Image

ഇസ്വായി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2019
ഇസ്വായി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു
ഷിക്കാഗോ: ഇല്ലിനോയ്‌സ് സ്റ്റേറ്റിലുള്ള ഇന്ത്യന്‍ വംശജര്‍ക്കായി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനസിക ആരോഗ്യം, ആല്‍ക്കഹോള്‍- ഡ്രഗ് അഡിക്ഷന്‍, റീഹാബിലിറ്റേഷന്‍ തുടങ്ങി സമാനമായ വിവിധ സാമൂഹിക മേഖലകളില്‍ സഹായം ആവശ്യമുള്ള ആളുകളെ വിവിധ ഫെഡറല്‍ - സ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെടുത്തുകവഴി ആവശ്യമായ സഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് (ഇസ്വായി) ആണ് ഈ സംരംഭത്തിനു പിന്നില്‍. അതാത് മേഖലകളില്‍ വിദഗ്ധരായ അംഗങ്ങളുടെ സേവനം വിനിയോഗിച്ചുകൊണ്ട് തികച്ചും സൗജന്യമായാണ് ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളില്‍ സേവനം ലഭ്യമാണ്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി വിവിധ പൊതുജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ സജീവമായി നിലകൊള്ളുന്ന സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മാതൃകാപരമാണെന്നു ഹെല്‍പ് ലൈന്‍ (224 356 1010), ഇസ്വായി വെബ്‌സൈറ്റ് (www.iswai.net) എന്നിവയുടെ ഒഫീഷ്യല്‍ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് ഇന്ത്യന്‍ വംശജനായ ഇല്ലിനോയ്‌സ് സ്റ്റേറ്റ് സെനറ്റര്‍ റാം വില്ലിവലം പറഞ്ഞു.

ഹെല്‍പ് ലൈന്‍ വഴി ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളില്‍ പലതും പൊതുജനങ്ങള്‍ക്ക് നേരില്‍ ലഭ്യമാക്കാവുന്ന ആണെങ്കിലും അവയെക്കുറിച്ചുള്ള അറിവില്ലായ്മയും, പ്രശ്‌നങ്ങളെ അംഗീകരിക്കാനുള്ള വിമുഖതയും മൂലം കൂടുതല്‍ ഗുരുതരമായ പ്രതിസന്ധികളില്‍ നിരവധി കുടുംബങ്ങള്‍, പ്രത്യേകിച്ചും നാട്ടില്‍ നിന്നും പുതുതായി എത്തുന്നവര്‍ ചെന്നുപെടുന്നു എന്ന അറിവാണ് ഇത്തരം ഒരു സൗകര്യം ഒരുക്കാന്‍ പ്രചോദനമെന്നു ഇസ്വായി പ്രസിഡന്റ് ടോമി കണ്ണാല പറഞ്ഞു.

ചടങ്ങില്‍ ഇസ്വായി എക്‌സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് കുര്യന്‍, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ചാക്കോ, തോമസ് ഡിക്രൂസ്, പ്രമുഖ മലയാളി പൊതുപ്രവര്‍ത്തകന്‍ സിറിയക് കൂവക്കാട്ടില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈനുമായി (224 356 1010) ബന്ധപ്പെടുകയോ വെബ്‌സൈറ്റ് www.iswai.net സന്ദര്‍ശിക്കുകയോ ചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക