Image

വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഫ്രാന്‍സും ജര്‍മനിയും കൈകോര്‍ക്കുന്നു

Published on 24 January, 2019
വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഫ്രാന്‍സും ജര്‍മനിയും കൈകോര്‍ക്കുന്നു
 

ബര്‍ലിന്‍: വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഫ്രാന്‍സും ജര്‍മനിയും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച ഉടന്പടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഒപ്പുവച്ചു.

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടും. ആരെ സംരക്ഷിക്കുന്നു എന്നു ഭാവിക്കുന്നോ, അതേ ജനതയെ തന്നെയാണ് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ വേദനിപ്പിക്കുന്നതെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിലാണ് ഇരു നേതാക്കളും സുപ്രധാന ഉടന്പടിയില്‍ ഒപ്പുവച്ചത്. ജര്‍മനിയിലെ ആഹനില്‍ നടന്ന യോഗത്തില്‍ ഫ്രഞ്ച് ജര്‍മനി സൈനിക സഹകരണകരാര്‍ വഴി സംയുക്ത യൂറോപ്യന്‍ സേനയ്ക്കുള്ള ഉടന്പടിയിലും ഇരു നേതാക്കളും ഒപ്പുവച്ചു.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന നൂറ്റാണ്ടുകള്‍ നീണ്ട അകല്‍ച്ചയ്ക്ക് വിരാമം ഇട്ടത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1963 ലാണ്. 

യൂറോപ്പില്‍ പലയിടങ്ങളിലും കടുത്ത ദേശീയവാദവും വംശീയ വാദവും ഉടലെടുത്തിരിയ്ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിരുകള്‍ ഇല്ലാതാക്കണമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. അതുതന്നെയുമല്ല ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ രണ്ടു രാജ്യങ്ങളിലും വന്നു ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. 350 കിലോ മീറ്റര്‍ നീണ്ടുകിടക്കുന്ന അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല സംയുക്ത സൈനിക കരാറെന്നും കരാര്‍ വ്യക്തമാക്കുന്നു.

ചടങ്ങില്‍ ഇയു നേതാക്കളും പ്രതിനിധികളും പങ്കെടുത്തിരുന്നു. ബ്രെക്‌സിറ്റ് വഴി ബ്രിട്ടന്‍ ഇയുവില്‍ നിന്നും വിട്ടുപോകുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ ഇയുവില്‍ അതിപ്രധാന്യം അര്‍ഹിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക