Image

കേരളത്തിലെ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലം; ഇടതുപക്ഷത്തിന് അധികമൊന്നും പ്രതീക്ഷിക്കാനില്ല (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 24 January, 2019
കേരളത്തിലെ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലം; ഇടതുപക്ഷത്തിന് അധികമൊന്നും പ്രതീക്ഷിക്കാനില്ല (കലാകൃഷ്ണന്‍)
കേരളത്തില്‍ ഇടതുപക്ഷത്തിന് വന്‍ നിരാശ സമ്മാനിക്കുന്ന ഇലക്ഷന്‍ സര്‍വേയാണ് റിപ്ലബിക്ക് ടിവി - സി വോട്ടര്‍ പുറത്തു വിട്ടിരിക്കുന്നത്. വരുന്ന ലോക്സഭാ ഇലക്ഷനില്‍ ഇടതുപക്ഷത്തിന് വെറും നാല് സീറ്റുകള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നത്. ബിജെപിക്ക് ഫലത്തില്‍ വോട്ട് ഷെയര്‍ അല്പം കൂടുമെങ്കിലും ഒരു സീറ്റും ലഭിക്കില്ല. 16 സീറ്റുകള്‍ നേടിക്കൊണ്ട് യുഡിഎഫ് ശക്തമായി ലോക്സഭ ഇലക്ഷനില്‍ തിളങ്ങുമെന്ന് സര്‍വേ പ്രവചിക്കുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് - യുഡിഎഫ് ജയപരാജയം പരിശോധിച്ചാല്‍ ഈ ലോക്സഭയില്‍ യുഡിഎഫിന് തന്നെയാവും നേട്ടമുണ്ടാകുക എന്ന് വിലയിരുത്താം. 2014ലെ ലോക്സഭയില്‍ മോദി തരംഗമുണ്ടായിട്ടും കേരളത്തില്‍ ബിജെപി നേടിയത് വെറും പത്ത് ശതമാനം വോട്ട് ഷെയറാണ്. 2014ല്‍ 12 സീറ്റുകള്‍ യുഡിഎഫും എട്ട് സീറ്റുകള്‍ എല്‍.ഡി.എഫും നേടി. 

എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. ബിജെപിയും ബിഡിജെഎസും കൂടി 15.10 ശതമാനം വോട്ട് ഷെയറാണ് കേരളത്തില്‍ നേടിയത്. അതൊരു വന്‍ മുന്നേറ്റം തന്നെയായിരുന്നു എന്ന് തിര്‍ച്ചയായും സമ്മതിക്കണം. കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞു തിരുവനന്തപുരത്ത്. 
എന്നാല്‍ കഴിഞ്ഞ നിയമസഭയില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നേടിയതിന് പിന്നില്‍ ബിജെപിയുടെ ഈ വളര്‍ച്ചയും കാരണമായിരുന്നു. 91 സീറ്റുകളും 44 ശതമാനം വോട്ട് ഷെയറുമാണ് ഇടതുപക്ഷം നേടിയത്. കേരളത്തിലെ മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ വലിയൊരളവില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതാണ് ഇതിന് കാരണം. പത്തനംതിട്ടപോലെ ശക്തമായ യുഡിഎഫ് കോട്ടയില്‍ പോലും ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചത് ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയിലാണ്.

 ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയെ ന്യൂനപക്ഷങ്ങള്‍ കാര്യമായി ഭയപ്പെട്ടിരുന്നു എന്ന് ചുരുക്കം. അത് ഇടതുപക്ഷത്തിന്‍റെ അധിക വോട്ടായി മാറി. 

കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍, അത് രാഷ്ട്രീയമായും സാംസ്കാരികമായും, സിപിഎമ്മിന് മാത്രമേ കഴിയു എന്ന യഥാര്‍ഥ്യം ന്യൂനപക്ഷ സമുദായങ്ങള്‍ നല്ലത് പോലെ തിരിച്ചറിയുന്നുണ്ട്. ഇന്നും കേരളീയ ജനസമൂഹം അത് പലവിധത്തില്‍ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. അതിന്‍റെ പിന്തുണ അവര്‍ നിയമസഭയില്‍ സിപിഎമ്മിന് നല്‍കുകയും ചെയ്യുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ അടുത്ത നിയമസഭാ ഇലക്ഷനെ ഇടതുപക്ഷം നേരിടുമ്പോഴും ഇതേ വികാരം പ്രതിഫലിക്കുമെന്ന് തീര്‍ച്ചയാണ്. 

എന്നാല്‍ 2019 ലോക്സഭയെ സംബന്ധിച്ചിടത്തോളും വ്യത്യസ്തമാണ് സ്ഥിതിഗതികള്‍. കേന്ദ്രത്തില്‍ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഭരണം വീണ്ടുമുണ്ടാകും എന്നൊരു തോന്നല്‍ പൊതുവില്‍ ശക്തമാണ്. ഇതുവരെയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും സര്‍വേ ഫലങ്ങളും അത്തരമൊരു സൂചന നല്‍കുന്നുണ്ട്. ഇത് കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കൂടുതല്‍ ശക്തിപകരും. 

ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള താരപരിവേഷമുള്ള സ്ഥാനാര്‍ഥികളെ ലോക്സഭയിലേക്ക് ഇറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതും ഇതുകൊണ്ടു തന്നെ. കേരളത്തില്‍ നിന്നുള്ള കെ.സി വേണുഗോപാല്‍ ഇപ്പോല്‍ സംഘടനാ ചുമതലുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായി മാറിയപ്പോള്‍ കേരളത്തിന് കൂടുതല്‍ സാധ്യതകളാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചുള്ളത്. സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാക്സിമം സീറ്റുകള്‍ എന്ന കോണ്‍ഗ്രസ് തന്ത്രം കൂടിയാകുമ്പോള്‍ കേരളത്തിന് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് തീര്‍ച്ച. പ്രീയങ്കയെപ്പോലെയുള്ള താരപരിവേഷമുള്ള പ്രചാരകര്‍ കേരളത്തില്‍ എത്തുമ്പോള്‍ വന്‍ വിജയം ഉറപ്പ്. 

യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നാല്‍ കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ നല്ല പ്രാതിനിധ്യം ലഭിക്കുന്ന ചരിത്രം കൂടിയുള്ളപ്പോള്‍ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി ചിന്തിക്കും എന്നുറപ്പ്. മാത്രമല്ല ന്യുനപക്ഷ സമുദായങ്ങളും മോദിയെ അകറ്റാന്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എന്ന ആശയത്തിന് വോട്ട് ചെയ്യും. കഴിഞ്ഞ നിയമസഭയില്‍ ഇടതുപക്ഷത്തിന് ലഭിച്ച ന്യൂനപക്ഷ വോട്ടുകള്‍ അങ്ങനെ യുഡിഎഫിലേക്ക് തീര്‍ച്ചയായും പോകും. 

ശബരിമല വിഷയം ബിജെപിക്ക് കുറച്ച് വോട്ട് ഷെയര്‍ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. സര്‍വേ ഫലങ്ങളില്‍ തന്നെ ഇരുപത് ശതമാനം വോട്ട് ഷെയറാണ് ബിജെപിക്ക് നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനം വോട്ട് ഷെയറാണ് ബിജെപിക്ക് അധികമായി ലഭിച്ചേക്കുക. ഇത് തീര്‍ച്ചയായും ക്ഷിണം വരുത്തുക ഇടതുപക്ഷത്തിനാണ്. 

എന്നാല്‍ കോണ്‍ഗ്രസിന്‍റെ പരമ്പരാഗതമായ ഹിന്ദു വോട്ട് ഷെയറില്‍ വലിയ വിത്യാസം വരുമെന്ന് കരുതുക വയ്യ. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സമരത്തിനിറങ്ങിയതിന്‍റെ ഫലം ഇവിടെയാകും അനുകൂലമായി പ്രതിഫലിക്കുക. ഈ ഘടകങ്ങളെല്ലാം കൂടി ചേരുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ വലിയൊരു തിരിച്ചുവരവിന് തന്നെ അരങ്ങൊരുക്കുമെന്ന് തീര്‍ച്ച. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക