Image

ചന്ദ കൊച്ചാറിനെതിരെ കേസെടുത്തത് എടുത്തു ചാട്ടം; സിബിഐയെ പരസ്യമായി വിമര്‍ശിച്ച്‌ അരുണ്‍ ജെയ്‍റ്റ്‍ലി

Published on 26 January, 2019
ചന്ദ കൊച്ചാറിനെതിരെ കേസെടുത്തത് എടുത്തു ചാട്ടം; സിബിഐയെ പരസ്യമായി വിമര്‍ശിച്ച്‌ അരുണ്‍ ജെയ്‍റ്റ്‍ലി

 ഐ സി ഐ സി ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി ബി ഐയെ പരസ്യമായി വിമര്‍ശിച്ച്‌ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിക്കുമ്ബോഴാണ് ഭരണകക്ഷിയില്‍ നിന്ന് തന്നെ എതിരഭിപ്രായം ഉയരുന്നത്.

ഒരാഴ്ചയായി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി തന്‍റെ ബ്ലോഗിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എടുത്ത് ചാടിയുള്ള അന്വേഷണം എന്നാണ് ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി ബി ഐ നടപടിയെ ജെയ്‍റ്റ്‍ലി വിശേഷിപ്പിക്കുന്നത്. ഇതും പ്രാഫഷണല്‍ അന്വേഷണവും തമ്മില്‍ മൗലികമായ വിത്യാസങ്ങളുണ്ട്. കാടടച്ചുള്ള അന്വേഷണമാണിതെന്നും ജെയ്റ്റ്ലി വിമര്‍ശിച്ചു.

കോടതിയില്‍ നിലനില്‍ക്കുന്ന തെളിവുകളില്ലാതെ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ പ്രതി ചേര്‍ക്കുന്ന അവസ്ഥയാണിത്. കുറ്റം ചെയ്യണമെന്ന് ഉദ്ദേശം പോലും ആ വ്യക്തിക്ക് ഇല്ലായിരിക്കാം. ഇത്തരം നടപടികള്‍ ആ വ്യക്തികളെ തേജോവധം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ. നിരവധി പീഡനങ്ങള്‍ക്ക് അവര്‍ വിധേയരാകും. മാധ്യമങ്ങള്‍ക്കും ആഘോഷിക്കാം. പക്ഷെ ഒടുവില്‍ കോടതിയില്‍ നിന്ന് ശിക്ഷ ഉണ്ടാവില്ലെന്ന് മാത്രം. എടുത്ത് ചാടിയുള്ള ഇത്തരം അന്വേഷണങ്ങള്‍ മൂലമാണ് രാജ്യത്ത് മിക്ക കേസുകളിലും ശിക്ഷ ഇല്ലാതെ പോകുന്നത്. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ പ്രതികളെ ലക്ഷ്യം വെച്ചുള്ളതാണ് പ്രൊഫഷണല്‍ അന്വേഷണം.

ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിച്ചതു പൊലെ ലക്ഷ്യം മാത്രം നോക്കി അമ്ബെയ്യാന് സി ബി ഐയെ ഉപദേശിച്ചു കൊണ്ടാണ് ജെയ്റ്റ്ലിയുടെ ബ്ലോഗ് അവസാനിക്കുന്നത്. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച്‌ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അടുത്തിടെ നിരവധി ആരോപണങ്ങള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ഇന്നലെയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയുള്ള ജെയ്റ്റിലിയുടെ വിമര്‍ശനം പുതിയ വിവാദങ്ങള്‍ക്ക് വഴി മരുന്നിടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക