Image

ഒരു കവിയുടെ വിലാപം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 25 January, 2019
ഒരു കവിയുടെ വിലാപം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
കവിതയെഴുതാനുള്ളൊരാവേശവുമായ്
കാവ്യാംഗനയെ ധ്യാനിച്ചിരുന്നു കവി.
സൗന്ദര്യറാണി ചാരത്തണഞ്ഞപ്പോള്‍
മാദകസൗന്ദര്യത്തില്‍ മയങ്ങിയ കവി
അവളെ വാരുപ്പുണരാന്‍ കൈകള്‍ നീട്ടവേ
കാവ്യാംഗന കുതറിമാറിയകന്നു നിന്നു.
കാമാന്ധനായ് വീണ്ടും കവിയടുത്തപ്പോള്‍
കവിയെ തള്ളി മാറ്റിയവള്‍ നടന്നകന്നു.
എങ്ങോ മറഞ്ഞവള്‍ പിന്‍വിളി കേള്‍ക്കാതെ.
നിരാശനായ് തപ്തമാനസനായ് കവി
ചെയേ്താരവിവേകത്തെ പഴിച്ചിരുന്നു.

പേനയെടുത്ത് കവി കാവ്യാംഗന തന്‍
കനിവിനായ് വീണ്ടും കാത്തിരുന്നപ്പോള്‍
കവിയുടെ ഹൃദയത്തിലവള്‍ മന്ത്രിച്ചതിങ്ങനെ:
കവേ, ബാഹ്യസൗന്ദര്യത്തിന്നടിമയാകാതെ
ആത്മസംയമനത്തിന്നേകാഗ്രതയില്‍ മുഴുകി
കവിത കുറിക്കൂ, ഞാനെത്തിടാമനുഗ്രഹവുമായ്.
എന്നാലവള്‍ വന്നില്ല കവിയുടെ മുന്നില്‍ വീണ്ടും.

കവ്യാംഗനയുടെ അഭാവത്തില്‍
കവിയുടെ ഭാവനകള്‍ മങ്ങുന്നു
ദുഃഖിതനായ് പേന മടക്കി കവി.
സ്വയം ജ്വലിപ്പിച്ച തീക്കനലില്‍
എരിഞ്ഞുവല്ലോയെന്നഭിലാഷങ്ങള്‍.
കവിയുടെ വിലാപത്തിന്‍ ധ്വനികള്‍
അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍
ജനമിതറിയുമല്ലോ എന്ന ചിന്ത
ദുഃഖത്തിലാഴ്ത്തി കവിയെ വീണ്ടും.
അപമാനത്തിന്‍ ഭാരം ചുമക്കണമല്ലോ
എന്ന് വിലാപം തുടര്‍ന്നു കവി.
Join WhatsApp News
വിദ്യാധരൻ 2019-01-26 19:11:36
കരയരുതു കവി നിങ്ങൾ 
കാവ്യാംഗന പോയീടുമ്പോൾ
തുറന്നിടൂ നിൻ ഹൃദയത്തിൻ 
ശ്രീകോവിൽ അവൾക്കായി 
വരുമൊരുനാളവൾ  തീർച്ച 
കണങ്കാലിൽ കൊലുസുമായി 
കിലുകിലുക്കി നിന്നെ കാണാൻ.
കള്ളടിച്ചു കവിമാർ,
തല കുത്തി നിന്നു കുറിക്കുന്നു   
കവിതയെന്നു പറഞ്ഞെന്തോ.
'കാമമാണ് ' സൃഷ്ടിയുടെ 
ചാലക ശക്തിയെന്നവർ 
പിടിവാശി പിടിക്കുന്നു 
ഏതു നേരോം മോന്തീടുന്നു
അതിനായി വാറ്റുമദ്യം കണക്കറ്റ്.
എന്നിട്ടവർ ഓടിക്കുന്നു 
കാവ്യാംഗനയെ കവിതയ്ക്കായ്. 
വിവസ്ത്രയാക്കുന്നു 
പഞ്ചാലിയെപ്പോലെ പിന്നെ
അഴിച്ചഴിച്ചു നോക്കിയിട്ടും 
കിട്ടുന്നില്ല  വിഷയങ്ങൾ
കുത്തിക്കുറിക്കുന്നൊടുവിൽ 
മനുഷ്യർക്ക് തിരിയാത്ത 
ആധുനിക കവിതൾ. 
അറിയുന്നില്ല അവരൊന്നും 
ആയുസ്സതിനില്ല എന്ന കാര്യം 
പറന്നു പൊന്തുന്നത് വാനിൽ 
പുതുമഴക്ക് ഈയൽ പോലെയത്  
ഉടൻ തന്നെ പതിക്കുന്നു 
മൃതമായി സ്മരണയിൽ 
കേൾക്കാൻ കഴിയില്ലാവർക്കാർക്കും 
ശ്രവിക്കുവാൻ ഒരുനാളും 
'കനകചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങി
കടമിഴികോണുകളില്‍ സ്വപ്നം മയങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകും ഉടയാടകളില്‍ ഒലിയലകള്‍ ചിമ്മി
അഴകൊരുടലാര്‍ന്നപോല്‍ അങ്ങനെ മിന്നി
മദിമോഹന ശുഭ നര്‍ത്തനമാടുന്നയി മഹിതെ
മമ മുന്നില്‍ നിന്ന"  ആ  മലയാള കവിതെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക