Image

ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)

Published on 28 January, 2019
ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)
കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഹെഡ്‌ലൈറ്റിന്റെ പ്രകാശത്തിന് അധികദൂരം സഞ്ചരിക്കുവാന്‍ കഴിയുന്നില്ല. വഴിവിളക്കുകള്‍ ഇല്ലെന്നു മാത്രമല്ല ഒരുതരത്തിലുള്ള പ്രകാശവും ചുറ്റുപാടും കാണാനുമില്ല. വാഹനം അടുത്തുവരുമ്പോഴേക്കും പാതയില്‍ നിന്നും ഇരു വശങ്ങളിലേക്കും ഓടി മാറുന്ന വന്യ ജീവികള്‍. ഒറ്റനോട്ടത്തില്‍ പന്നി കുഞ്ഞുങ്ങളെ പോലെ തോന്നിക്കുന്ന ഹവാലിന (Javelinas ), ജാക്ക് റാബിറ്റ്, എന്ന മുഴുത്ത ചെവിയുള്ള മുയല്‍, പാമ്പുകള്‍, ഇടക്കിടെ കുറ്റികാട്ടിനുള്ളില്‍ നിന്നും കാണുന്ന പുള്ളി മാനുകളുടെ തിളങ്ങുന്ന കണ്ണുകള്‍, ഇവയെ ഒക്കെ വകത്ത് മാറ്റികൊണ്ടെന്നപോലെ വാഹനം മുന്നോട്ട് കുതിക്കുന്നു. വെളുപ്പിനെ മൂന്നുമണിക്കാരംഭിച്ച യാത്ര അല്പദൂരം കഴിഞ്ഞു പാതയോരത്ത് മാറ്റിനിര്‍ത്തി. വാഹനത്തിന്റെ ഹെഡ് ലൈറ്റ് അണച്ച ശേഷം ദര്‍ശിച്ച ആകാശത്തിലെ നക്ഷത്ര കാഴ്ചകള്‍ അത്യത്ഭുതകരമായിരുന്നു. മനുഷ്യ നിര്‍മിത വിളക്കുകളില്‍ നിന്നും പുറപ്പെടുന്ന പ്രഭയുടെ കടന്നുകയറ്റം ഇല്ലാതെ വാനിനെ നോക്കിക്കാണാന്‍ സാധിക്കുന്ന സ്ഥലം എന്ന പ്രത്യേകതയാല്‍ വളരെ അധികം ഗഗന നിരീക്ഷകരെ ആകര്‍ഷിക്കുന്ന പ്രദേശം. അമേരിക്കയിലെ പട്ടണങ്ങളിലുള്ള വൈദ്യുത വിളക്കുകളുടെ പ്രകാശം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന പ്രകാശ മലിനീകരണം ആകാശത്തിലെ വളരെ അധികം നക്ഷത്രങ്ങളെ മറക്കുന്നു. എന്നാല്‍ ബിഗ് ബെന്‍ഡ്, പട്ടണങ്ങളില്‍ നിന്നും വളരെ ദൂരെ സ്ഥിതി ചെയ്യുന്നതു കൊണ്ട് പ്രകാശ മലിനീകരണം ഒട്ടും തന്നെ ഇല്ലാത്ത സ്ഥലം ആകുന്നു. തെളിഞ്ഞ ആകാശം ആണെങ്കില്‍, നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഏറ്റവും അധികം നക്ഷത്രങ്ങളെ ഇവിടെ കാണാന്‍ സാധിക്കും.

അമേരിക്കയുടെ തെക്കേ അതിര്‍ത്തിയില്‍ മെക്‌സിക്കോയുമായി ചേര്‍ന്ന്കിടക്കുന്ന 1251 സ്‌കോയര്‍ മൈല്‍ വരുന്ന ദേശീയ പാര്‍ക്കിനെ ആണ് ബിഗ് ബെന്‍ഡ് എന്നറിയപ്പെടുന്നത് . ഈ പ്രദേശം സന്ദര്‍ശിച്ചു തിരികെ പോരുമ്പോള്‍ അന്യ ഗ്രഹം സന്ദര്‍ശിച്ചു മടക്ക യാത്ര ചെയ്യുന്ന പ്രതീതി. ഈ സ്ഥലം ഭൂമിയില്‍ തന്നെ ആണോ എന്ന് തോന്നിപ്പിക്കുന്ന ഭൂപ്രകൃതി. ടെക്‌സസിലെ പ്രധാന പട്ടണങ്ങളില്‍ നിന്നും അകലെ സ്ഥിതിചെയ്യുന്നതു കൊണ്ട് വിനോദ സഞ്ചാരികള്‍ ഏറ്റവും അടുത്തുള്ള മിഡ്ഡ്ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും മൂന്നു മണിക്കൂര്‍ ഡ്രൈവ് ചെയ്തു വേണം ഇവിടെ എത്തുവാന്‍. ടെക്‌സസിലെ ഒരു പ്രധാന പട്ടണമായ ഡാലസില്‍ നിന്നും എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്താണ് ഞങ്ങള്‍ ഇവിടെ എത്തിയത് , ഇന്ത്യയുടെ അഞ്ചിലൊന്ന് വലിപ്പമുള്ള ടെക്‌സസ് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മരുഭൂമി പ്രദേശമായ ബിഗ്ബെന്‍ഡ് ശാസ്ത്ര കുതുകികള്‍ക്ക് അമൂല്യ നിധിയാണ് തുറന്നു വച്ചിരിക്കുന്നത് .

കുറ്റികാടുകള്‍ക്കുള്ളിലേക്കുള്ള നടപ്പാതകള്‍ അനേകമുള്ള ഈ പാര്‍ക്കിലെ ഒരു മലയുടെ വശത്തുകൂടിയുള്ള നടപ്പാതയിലൂടെ 500 അടി മുകളില്‍ എത്തിയപ്പോള്‍ ഒരു കടല്‍ ജീവിയുടെ തോട് (ഷെല്‍) പാറക്കുള്ളില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കാണാന്‍ സാധിച്ചു. കടലില്‍ നിന്നും വളരെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കടല്‍ ജീവിയുടെ അവശിഷ്ടം എങ്ങനെ ഉണ്ടായി? അതും ഒരുമലയുടെ മുകളില്‍?

ക്രട്ടേഷ്യസ്സ് പീരീഡ് എന്നറയിപെടുന്ന 10 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശം സമുദ്രമായിരുന്നു. അന്നിവിടെ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകള്‍ ബിഗ് ബെന്‍ഡില്‍ പലസ്ഥലങ്ങളിലായി നിക്ഷേപിക്ക പെട്ടിട്ടുണ്ട്. മൂന്നര കോടി വര്‍ഷത്തെ ഡൈനസോറുകളുടെ ചരിത്രം ഇവിടുത്തെ മണ്ണില്‍ ആലേഖനം ചെയ്യപെട്ടു കിടക്കുന്നു.ഫോസ്സിലുകളെ കുറിച്ച് പഠിക്കുന്ന പാലിയന്റോളജിസ്റ്റ്കളുടെ പറുദീസ എന്നാണ് ഈ പ്രദേശം അറിയപെടുന്നത്. ഉരഗ വര്‍ഗ്ഗത്തില്‍ പെട്ട ജീവികളുടെ ഉദയം മുതല്‍, സസ്തനങ്ങള്‍ ഭൂമിയില്‍ പ്രത്യക്ഷ പെട്ടതു വരെയുള്ള കാലഘട്ടങ്ങളിലെ ജീവികളുടെ ഫോസ്സിലുകള്‍ ഇവിടെ ലഭ്യമാണ്. പത്തു കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മുപ്പത് അടി നീളമുള്ള മൊസാസാറസ്സ് എന്ന ഉരഗവര്‍ഗ്ഗത്തില്‍ പെട്ട ജീവിയുടെ ഫോസിലാണ് ഇവയില്‍ പ്രധാനപെട്ടത്. തൊണ്ണൂറില്‍ പരം ഡൈനസോര്‍ വര്‍ഗങ്ങളുടെയും, നൂറില്‍ പരം പുരാതന സസ്യ വര്‍ഗങ്ങളുടേയും ഫോസിലുകള്‍ ഇതിനോടകം ഇവിടെനിന്നും വേര്‍തിരിച്ചെടുത്തിട്ടുണ്ട് .

റിയോ ഗ്രാന്‍ഡി നദിയുടെ അരികിലുള്ള ഒരുമലയുടെ ചരുവിലൂടെ ഉയരത്തില്‍ കയറി കുറച്ചുദൂരം നടന്നു കഴിഞ്ഞപ്പോള്‍ താഴേക്കുള്ള ഇറക്കമായി. ഇടക്കിടെ പാറപ്പുറങ്ങളില്‍ വിശ്രമിക്കാനിരിക്കുമ്പോള്‍, സാഹസിക യാത്രക്ക് പ്രേരിപ്പിച്ച മക്കള്‍, മുന്നോട്ട്, വീണ്ടും വീണ്ടും നടക്കുവാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. അവസാനം നദിയുടെ ഓരത്തുള്ള വിശാലമായ ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്നു. ഇരുവശങ്ങളിലും ആയിരം അടിയെങ്കിലും ഉയരത്തില്‍ പാറക്കെട്ടുകള്‍ മതില്‍കെട്ടി നില്‍ക്കുന്ന. ഇവിടെ നദിക്ക് കൂടിയാല്‍ 50 അടി വീതി. ചില സ്ഥലങ്ങളില്‍ ഒരിക്കലും സൂര്യരശ്മികള്‍ പതിക്കുകയും ഇല്ല. ലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറത്ത് ഈ നദി അത്രയും ഉയരത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒഴുകിയിരുന്നതാണ് . അനേക വര്‍ഷങ്ങള്‍ കൊണ്ട് നദിയിലെ ഒഴുക്ക് , പാറക്കെട്ടുകളെ മുറിച്ചുമാറ്റി ജലനിരപ്പ് താഴ്ന്ന് താഴ്ന്ന് പോയതുകൊണ്ടാണ് ഇപ്പോള്‍ ഇരുവശത്തും അനേകം അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ കാണാന്‍ സാധിക്കുന്നത്. ഇവിടെ നിന്ന് ഉറക്കെ ഒന്നലറിയാല്‍ പലവട്ടം ശബ്ദം പ്രതിദ്ധ്യനിക്കുമായിരിക്കും. അതിനുള്ള ത്വര മനസ്സില്‍ ഉയര്‍ന്നു വന്നപ്പോള്‍ തന്നെ നുള്ളിക്കളഞ്ഞു. അമേരിക്കകാരെ മാത്രം കാണുന്ന ഈ സ്ഥലത്ത് അധികം ശബ്ദിക്കുന്നത് അത്ര പന്തിയല്ല. മണല്‍ തിട്ട ഇവിടം കൊണ്ടവസാനിക്കുന്നതു കൊണ്ട് ഇനിയും മുന്നോട്ട് പോകണമെങ്കില്‍ നദിയില്‍ ഇറങ്ങിയാലേ സാധിക്കൂ. കുടുംബ സമേധം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തിയ ഒരു സായിപ്പ് നദിക്കരയില്‍ കണ്ട ചതുരാകൃതിയിലുള്ള പടുകൂറ്റന്‍ പാറയെ ചൂണ്ടിക്കാണിച്ച്, ഈ പാറക്കഷ്ണം പുഴക്കക്കരെ ഉള്ള മലമുകളില്‍ നിന്നും അടര്‍ന്നു വീണതാകാം എന്നഭിപ്രായപെട്ടു. താഴെ കിടക്കുന്ന പാറയുടെ അതേ ആകൃതിയില്‍ മലമുകളില്‍ കരിങ്കല്ലില്‍ വലിയ വിടവ് കാണാന്‍ സാധിച്ചു. പണ്ടെങ്ങോ സംഭവിച്ച ഒരു ഭൂമികുലുക്കത്തിന്റെ തെളിവ് ഇതാ കണ്‍മുമ്പില്‍ കിടക്കുന്നു. ഒരാവേശത്തില്‍ പാറയുടെ മുകളില്‍ വലിഞ്ഞു കയറി അതിനുമുകളില്‍ മലര്‍ന്നുകിടന്ന് ഇരുവശത്തുമുള്ള മലകള്‍ ഒരുക്കിയ ചെറിയ വിടവിലൂടെ ആകാശത്തെ നോക്കിക്കണ്ടു. പരന്ന സ്ഥലങ്ങളില്‍ നിന്നും കാണുമ്പോള്‍ ആര്‍ച്ചിന്റെ രൂപത്തില്‍ കാണുന്ന ആകാശത്തിന്, അവിടെ നിന്നും നോക്കിയപ്പോള്‍ ചതുരാകൃതിയില്‍ ഒരു നീണ്ട ദണ്ഡുപോലുള്ള രൂപം. പലവുരു കേട്ടിട്ടുണ്ടെങ്കിലും ' നമ്മളുടെ വീക്ഷണ ഗതിക്കനുസരിച്ചാവും നമ്മള്‍ കാണുന്ന ലോകം എന്ന തിരിച്ചറിവ് ' ആ സമയത്ത് ശരിക്കും അനുഭവപെട്ടു. അനേക കൊടിവര്‍ഷങ്ങളുടെ കഥ ഉറങ്ങുന്ന പ്രദേശത്തെ കാഴ്ചകള്‍ അനേക ലക്ഷം വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള പാറപ്പുറത്ത് കിടന്നാസ്വദിച്ചു കഴിഞ്ഞപ്പോള്‍ വര്‍ത്തമാനകാലത്തെ വലിയ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു. കൂറ്റന്‍ പാറയുടെ മുകളില്‍ നിന്നും എങ്ങനെ താഴെ ഇറങ്ങും. കൈവിരലുകള്‍ കയറാന്‍ മാത്രം ചെറിയ വിടവുകളുള്ള പാറയില്‍ അല്പസമയമൊക്കെ അള്ളിപ്പിടിച്ച് കമഴ്ന്നു കിടന്ന് പതുക്കെ നിരങ്ങി നിരങ്ങി താഴേക്കുവന്നു. ഒരുവിധത്തില്‍ താഴെ എത്തിയപ്പോള്‍, കൈകാല്‍ മുട്ടുകളില്‍ നല്ല നീറ്റല്‍ അനുഭവപെട്ടു.

ബിഗ് ബെന്‍ഡിലെ ഏറ്റവും ഉയരം കൂടിയ എമറി പീക്ക് 7832 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. മലയുടെ മുകളില്‍ കയറി തിരികെ വരാന്‍ ആറു മണിക്കൂര്‍ സമയം ങ്കിലും വേണ്ടിവരും. പാതയുടെ ഇരുവശങ്ങളിലും ചെറിയമരങ്ങളും കുറ്റിച്ചെടികളൂം കാട്ടുപൂക്കളും കണ്ണിനു വിരുന്നേകാന്‍ കാത്തിരിക്കുന്നു. കരടിയും, മൗണ്ടന്‍ ലയനും പൊടുന്നനെ മുന്നിലെത്താന്‍ സാധ്യതയുള്ളതായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാണാന്‍ സാധിച്ചു. ഇവയെ കണ്ടാല്‍ ഒന്നിലധികം ആളുകള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് ചേര്‍ന്നുനിന്ന് കൈകാലുകള്‍ വശങ്ങളിലേക്ക് വീശി ഭയങ്കര ശബ്ദം ഉണ്ടാക്കി പേടിപ്പിക്കുവാനാണ് നിര്‍ദേശിക്കുന്നത്. ഒരിക്കലൂം പിന്തിരിഞ്ഞ് ഓടരുത് .

മലകയറുന്ന പലരും വലിയ ബാക്ക് പാക്ക് പുറത്ത് കെട്ടിവച്ചിരിക്കുന്നു. രാത്രിയില്‍ ടെന്റ് അടിച്ച് അതിനുള്ളില്‍ താമസിക്കാനുള്ള സാമഗ്രികള്‍ ആണ് ബാക്ക്പാക്കിനുള്ളില്‍. ഇരുകൈകളിലുമുള്ള നീളന്‍ ദണ്ഡുകള്‍ നിലത്ത്, കുത്തി, കുത്തി ആണ് മലകയറുന്നത്ത് . നടപ്പാതയുടെ വശത്ത് കരിഞ്ഞ ഒരു മരം നില്‍ക്കുന്നതു കണ്ട് , മകന്‍ ചോദിച്ചു, 'ഈ മരം എങ്ങനെയാവും കരിഞ്ഞത് '? കാട്ടുതീയാവാം കാരണം എന്നുത്തരം നല്‍കിയപ്പോള്‍ , മിന്നല്‍ കൊണ്ടാവാനാണ് കൂടുതല്‍ സാദ്ധ്യത എന്നറിയിച്ചു. ശരിയാണ് ഞങ്ങള്‍ കയറുന്ന മലയുടെ എതിര്‍വശത്ത് കണ്ട മലയുടെ മുകളറ്റം കാര്‍മേഘങ്ങളാല്‍ മൂടപെട്ടുകിടക്കുന്ന. കറുത്ത നിറത്തിലുള്ള പടുകൂറ്റന്‍ പഞ്ഞിക്കെട്ടു കൊണ്ടുണ്ടാക്കിയ ഒരു കിരീടം ആരോ മലയുടെ ശിരസ്സില്‍ ചാര്‍ത്തിയതുപോലെ! കാര്‍മേഘ കിരീടത്തിനുള്ളില്‍ നിന്നും ഇടക്കിടെ മിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെള്ളിവെളിച്ചം പുറത്തേക്കുവരുന്നു.

എമറി പീക്കിലേക്ക് പോകുന്ന നടപാതക്കരികില്‍ കുറച്ചുപേര്‍ കൂടിനിന്നു ഫോട്ടോ എടുക്കുന്നതു കണ്ടു. അതൊലൊരാള്‍ പറഞ്ഞു 'ടരാഞ്ജുല ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ് '. എട്ടുകാലുകളില്‍ വലിപ്പം കൂടിയ ടരാഞ്ജുല അനങ്ങാതെ പാറക്കഷണങ്ങള്‍ക്കിടയില്‍ ഇരിക്കുന്നതു കാണാന്‍ സാധിച്ചു. സൂക്ഷിച്ച് നോക്കിയപ്പോള്‍ അതിനടിയില്‍ മറ്റൊരു ജീവിയെ പിടിച്ചു വച്ചിരിക്കുന്നു. പൊന്തക്കാടുകളില്‍ ഇലകള്‍ ഇളകുന്നു. ഹിംസ്ര ജന്തുക്കള്‍ ആരെങ്കിലും ആണോ? ഉള്ളൊന്നു കാളി. നടപ്പാതയിലൂടെ മലകയറ്റക്കാര്‍ പുറകെ വരുന്നതു കണ്ടൊപ്പോള്‍ സമാധാനിച്ചു. ഞങ്ങള്‍ മാത്രമല്ലല്ലോ, ആപത്തുണ്ടായാല്‍ സഹായിക്കാന്‍ മറ്റുള്ളവരും ഉണ്ടാവുമല്ലോ. കാടിളകിയ ഭാഗത്തേക്ക് വീണ്ടും നോക്കിയപ്പോള്‍ ആശ്വാസമായി. മാനുകള്‍ കൂട്ടമായി സഞ്ചരിക്കുന്നു. മനുഷ്യരെ പരിചയമുള്ളതുകൊണ്ടാവാം നടപ്പാതയില്‍ നിന്നും അധികം ദൂരത്തല്ലാതെയാണ് അവര്‍ നീങ്ങുന്നത്. മലയുടെ മുകളില്‍ എത്തിയപ്പോള്‍ ആലോചിച്ചു ഇനിയും എത്ര ദൂരം കൂടി മുകളിലേക്ക് പോയാല്‍ ശൂന്യാകാശത്ത് എത്താന്‍ സാധിക്കും?

ഭൂമിയില്‍ നിന്നും 62 മൈല്‍ ഉയരത്തില്‍ ബാഹ്യ അന്തരീക്ഷത്തിന്റേയും ശൂന്യാകാശത്തിന്റെയും അതിര്‍ത്തിയായ കാര്‍മന്‍ ലൈനിന് അപ്പുറത്തേക്കുള്ള വിനോദസഞ്ചാരത്തിന് രണ്ടര ലക്ഷം ഡോളറാണ് ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ അനേക കൊടിവര്‍ഷങ്ങള്‍ക്ക് പിന്നിലേക്കുള്ള ബിഗ്ബെന്‍ഡ് പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഒരു വാഹനത്തിന് 30 ഡോളര്‍ മാത്രം. 1984 ല്‍ ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മ റഷ്യയില്‍ നിന്നും സോയുസ് T-11 എന്ന വാഹനത്തിലാണ് സഞ്ചരിച്ചത് . അദേഹത്തിന്റെ യാത്രയെക്കുറിച്ച് ആ സമയത്തെ പത്രമാധ്യമങ്ങള്‍ അനേകം ലേഖനങ്ങളും, വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയില്‍ എത്തിയതിനുശേഷം ആദ്യമായി എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബഹിരാകാശ യാത്രിക കല്പന ചൗളയാണ്.

2003 ഫെബ്രുവരി 1 ന് എനിക്ക് ജോലിയായിരുന്നു. പൈലറ്റു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ആരോഗ്യരംഗത്തെ തൊഴില്‍ സ്വീകരിച്ച ഈജിപ്തില്‍ നിന്നുമുള്ള സഹ പ്രവര്‍ത്തകന്‍ കൊളംബിയ തകര്‍ന്നു, കൊളംബിയ തകര്‍ന്നു, എന്ന് വിലപിച്ച് അടുത്തുള്ള ടിവിയിലെ ന്യൂസ് ചാനല്‍ കാണാനായി ഓടി പോവുകയുണ്ടായി. പിന്നീടാണറിഞ്ഞത് കല്പന ചൗള എന്ന ഇന്‍ഡ്യന്‍ വംശജ അടക്കം ഏഴ് ബഹിരാകാശ സഞ്ചാരികളുടെ ജീവന്‍ അന്ന് നഷ്ടമായി എന്ന്. ടെക്‌സസിലെ ഡാലസ്സ് പട്ടണടുത്തുള്ള ആര്‍ലിംഗ്ടണ്‍ എന്ന സിറ്റിയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബഹിരാകാശ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നാസയില്‍ ജോലി ചെയ്യുകയായിരുന്നു കല്പന. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി തിരികെ ഭൂമിയിലേക്ക് വരുവാനായി കൊളംബിയ എന്ന വാഹനം, അമേരിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള കാലിഫോര്‍ണിയയുടെ മുകളിലെ അന്തരീക്ഷത്തിലേക്കാണ് പ്രവേശിച്ചത് . അന്തരീക്ഷ വായുവുമായി അതിവേഗത്തില്‍ കൂട്ടിമുട്ടുമ്പോള്‍, ഘര്‍ഷണം മൂലം ഉളവായ അഗ്‌നി, അതീവ താപത്തെ പ്രതിരോധിക്കുന്ന പുറം കവചത്തിലെ ഇളകിപോയിരുന്ന ഓടിന്‍ടെ സ്ഥാനത്തുക്കൂടെ വാഹനത്തിനുള്ളിലേക്ക് കടക്കുകയാണുണ്ടായത് . ഒരുമണിക്കൂറില്‍ 17500 മൈല്‍ വേഗത്തിലാണ് കൊളംബിയ ആ സമയത്ത് സഞ്ചരിച്ചരുന്നത് . ഭാരതത്തില്‍ ജനിച്ച് ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യത്തെ വനിതയുടെ ഭൗതിക ശരീരം ഭസ്മമായി ടെക്‌സസ് സംസ്ഥാനത്തുടനീളം വിതറിപ്പോവുകയാണുണ്ടായത് . ആര്‍ലിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുകെട്ടിടത്തിന് കല്പന ചൗള യുടെ പേര്‍ നല്‍കിയും, കോണ്‍ഗ്രസിന്റെ സ്‌പെഷ്യല്‍ ഹോണര്‍ അവാര്‍ഡ് നല്‍കിയും, പഞ്ചാബില്‍ നിന്നുമുള്ള ഈ ധീര വനിതയെ അമേരിക്കക്കാര്‍ ആദരിക്കുകയുണ്ടായി..

പുലര്‍ച്ചെ നാലുമണിയാകുന്നു സമയം. മകള്‍ വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ മുന്നില്‍ കൂട്ടിനായി ഞാനുമുണ്ട് . സഹധര്‍മനിയും മകനും പുറകിലെ സീറ്റില്‍ വാശിക്കുറങ്ങുന്നു. മകന്റെ ഇരുകാലുകളും മുന്നിലെ സീറ്റിനുമുകളിലേക്ക് ഉയര്‍ത്തിവച്ചിരിക്കുന്നു. നാട്ടില്‍ നിന്നും അമേരിക്കയില്‍ എത്തിയ ആദ്യ കാലങ്ങളില്‍, ഇരുകാലുകളൂം ഡാഷ്‌ബോര്‍ഡില്‍ ഉയര്‍ത്തിവച്ചുകൊണ്ട് യാത്രചെയ്യന്നവരെ കാണുമ്പോള്‍ ഒരസഹനീയത അനുഭവപ്പെട്ടിരുന്നു. പിന്നീട് , കാല്‍ ശരീരത്തിന്റെ ഭാഗം തന്നെയല്ലേ. കാലുകളെ അപ്രധാന അവയവമായി എന്തിന് കാണുന്നു എന്ന് കുട്ടികള്‍ തന്നെയാണ് ചോദിച്ചത് . എന്നാലും കുറച്ചുനാള്‍ കൂടിക്കഴിഞ്ഞാണ് ഇതംഗീകരിക്കാന്‍ കഴിഞ്ഞത്.

മലകളും കുന്നുകളും ഇറങ്ങി വാഹനം സമതലത്തിലേക്കടുത്തപ്പോള്‍, എല്ലാ വാഹനങ്ങളും ചെക്ക്‌പോസ്റ്റിലേക്ക് കടക്കുക എന്ന അറിയിപ്പ് കണ്ടു. ഞങ്ങള്‍ ചെക്ക്പോസ്റ്റില്‍ കയറിയപ്പോള്‍ പലഭാഗത്തു നിന്നും അനേകം പ്രാവശ്യം കാമറയുടെ ഫ്‌ലാഷ് ലൈറ്റ് മിന്നുക ഉണ്ടായി . വണ്ടിനിറുത്തിയപ്പോള്‍ ഒരു പോലീസ്‌കാരന്‍ അടുത്തുവന്ന് എല്ലാ ജനല്‍ ചില്ലുകളും താഴ്ത്തുവാന്‍ ആവശ്യപ്പെട്ടു. മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ നിന്നും അനധികൃത കുടിയേറ്റക്കാര്‍ വരാന്‍ സാധ്യത ഉള്ളതുകൊണ്ട് വാഹന പരിശോധന അധികൃതര്‍ കര്‍ക്കശമാക്കിയിരിക്കുന്നു. എല്ലാവരും അമേരിക്കന്‍ സിറ്റിസണ്‍ ആണോ എന്നവര്‍ ചോദിച്ചു. ഡ്രൈവേഴ്‌സ് ലൈസന്‍സ് വാങ്ങി പരിശോധിക്കുകയും ചെയ്തു. പോലീസിനെ കണ്ടിട്ടോ, പരിശോധന നടക്കുമ്പോഴോ കുട്ടികള്‍ക്ക് ഒരു പരിഭ്രമവും കാണുന്നില്ല. അമേരിക്കയില്‍ ജനിച്ച് വളര്‍ന്നത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു സ്വഭാവം. അനധികൃതകുടിയേറ്റം തടയാനായി പ്രസിഡന്റ് ട്രംപ് അതിര്‍ത്തിയില്‍ നിര്‍മ്മിക്കാന്‍ ഒരുമ്പെടുന്ന കൂറ്റന്‍ മതിലുകൊണ്ട് എന്താണ് സാധ്യമാകുന്നതെന്ന് ആലോചിച്ചു. മെക്‌സിക്കോയുടെ പല ഭാഗങ്ങളില്‍ നിന്നും കള്ളക്കടത്തുകാര്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കങ്ങളിലൂടെ മയക്കുമരുന്നുകളും, നീയമപരമല്ലാത്ത കുടിയേറ്റവും നിര്‍ബാധം തുടരുമ്പോള്‍, ഭൂമിക്ക് മുകളിലെ മതില്‍ ഒരു നോക്കുകുത്തി മാത്രമാവില്ലേ?

വീണ്ടും യാത്രതുടര്‍ന്നപ്പോള്‍ റേഡിയോ സംഗീതം കേള്‍ക്കാനായി ട്യൂണ്‍ ചെയ്തുനോക്കി,. വിജനമായ പ്രദേശത്ത് റേഡിയോ സിഗ്‌നല്‍ ലഭിക്കുന്നില്ല. കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഒരു സുഹൃത്ത് നല്‍കിയ പഴയ മലയാള ഗാനങ്ങളടങ്ങിയ മെമ്മറി സ്റ്റിക്ക് പ്ലേയ് ചെയ്യാനാരംഭിച്ചു.

കുമാരനാശാന്റെ

'ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും

സന്തതം കരതാരിയെന്നൊരു ചിത്രചാതുരി കാട്ടിയും

ഹന്ത ചാരു കടാക്ഷ മാലകള്‍ അര്‍കരെശ്മികള്‍ നീട്ടിയും

ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍'

എന്ന പ്രാര്‍ത്ഥന ഗീതം ചിറകടിച്ചരികിലെത്തി.

ഓരോ വ്യക്തികളുടെയും ദൈവ സങ്കല്പം വ്യത്യസ്തമാണ് . ദൈവസങ്കല്പത്തിനെ ഒരു വിഭാഗക്കാര്‍ ഒരു നാമമാണ് കൊടുത്തിരിക്കുന്നതെങ്കിലും, ആ വിഭാഗത്തിലെ തന്നെ, ഒരാളുടെ ദൈവമല്ല മറ്റൊരാളുടെ ചിന്തയിലുള്ള ദൈവം. അങ്ങനെ വിശകലനം ചെയ്യുമ്പോള്‍, ലോകത്തില്‍ എത്രത്തോളം ദൈവവിശ്വാസികള്‍ ഉണ്ടോ, അത്രത്തോളം ദൈവങ്ങളും ഉണ്ട് .,ഗാനത്തിന്റെ അര്‍ത്ഥം വിശദീകരിക്കുവാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍, കുമാരനാശാന്റെ അര്‍ത്ഥവത്തും, പ്രായോഗികവുമായ ദൈവവീക്ഷണം മകളെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചു.

ഇതൊക്കെയാണെങ്കിലും മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ചന്ദ്രനും നക്ഷത്രങ്ങളും കടന്ന് ശൂന്യാകാശത്തേക്ക് സഞ്ചരിക്കുവാന്‍ തുടങ്ങി. ഭാവിയില്‍, അന്യ ഗ്രഹ സന്ദര്‍ശനം കഴിഞ്ഞ് ജീവികള്‍ ഭൂമിയില്‍ എത്തുമ്പോള്‍ ഇന്റര്‍ഗാലക്ടിക്കല്‍ ഇമ്മിഗ്രേഷന്‍ ചെക്ക് സ്റ്റേഷന്‍സ് സിനിമകളില്‍ കണ്ടിട്ടുണ്ട് . ഞങ്ങള്‍ ഇപ്പോള്‍ കടന്നു പോന്ന ചെക്‌പോസ്റ്റിനെക്കാള്‍ ശാസ്ത്രീയ ഉപകരണങ്ങള്‍ ഉള്ള ചെക്ക്‌പോസ്റ്റുകള്‍. അവിടെ വിരലടയാളങ്ങള്‍ പഴങ്കഥകളായി മാ റുന്നു. കണ്ണിനുള്ളിലെ റെറ്റിന കൊണ്ടും, മുഖത്തിന്റെ ആകൃതി കൊണ്ടും വ്യക്തികളെ തിരിച്ചറിയുന്ന കേന്ദ്രങ്ങള്‍.

മനുഷ്യര്‍ ആദ്യം ഭാവനയില്‍ കാണും, എന്നിട്ടത് സിനിമയാക്കും. പിന്നീടത് യാഥാര്‍ത്ഥമാക്കുവാന്‍ വേണ്ടി പ്രയത്നിക്കും. nഅങ്ങനെ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകും. അതെ നമ്മള്‍ ഭാവനയില്‍ കാണാത്തതൊന്നും നമ്മള്‍ക്ക് നിര്‍മ്മിച്ചെടുക്കുവാന്‍ സാധിക്കുകയില്ല.

അതുകൊണ്ട് സ്വപ്നങ്ങള്‍ കാണുക. ഉറക്കത്തിലുള്ള സ്വപ്നമല്ല, ,ഉണര്‍ന്നിരിക്കുമ്പോള്‍, മനുഷ്യ രാശിയെ ക്ഷീരപഥത്തിനു മപ്പുറത്തെത്തിക്കാനുതകുന്ന വിവിധ വര്‍ണങ്ങളുള്ള സ്വപ്നങ്ങള്‍. മലയാളികള്‍ തീര്‍ച്ചയായും കാണണം. കാരണം അവിടെ ഒരു ഗ്രഹത്തില്‍, എത്തനോള്‍ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ നിരന്തരമായി ഉല്‍പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അതെ വയലാര്‍ പറഞ്ഞതു പോലെ

' സ്വപ്നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ അല്ലോ, നിങ്ങളീഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം

സ്വര്‍ഗത്തില്‍ നിന്നു വിരുന്നു വരാറുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ '.



പരിസരം ഒരുക്കിയ അന്യഗ്രഹ പ്രതീതിയും, ബ്രഹ്മ മുഹൂര്‍ത്തവും, മലയാളം പാട്ടും പെട്ടെന്ന് ശൂന്യാകാശത്ത് 321 ദിവസം ചിലവഴിച്ച ഇന്ത്യന്‍ വംശജ സുനിത വില്യംസിനെ ഓര്‍മയാകുന്ന സ്‌ക്രീനില്‍ പ്രതിഫലിപ്പിച്ചു.. ഗുജറാത്തില്‍ നിന്നുമുള്ള ദീപക് പാണ്ട്യയുടെയും സ്ലോവേനിയയില്‍ നിന്നുമുള്ള ഉര്‍സുലിന്‍ ബോണിയുടെയും പുത്രിയായ സുനിത വില്യംസാണ് ശൂന്യാകാശത്ത ആദ്യമായി ഇന്ത്യന്‍ മ്യൂസിക് ശ്രവിച്ച വ്യക്തി. ഭാരതം, പദ്മഭൂഷണ്‍ നല്‍കി ആദരിച്ച സുനിത, ശൂന്യാകാശ പേടകത്തിനുള്ളില്‍ നാല് മണിക്കൂര്‍ ഇരുപത്തിനാല് മിനിറ്റ് തുടര്‍ച്ചയായി മാരത്തോണ്‍ ഓടി ആദ്യത്തെ ശൂന്യാകാശ മാരത്തോണ്‍ ഓടിയ വ്യക്തി എന്ന ബഹുമതിയും കരസ്ഥമാക്കി.



നേരം പരപരാ വെളുത്തു വരുന്നു. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന ഭൂപ്രദേശം കൃഷി ചെയ്യാനായി കിളച്ചിട്ടിരിക്കിന്നു. ടെക്‌സസില്‍ എന്തുമാത്രം സ്ഥലങ്ങളാണ് വിജനമായി കിടക്കുന്നത്. വിജനതക്ക് മൂകസാക്ഷിയായി, ഒരേതാളത്തില്‍ താഴേക്കും മുകളിലേക്കും ചലിച്ചുകൊണ്ടിരിക്കുന്ന എണ്ണക്കിണറുകള്‍, ഒരുപരിഭവവും കൂടാതെ നിരന്തരം അവരുടെ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു. പ്രകൃതി വാതകം ശേഖരിക്കുന്ന മറ്റൊരു പ്രദേശത്തെത്തിയപ്പോള്‍, ശേഖരണ പ്രക്രിയയില്‍ അമിതം വരുന്ന വാതകം, പതിനഞ്ചടി ഉയരമുള്ള ഒരുകുഴലിന്‍ മുകളില്‍ എത്തിച്ച് കത്തിച്ചുകളയുന്നു. തുടര്‍ച്ചയായി കത്തിക്കൊണ്ടിരിക്കുന്ന ഈ തീപ്പന്തം, ഭൂമിക്കടിയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഊര്‍ജ്ജ സ്രോതസിന്നെ വിളിച്ചറിയിക്കുന്നു. ടെക്‌സസില്‍ സ്ഥലങ്ങള്‍ വില്‍ക്കുമ്പോള്‍, 'മിനറല്‍ റൈറ്റ് ' ചിലര്‍ വില്കാത്തതിന്റെ കാരണം ഇപ്പോളാണ് മനസ്സിലായത് . വിറ്റു കഴിഞ്ഞ സ്ഥലത്തിനടിയില്‍ എണ്ണ ശേഖരമോ, വാതക ശേഖരണമോ ഉണ്ടെങ്കില്‍ അതിന്റെ അവകാശം സ്ഥലം വാങ്ങുന്നവര്‍ക്ക് കൊടുക്കാതിരിക്കാം..

പാതവക്കത്ത് പോലീസ് വാഹനം മിന്നിമിന്നി തിളങ്ങുന്ന വിളക്കുകള്‍ തെളിച്ചുകൊണ്ട് പാതയുടെ വലതുവശത്തുള്ള ഒരുവരി അടച്ചു വച്ചിരിക്കുന്നു. മുള്ളുവേലികെട്ടി അതിര് തിരിച്ചിരിക്കുന്ന ഒരു പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും വേലി ചാടി ഒരു കാള കൂറ്റന്‍ റോഡിലൂടെ തലങ്ങും വിലങ്ങും പായുന്നു, അതിനെ പിടിക്കാനായി പോലീസും ഫാമിലെ ജീവനക്കാരും പിറകെ ഓടുന്നു. അതിവേഗത്തില്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു വരുന്നത്‌കൊണ്ട് വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള സന്ദര്‍ഭം ഒഴിവാക്കാനാണ് പോലിസിന്റെ ശ്രമം. റോഡില്‍ എത്തപെട്ട വൃഷഭത്തിനാകട്ടെ റോഡിലെ നിയമങ്ങള്‍ ഒന്നും തന്നെ അറിയുകയുമില്ല. ഫാമിലെ വളര്‍ത്തുമൃഗങ്ങള്‍ തെരുവിലിറങ്ങിയാല്‍ ഇവിടെ വലിയ സംഭവമാണ്.

ചെന്നയിലെ ഇരുവശത്തേക്കും പോകുന്ന തിരക്കുള്ള ഹൈവേയുടെ, നടുക്കുള്ള ഇടുങ്ങിയ സ്ഥലത്ത് കാലുകള്‍ ശരീരത്തിനടിയിലേക്ക് മടക്കിവച്ച് കിടക്കുന്ന ഒരു പട്ടണവാസി കാളയെ ഒരിക്കല്‍ കാണുകയുണ്ടായി.. ബസുകളും ലോറിയുമൊക്കെ കാളയുടെ ശരീരത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ചീറിപ്പായുന്ന. കാളയുടെ കാലുകള്‍ ഒന്നുനീട്ടിയാല്‍, ഉറപ്പായും വണ്ടികളുടെ വീലുകള്‍ കാലുകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങും. പക്ഷെ പട്ടണജീവിതം നന്നായി പരിചയിച്ച മൃഗം, റോഡിലെ നിയമങ്ങള്‍ പാലിച്ച്, വളരെ ശ്രദ്ധിച്ചു് , നടുറോഡില്‍ വിശ്രമിക്കുന്നു.

അനേകം മണിക്കൂറുകള്‍ യാത്ര ചെയ്തിട്ടും വിജനമായ സ്ഥലങ്ങളില്‍ നിന്നും മാറാന്‍ കഴിയുന്നില്ല. ദീര്‍ഘ ദൂര ഡ്രൈവര്‍മാര്‍ പറയുന്നത്, ടെക്‌സസ് ഒരു വലിയ മതില്‍പോലെയാണ് .വണ്ടിയോടിച്ച് ഈ സംസ്ഥാനത്തെത്തി കഴിഞ്ഞാല്‍,അടുത്ത സംസ്ഥാനത്തെത്താന്‍ അനേക ദൂരം സഞ്ചരിക്കേണ്ടതായി വരുന്നു. ബിഗ് ബെന്‍ഡിലെ മാസ്മരിക പ്രകൃതി സമ്മാനിച്ച അനുഭൂതി, വീണ്ടും വീണ്ടും അവിടെ സന്ദര്‍ശിക്കണം എന്ന ആഗ്രഹത്തെ ജനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)ഭൂമിയിലെ അന്യഗ്രഹം, ടെക്‌സസിലെ ബിഗ് ബെന്‍ഡ് (സന്തോഷ് പിള്ള)
Join WhatsApp News
Francis Thadathil 2019-01-28 23:19:47
Excellent article. Beautiful narration. 
The staccato lead is superb! That leads the readers deep into the body of the article. Every minute details are very fantastically epiced in the body of the story. I felt like I was touring through the beautiful wonderla of Texas big bends! Keep up the spirit of writing. Let more wonders like this come from your blessed pen! 
God bless you 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക