Image

പ്രിയങ്ക ഗാന്ധിയുടെ ആദ്യ ദൗത്യം വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കുകയെന്നത്

Published on 24 January, 2019
പ്രിയങ്ക ഗാന്ധിയുടെ ആദ്യ ദൗത്യം വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കുകയെന്നത്

കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയുടെ ആദ്യ ദൗത്യം സഞ്ജയ് ഗാന്ധിയുടെ മകനും സുല്‍ത്താന്‍പൂര്‍ എംപിയുമായ വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. യുപിയില്‍ സംഘടന ചുമതല ഏറ്റെടുക്കുന്ന പ്രിയങ്കയക്ക് മറ്റൊരു ദൗത്യം കൂടി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കുക എന്നതാണ് ഇതെന്നാണ് അഭ്യൂഹം.

വരുണിന്റെ സാന്നിധ്യം യുപിയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. അമ്മ മനേക ഗാന്ധിക്ക് താല്‍പ്പര്യമില്ലെങ്കിലും വരുണ്‍ കോണ്‍ഗ്രസുമായി അടുക്കുന്നുണ്ടെന്നാണ് വിവരം. വരുണിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത് പ്രിയങ്കയെ ആണെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ മകനായ വരുണ്‍ ഗാന്ധി 2005 ലാണ് ബിജെപിയില്‍ എത്തിയത്. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ഇളമുറക്കാരനെ ബിജെപി രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബിജെപി വരുണിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഗാന്ധി കുടുംബവുമായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് വരുണിനെ ബിജെപിയിലെത്തിച്ചത്.

കേന്ദ്രമന്ത്രിയുടെ മകനായിട്ടു പോലും തഴയപ്പെട്ടതോടെ വരുണ്‍ നേതൃത്വവുമായി ഇടഞ്ഞു. മോഡിയുടെ വിമര്‍ശകനായി മാറിയ വരുണിനെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപി മാറ്റി നിര്‍ത്തി. വരുണിന് ബിജെപി നേതൃത്വവുമായുളള അസ്വാരസ്യങ്ങള്‍ മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ണ്ണായക നീക്കമായാണ് സഹോദരി പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലെത്തിക്കാനുളള നീക്കം. സജീവമായി രാഷ്ട്രീയത്തിലില്ലെങ്കിലും കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ പ്രിയങ്ക പങ്കു വഹിക്കാറുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക