Image

കോണ്‍ഗ്രസില്‍ വീണ്ടും കലാപകാലം

ജി.കെ. Published on 13 April, 2012
കോണ്‍ഗ്രസില്‍ വീണ്ടും കലാപകാലം
മുസ്ലീം ലീഗിന്റെ തിട്ടൂരത്തിന്‌ മുമ്പില്‍ തലകുനിച്ച്‌ അഞ്ചാം മന്ത്രിയെ അനുവദിച്ചതിന്‌ പിന്നാലെ കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റി മുഖച്ഛായ മിനുക്കാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്‌ടിയുടെ നടപടി കോണ്‍ഗ്രസില്‍ വീണ്‌ടും കലാപത്തിന്‌ തിരികൊളുത്തുന്നു. സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തെയും കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയെയും പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രി കാണിച്ച അതിബുദ്ധി സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്‌ടും ഗ്രൂപ്പുകളുടെ പൂക്കാലത്തിന്‌ വഴിയൊരുക്കുമെന്നാണ്‌ കരുതുന്നത്‌. ഗ്രൂപ്പുപോരിന്റെ ആദ്യ അമിട്ടിന്‌ തിരികൊളുത്തിയത്‌ ആര്യാടന്‍ മുഹമ്മദും കെ.മുരളീധരനും ചേര്‍ന്നാണെങ്കില്‍ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി കേന്ദ്രത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ `ഹൈ'ക്കമാന്‍ഡായ എ.കെ.ആന്റണിയെ സമീപിച്ച്‌ വെടിപ്പുരയ്‌ക്കു തന്നെ തീ കൊളുത്തിക്കഴിഞ്ഞു. വിഷുക്കാലത്ത്‌ ഇനി ഗ്രൂപ്പിന്റെ അമിട്ടുകള്‍ എവിടെയൊക്കെയാണ്‌ പൊട്ടുക എന്നുമാത്രം നോക്കിയാല്‍ മതി.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്‌ക്ക്‌ തൊട്ടുമുമ്പ്‌ മാത്രമാണ്‌ താന്‍ മന്ത്രിമാരുടെ വകുപ്പ്‌ മാറ്റത്തിന്റെ കാര്യം അറിഞ്ഞതെന്നാണ്‌ ചെന്നിത്തല ആന്റണിയോട്‌ പരാതി പറഞ്ഞത്‌. ഇക്കാര്യം തന്റെ വിശ്വസ്‌തരായ മാധ്യമപ്രവര്‍ത്തകരിലൂടെ പരസ്യമാക്കി ആഭ്യന്തര വകുപ്പുപോലും ഒഴിയാന്‍ തയാറായ കുഞ്ഞൂഞ്ഞിന്റെ ത്യാഗസന്നദ്ധതയ്‌ക്ക്‌ പിന്നിലെ യഥാര്‍ഥ ചേതോവികാരം ചെന്നിത്തല പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാക്കുകയും ചെയ്‌തു.

ആഭ്യന്തരം തന്റെ വിശ്വസ്‌തന്‍ തിരുവഞ്ചൂരിന്‌്‌ നല്‍കി തനിക്ക്‌ അധികാരമോഹമില്ലെന്ന്‌ തെളിയിക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ ശ്രമത്തിനാണ്‌ ഇതോടെ മങ്ങലേറ്റത്‌. ലീഗ്‌ അഞ്ചാം മന്ത്രിയ്‌ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ സാമുദായിക സന്തുലനമെന്ന ഫോര്‍മുലയില്‍ പിടിച്ച്‌ ചെന്നിത്തലയെ കുഞ്ഞൂഞ്ഞ്‌ മന്ത്രിസഭയിലേക്ക്‌ ക്ഷണിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരമോ ഉപമുഖ്യമന്ത്രി പദമോ നല്‍കുകയാണെങ്കില്‍ മാത്രമെ താന്‍ മന്ത്രിസഭയിലേക്കുള്ളൂ എന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്‌. ആഭ്യന്തരം ഒഴിയാന്‍ തയാറാവാഞ്ഞ മുഖ്യമന്ത്രിയുടെ നിലപാടാണ്‌ ആ ഫോര്‍മുല പരാജയപ്പെടാന്‍ കാരണമായതെന്ന്‌ ചെന്നിത്തല ക്യാമ്പ്‌ രഹസ്യമായി പരസ്യമാക്കുകയും ചെയ്‌തു.

ഇതിനുശേഷമായിരുന്നു ആഭ്യന്തരം തന്റെ വിശ്വസ്‌തന്‍ തിരവഞ്ചൂരിന്‌ നല്‍കി സാമുദായിക സന്തുലനം കുറെയൊക്കെ ശരിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത്‌. അതും ചെന്നിത്തലയെയോ മറ്റു കോണ്‍ഗ്രസ്‌ നേതാക്കളെയെ അറിയിക്കാതെ. ചെന്നിത്തലയെ നേരത്തെ അറിയിച്ചാല്‍ അത്‌ അത്‌ കെ.സി.ജോസഫിന്റെ രാജിയിലേക്കും ചെന്നിത്തലയുടെ ആഭ്യന്തര മന്ത്രിപദത്തിലും കലാശിച്ചേനെ എന്ന്‌ മുഖ്യമന്ത്രിക്ക്‌ നല്ലപോലെ അറിയാം. അതുകൊണ്‌ടാണ്‌ അവസാനനിമിഷം വരെ സസ്‌പെന്‍സ്‌ നിലനിര്‍ത്തി തിരുവഞ്ചൂരിനെ തന്നെ ആഭ്യന്തരത്തിന്റെ ചുമതലയേല്‍പ്പിച്ചത്‌. കുഞ്ഞൂഞ്ഞ്‌ എന്തുകൊണ്‌ട്‌ ആഭ്യന്തരം ചെന്നിത്തലയെ ഏല്‍പിക്കാന്‍ ഭയക്കുന്നു എന്നു ചോദിച്ചാല്‍ പാമോയില്‍ കേസ്‌ തന്നെയെന്നാണ്‌ ഉത്തരം. പാമോയിലില്‍ തെന്നി വീഴാനൊരുങ്ങിയപ്പോഴും തന്റെ വിശ്വസ്‌തനായ തിരുവഞ്ചൂരിനെയായിരുന്നു മുഖ്യമന്ത്രി വകുപ്പ്‌ ഏല്‍പ്പിച്ചുകൊടുത്തത്‌.

ചെന്നിത്തല ആഭ്യന്തര മന്ത്രിയാവുകയും അദ്ദേഹത്തില്‍ ഇപ്പോള്‍ ഉറങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിമോഹി വീണ്‌ടും ഉണരുകയും ചെയ്‌താല്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ പാടാണെന്ന്‌ കുഞ്ഞൂഞ്ഞ്‌ തിരിച്ചറിഞ്ഞിരുന്നു. ഇതുതന്നെയാണ്‌ ചെന്നിത്തല ക്യാമ്പിനെ ഇപ്പോള്‍ ചൊടിപ്പിച്ചത്‌. ഇതിനെല്ലാം പുറമെ ലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിന്റെ പേരിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ സജീവമാകുകയാണ്‌. കെപിസിസിയുടെ പൊതുവികാരം പോലും മറികടന്ന്‌ ലീഗിന്‌ മുമ്പില്‍ മുട്ടുമടക്കിയ കുഞ്ഞൂഞ്ഞിന്റെ നടപടിയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വിശ്വസ്‌തനായ ആര്യാടന്‍ തന്നെ പരസ്യമായി രംഗത്തെത്തി.

സത്യപ്രതിജ്ഞാ ചടങ്ങും മന്ത്രിസഭാ യോഗവും ബഹിഷ്‌കരിച്ചാണ്‌ ആര്യാടന്‍ തന്റെ പ്രതിഷേധമറിയിച്ചത്‌. ആര്യാടനും ലീഗും തമ്മിലുള്ള ശത്രതുതയ്‌ക്ക്‌ കാലങ്ങളുടെ പഴക്കമുണ്‌ടെങ്കിലും അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന്‌ കുഞ്ഞൂഞ്ഞിന്‌ നല്ലപോലെ അറിയാം. ആര്യാടന്റെ ബലം ഇല്ലായിരുന്നെങ്കില്‍ കുഞ്ഞാപ്പ എന്നേ തന്റെ തലയില്‍ കയറി ഭരണം തുടങ്ങിയേനെ എന്നും അദ്ദേഹത്തിന്‌ നല്ലപോലെ അറിയാം. അതുകൊണ്‌ട്‌ തന്നെ ആര്യാടന്റെ അസംതൃപ്‌തി കുഞ്ഞൂഞ്ഞിന്‌ കണ്‌ടില്ലെന്ന്‌ നടിക്കാനാവില്ല.

കെ.മുരളീധരനും വി.ഡി,സതീശനും ടി.എന്‍.പ്രതാപനുമെല്ലാം സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന്‌ വിട്ടുനിന്നത്‌ യാദൃശ്ചികമെന്ന്‌ പറയാനാകില്ല. ലീഗിന്റെ അഞ്ചാം മന്ത്രിയുടെ പേരില്‍ അസംതൃപ്‌തരെ കൂട്ടുപിടിച്ച്‌ ചെന്നിത്തല കൊട്ടാരവിപ്ലവം നടത്തിയേക്കുമോ എന്ന ഭയവും ഇപ്പോള്‍ കുഞ്ഞൂഞ്ഞിനെ മഥിക്കുന്നുണ്‌ട്‌. സാമുദായിക സന്തുലനം ഉറപ്പാക്കാന്‍ ഒരു ഭൂരിപക്ഷ സമുദായക്കാകന്‍ മുഖ്യമന്ത്രിയാവണമെന്ന്‌ ജി.സുകുമാരന്‍നായരെക്കൊണ്‌ട്‌ വിളിച്ചുപറയിച്ചാല്‍ അതേറ്റെടുക്കാനും കോണ്‍ഗ്രസില്‍ നിരവധിപേരുണ്‌ടാകുമെന്ന തിരിച്ചറിവും കുഞ്ഞൂഞ്ഞിനെ അസ്വസ്ഥമാക്കുന്നുണ്‌ട്‌.

വകുപ്പ്‌ മാറ്റിയതുകൊണ്‌ടു മാത്രം പ്രശ്‌നങ്ങള്‍ തീരുന്നില്ലെന്ന്‌ ഇപ്പോഴെ സുകുമാരന്‍ നായര്‍ വിളിച്ചുപറഞ്ഞു കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യാനായി അടിയന്തര കെപിസിസി എക്‌സിക്യൂട്ടീവ്‌ വിളിച്ചുചേര്‍ക്കണമെന്ന്‌ ആദര്‍ശധീരന്‍ വി.എം.സുധീരനും ആവശ്യപ്പെട്ടിട്ടുണ്‌ട്‌. എന്തായാലും ലീഗിന്‌ അഞ്ചാം മന്ത്രിയെ അനുവദിച്ചതിലായാലും കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ വകുപ്പകമാറ്റിയതിലായാലും പ്രതിസ്ഥാനത്ത്‌ കുഞ്ഞൂഞ്ഞ്‌ തന്നെയാണ്‌. അതുകൊണ്‌ടുതന്നെ വരുംദിവസങ്ങള്‍ അദ്ദേഹത്തിന്‌ അത്രസുഖകരമാവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക