേടി. സംവിധാനം, സിനിമാട്ടോഗ്രഫി, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ, മികച്ച ചിത്രം ഇതിനു മുന്‍പ് വിഖ്യാതനായ ഓഴ്‌സണ്‍ വെല്‍സ് (സിറ്റി സണ്‍ കേന്‍) ഇത്രയധികം നോമിനേഷനുകള്‍ വ്യക്തിപരമായി നേടിയിട്ടുള്ള ബ്ലാക്ക് ആന്റ് വൈറ്റില്‍ എടുത്ത ഈ സ്പാനിഷ് ചിത്രത്തിലൂടെ നെറ്റ് ഫ്‌ലിക്‌നും ബഹുമതിക്ക് അര്‍ഹമായി. 18-ാം നൂറ്റാണ്ടില്‍ ആന്‍ രാജ്ഞിയുടെ ഇഷ്ട പാത്രമാവാന്‍ മത്സരിക്കുന്ന ഡച്ചസ്സിന്റെയും (റേച്ചല്‍ വെയ്‌സ്) വേലക്കാരിയുടെയും (എമ്മ സ്റ്റോണ്‍) കഥ പറയുമ്പോള്‍, മര്യാദകേടും കൊട്ടാര രഹസ്യങ്ങളും കടന്നു വരുന്നത് സ്വാഭാവികം. ഒരല്‍പം നഗ്‌നതയും ഭാഷയും ചിത്രത്തിന് റെസ്ട്രിക്ടഡ് പ്രദര്‍ശനാനുമതി നേടിക്കൊടുത്തു. കറുത്ത വര്‍ഗക്കാരനായ ഒരു പിയാനിസ്റ്റ് വിദ്യാഭ്യാസവും സംസ്‌കാരവും ഇല്ലാത്ത ഒരു അംഗ രക്ഷകനെ തന്റെ ഡ്രൈവറാക്കി ദക്ഷിണ പ്രാന്തപ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന കഥ പീറ്റര്‍ ഫാരെല്ലി ഗ്രീന്‍ ബുക്കില്‍ പറഞ്ഞു. ചില പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഈ ചിത്രത്തിലും ഭാഷയും ഉപമകളും വര്‍ഗ അധിക്ഷേപങ്ങളും പുകവലിയും അക്രമവും ഉണ്ട്.
താരവും തിരക്കഥാകൃത്തും സംവിധായകനുമായി ബ്രാഡ് ലി കൂപ്പര്‍ മാറിയ എ സ്റ്റാര്‍ ഈസ് ബോണ്‍, കലാപരമായും കച്ചവടപരമായും മികവ് പുലര്‍ത്താന്‍ ശ്രമിച്ചു. ലേഡി ഗാഗയോട് കൂപ്പറിനുള്ള വിധേയത്വം പ്രകടമാണ്. മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനിയുടെ ജീവചരിത്ര പ്രധാനമായ വൈസില്‍ കേന്ദ്ര കഥാപാത്രമായി ക്രിസ്റ്റ്യന്‍ ബേല്‍ തിളങ്ങി. ചേനിയുടെ ഉയര്‍ച്ച താഴ്ചകളും ഏറെ വിവാദ നായകനായിരുന്ന പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഉണ്ടായ ഔദ്യോഗിക സംഘര്‍ഷങ്ങളും തന്മയത്വമായി പകര്‍ത്താന്‍ സംവിധായകന്‍ ആഡം മക്കേയ്ക്ക് കഴിഞ്ഞു. ചിത്രത്തിലെ പ്രകടനത്തിന് ബേലിനും (നല്ല നടന്‍) ഏമി ആഡംസിനും (നല്ല സഹനടി) നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്.
2000 ല്‍ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്ന ചിത്രത്തിന് ലഭിച്ചതുപോലെ വിദേശ ഭാഷയിലുള്ള ഒരു ചിത്രത്തിന് (റോമയ്ക്ക്) പത്ത് നോമിനേഷനുകള്‍ ലഭിച്ചിരിക്കുകയാണ്. ആദ്യമായി ഒരു കോമിക് പുസ്തകത്തെ ആധാരമാക്കിയ ചിത്രം, ബ്ലാക്ക് പാന്ഥര്‍, മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടി.
അല്‍ഫോണ്‍സോ ക്യുയറോണ്‍ (റോമ) , സ്‌പൈക്ക് ലീ (ബ്ലാക്ക് ക്ലാന്‍സ്മാന്‍), ആഡംമക്കേ(വൈസ്), യോര്‍ഗോസ് ലാന്‍തിമോസ്( ദ ഫേവറിറ്റ്), പാവെല്‍ പാവ് ലി കോവ് സ്‌കി( കോള്‍ഡ് വാര്‍) എന്നിവരാണ് മികച്ച സംവിധാനത്തിന് നോമിനേഷന്‍ ലഭിച്ചവര്‍.
ക്രിസ്റ്റ്യന്‍ ബേല്‍ (വൈസ്), ബ്ലാഡ് ലി കൂപ്പര്‍(എ സ്റ്റാര്‍ ഈസ് ബോണ്‍), റാമി മാലേക്ക് (ബൊ ഹീമിയന്‍ റാപ് ഷോഡി), വിഗോ മോര്‍ട്ടന്‍സന്‍ (ഗ്രീന്‍ബുക്ക്), വില്ലം ഡഫോയി (അറ്റ് ഇറ്റേണിറ്റീസ് ഗേറ്റ്) എന്നിവര്‍ക്ക് നല്ല നടനുള്ള നോമിനേഷനും ഗ്ലെന്‍ ക്ലോസ് (ദ വൈഫ്), ലേഡി ഗാഗ (എ സ്റ്റാര്‍ ഈസ് ബോണ്‍), ഒളീവിയ കോള്‍മാന്‍ (ദ ഫേവറിറ്റ്), മെലിസാ മക്കാര്‍ത്തി (കാന്‍യൂ എവര്‍ ഫൊര്‍ഗീവ് മി ?) യാലിറ്റ്‌സ അപാരിസിയോ (റോമ) എന്നിവര്‍ക്ക് നല്ല നടിക്കുള്ള നോമിനേഷനും നല്‍കി.
നല്ല സഹനടനായി മഹര്‍ഷാ അലി (ഗ്രീന്‍ ബുക്ക്), റിച്ചാര്‍ഡ് ഇ ഗ്രാന്റ് (ക്യാന്‍ യൂ എവര്‍ ഫൊര്‍ഗിവ് മി ?), ആഡം ഡ്രൈവര്‍ (ബ്ലാക്ക് ക്ലാന്‍സ് മാന്‍), സാം എലിട്ട് (എ സ്റ്റാര്‍ ഈസ് ബോണ്‍) , സാം റോക്ക് വെല്‍ (വൈസ്) എന്നിവര്‍ക്കും നല്ല സഹനടിയായി റെജീന കിംഗ് (ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്), എമ്മ സ്റ്റോണ്‍ (ദ ഫേവറിറ്റ്), റേച്ചല്‍ വേയ്‌സ് (ദ ഫേവറിറ്റ്), ഏമി ആഡംസ് (വൈസ്), മറീന ഡി ടവീര (റോമ) എന്നിവര്‍ക്കും നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.
ഏറ്റവും നല്ല വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനുകള്‍ ജര്‍മ്മനിയില്‍ നിന്നുള്ള നെവര്‍ ലുക്ക് എവേയും ജപ്പാനില്‍ നിന്നുള്ള ഷോപ് ലി ഫ്‌റ്റേഴ്‌സും, ലെബനനില്‍ നിന്നുള്ള കാപ്പര്‍ നാമും മെക്‌സിക്കോയില്‍ നിന്നുള്ള റോമയും പോളണ്ടില്‍ നിന്നുള്ള കോള്‍ഡ് വാറും കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്ന് ഒരു നല്ല ചിത്രം അംഗീകരിക്കപ്പെടുന്ന രീതിയില്‍ അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സിന് മുമ്പാകെ അവതരിപ്പിക്കുവാന്‍ ഇപ്രാവശ്യവും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.
റോമയും ഫേവറിറ്റും വൈസും എ സ്റ്റാര്‍ ഈസ് ബോണും ബ്ലാക്ക് ക്ലാന്‍സ്മാനും ഗ്രീന്‍ ബുക്കും വിവിധ വിഭാഗങ്ങളില്‍ ഓസ്‌കര്‍ ബഹുമതിയുമായി ഫെബ്രുവരി 24 ന്റെ രാത്രിയില്‍ തിളങ്ങാനാണ് സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക