Image

ഭരണസ്തംഭനത്തിന്റെ ലാഭനഷ്ടങ്ങള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 29 January, 2019
ഭരണസ്തംഭനത്തിന്റെ ലാഭനഷ്ടങ്ങള്‍ (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: 35 ദിവസം നീണ്ടു നിന്ന ഭരണസ്തംഭത്തിന്റെ അവസാനത്തിന് ശേഷം രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിന്റെ തിരക്കിലാണ്. നഷ്ടം ഏറെ ഉണ്ടായത് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ജനപിന്തുണയ്ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമാണ് എന്ന വിലയിരുത്തലിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം 2018 ലെ ഇടക്കാല തിരഞ്ഞെടുപ്പിലെ നഷ്ടവും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന വലിയ വെല്ലുവിളികളും ആശങ്ക വര്‍ധിപ്പിക്കുന്നു. രഹസ്യമായി ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതായാണ് റിപ്പോര്‍ട്ട്. യാഥാസ്ഥിതികരും മിതവാദികളും ഒന്നായി ട്രമ്പിന്റെ സ്തംഭനം അവസാനിപ്പിക്കുവാനുള്ള തീരുമാനം വിമര്‍ശിക്കുന്നു. ഈ പ്രതിസന്ധി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായ വിധത്തില്‍ അവസാനിക്കുകയില്ല എന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു എന്ന് ചില റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസംഗങ്ങള്‍ പറയുന്നു.

ട്രമ്പിന്റെ ജനസമ്മിതി കുറയുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ ഭിന്നിപ്പ് തലപൊക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡാമേജ് കണ്‍ട്രോളിനാണ് ഏറെ പ്രാധാന്യം ചിലര്‍ നല്‍കുന്നത്. നഷ്ടം നികത്തിയെടുക്കണം എന്ന ചിന്ത ഇവരെ ഭരിക്കുന്നു. അടുത്തമാസം ഇതേ പ്രതിസന്ധി നേരിടാന്‍ തയ്യാറാകണം എന്ന ആശങ്കയും ഉണ്ട്. ട്രമ്പിന്റെ ജനപ്രിയത ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന ഘട്ടത്തില്‍ വീണ്ടുമൊരു നിര്‍ണ്ണായക ഘട്ടം അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍ എങ്ങനെ തരണം ചെയ്യും എന്ന് കൂട്ടായി ചിന്തിക്കുവാന്‍ പോലും ജ്ിഓപി നേതാക്കള്‍ക്ക് കഴിയുന്നില്ല.

ഇടക്കാല തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിന് കഷ്ടിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഭരണസ്തംഭനം സംഭവിച്ചത്. സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണം ട്രമ്പിന് ഏറ്റവും വിശ്വസ്തരെന്ന് കരുതിയിരുന്നവരിലേയ്ക്ക് അതിവേഗം നീങ്ങുന്ന പശ്ചാത്തലത്തിലുമാണ് ഇതുണ്ടായത്. സ്തംഭനം ആരംഭിച്ചപ്പോള്‍ ട്രമ്പിന്റെ നിലപാട് വിജയിക്കില്ല എന്ന വിശ്വാസം പല റിപ്പബ്ലിക്കനുകളിലും ഉണ്ടായിരുന്നു. ജനുവരി മൂന്നിന് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തില്‍ ജനപ്രതിനിധി ആയപ്പോള്‍ ഈ വിശ്വാസം കൂടുതല്‍ ബലപ്പെട്ടു.

ട്രമ്പ് ഭരണത്തിന്റെ പിന്നിട്ട രണ്ട് വര്‍ഷങ്ങളില്‍ മതില്‍ നിര്‍മ്മാണത്തിന് എന്തെങ്കിലും ചെയ്യുവാന്‍ റിപ്പബ്ലിക്കനുകള്‍ക്ക് കഴിയില്ല. പകരം നികുതി നിയമങ്ങള്‍ അഴിച്ചുപണിയുവാനും അഫോഡബിള്‍ കെയര്‍ ആക്ട് റദ്ദു ചെയ്യുവാനുമായിരുന്നു അവരുടെ പരിശ്രമം. മതില്‍ പണിയുന്നതിന്റെ ചെലവ് മെക്‌സിക്കോ വഹിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുവാനും ഇവര്‍ക്ക് കഴിഞ്ഞില്ല. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് ട്രമ്പ് നല്‍കിയ വാഗ്ദാനം ഇതായിരുന്നു എന്ന് മറന്നായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷാവസാനത്തോടെ മതിലിന്റെ ചെലവിന് ഫണ്ടിംഗ് നല്‍കിയില്ലെങ്കില്‍ ഭരണത്തിന്റെ നാലിലൊരു ഭാഗം സ്തംഭിപ്പിക്കും എന്ന് ട്രമ്പ് പ്രഖ്യാപിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ട്രമ്പിനൊപ്പം നിലയുറപ്പിച്ചു. ഇപ്പോള്‍ പലരും പുനര്‍ചിന്തയിലാണ്. ട്രമ്പിനൊപ്പം നില കൊണ്ടത് ശരിയായിരുന്നുവോ എന്ന് ഇവര്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.

ട്രമ്പിന്റെ ജനസമ്മിതി 37% മാത്രമാണെന്ന് ഒരു സര്‍വേ പറയുന്നു. ട്രമ്പിന്റെ പ്രവര്‍ത്തനങ്ങളെ 58% അംഗീകരിക്കുന്നില്ല. ഇത് കഴിഞ്ഞ നവംബറിന് ശേഷം 5% ഉയര്‍ന്നു. 53% ട്രമ്പിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും ഭരണസ്തംഭനത്തിന് കുറ്റപ്പെടുത്തിയപ്പോള്‍ 34%  മാത്രമേ സ്പീക്കര്‍ നാന്‍സി പെലോസിയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും കുറ്റപ്പെടുത്തിയുള്ളൂ. ഇത് വിരോധാഭാസമായി തോന്നാം. കഴിഞ്ഞ ഭരണത്തില്‍ സാമ്പത്തികാവസ്ഥ രക്ഷപ്പെടാതിരുന്നപ്പോള്‍ ട്രമ്പ് വന്നതിന് ശേഷം സാമ്പത്തികനില ഭദ്രമായി. സുദൃഡമായ വളര്‍ച്ചയും രേഖപ്പെടുത്തി വരികയായിരുന്നു. പക്ഷെ ഇത് നേട്ടത്തിന്റെ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുവാനോ രാഷ്ട്രീയമായി മുതലെടുക്കുവാനോ ട്രമ്പിനും അനുയായികള്‍ക്കും കഴിഞ്ഞില്ല. ട്രമ്പിന്റെ പ്രകോപനപരമായ വാക്കുകളും പ്രവര്‍ത്തികളും അന്യ രാജ്യങ്ങളുമായി ആരംഭിച്ച വാണിജ്യയുദ്ധവും കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്വേഷണം കൂടുതലായി ട്രമ്പിന്റെ വിശ്വസ്തരിലേയ്ക്ക് നീങ്ങിയതും 35 ദിവസം നീണ്ട ഭാഗിക ഭരണസ്തംഭനവുമെല്ലാം ട്രമ്പിന് എതിരായി.

ഭരണസ്തംഭനത്തിന്റെ ലാഭനഷ്ടങ്ങള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക