Image

സോഷ്യല്‍ മീഡിയ സാഹിത്യത്തെ വഴിതിരിച്ചുവിടുന്നു: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

അനില്‍ പെണ്ണുക്കര Published on 29 January, 2019
സോഷ്യല്‍ മീഡിയ സാഹിത്യത്തെ വഴിതിരിച്ചുവിടുന്നു: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
ചൂടേറിയ ചര്‍ച്ചയുമായി ഫൊക്കാന സാഹിത്യ സമ്മേളനം

എന്തെങ്കിലും എഴുതി കുറച്ചു ലൈക്ക് കിട്ടുന്ന തരത്തിലേക്ക് എഴുത്തും സാഹിത്യം മാറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണന്‍ .ഫൊക്കാന യുടെ പത്താമത് കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടത്തിയ സാഹിത്യസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സീരിയസായി എഴുത്തിനെ കാണുന്നവര്‍ ഇന്ന് കുറഞ്ഞു .പണ്ടൊക്കെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ സജീവമായി എഴുത്തുകാര്‍ ഇടപെട്ടിരുന്നു.പക്ഷം പിടിച്ചെഴുതുവാനും പല പ്രശനങ്ങളും സങ്കീര്‍ണ്ണമാക്കുവാനുമാണ് എഴുതുന്നവരില്‍ പലരും ശ്രമിക്കുന്നത് .സമൂഹമാധ്യമങ്ങള്‍ പലരും സാഹിത്യത്തെ ഗുണപരമായി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ ആമുഖ പ്രഭാഷണം നടത്തി .ഫൊക്കാനയുടെ സാഹിത്യ പുരസ്കാരങ്ങളും ,സെമിനാറുകളും എഴുത്തുകാരുടെ സമൂഹം വളരെ സീരിയസ്സായി ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു .

മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ,കവിയും എഴുത്തുകാരനുമായ ഡോ:കെ ജയകുമാര്‍ ഐ. എ .എസ് അധ്യക്ഷത വഹിച്ചു .അധമസാഹിത്യം വളര്‍ത്തുവാന്‍ ആണ് ഇന്ന് സമൂഹ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് .ലൈക്കുകളുടെ എണ്ണം മാത്രമാണ് കുറിപ്പുകള്‍ എഴുതുന്നവര്‍ ശ്രദ്ധിക്കുന്നത് .ആരാണത് വായിച്ചത് എന്ന് പോലും എഴുത്തുകാര്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

ഭാഷയും, സംസ്ക്കാരവും പരസ്പര പൂരിതമായിരിക്കെ അമേരിക്കന്‍ മലയാളികള്‍ക്ക് ഭാഷയോടും, സംസ്ക്കാരത്തോടുമുള്ള കൂറും ആദരവും അവരുടെ സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ ഇതള്‍ വിരിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .

സാഹിത്യകാരനും സമൂഹവും തമ്മില്‍ ഒരുപോലെ ചിന്തിക്കുകയും എഴുതുകയും ചെയ്‌തെങ്കിലേ സര്‍ഗാത്മകതയുടെ ഉന്നതിയിലേക്ക് സാഹിത്യവും എഴുത്തും വളരുകയും ചെയ്യൂ എന്ന് ആശംസകള്‍ അറിയിച്ച ഡോ:ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു . എഴുത്തിനാവശ്യമായ പശ്ചാത്തലങ്ങള്‍, ചിന്തകള്‍, സമൂഹത്തോടുള്ള കടപ്പാട് എഴുത്തുകാരന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു . സത്യസന്ധത ജീവിതത്തിലെന്ന പോലെ സാഹിത്യത്തിലും പ്രധാനമാണെന്ന് പ്രൊഫ:പി ജെ ഫിലിപ്പ് അഭിപ്രായപ്പെട്ടു .

ഫൊക്കാന ഫിലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ച പുരസ്കാരങ്ങള്‍ സ്പീക്കര്‍ വിതരണം ചെയ്തു.ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്കാരം
(ആസിഡ്, സംഗീതാ ശ്രീനിവാസന്‍ ഡി.സി. ബുക്ക്‌സ് 2016 ),
ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്കാരം
(ഒരാള്‍ക്ക് എത്ര മണ്ണു വേണം, ഇ. സന്തേഷ് കുമാര്‍ ഡി.സി. ബുക്ക്‌സ് 2016 ),
ഫൊക്കാന ചങ്ങമ്പുഴ കവിതാ പുരസ്കാരം.( ഈ തിരുവസ്ത്രം ഞാന്‍ ഉപേക്ഷിക്കുകയാണ്, എസ്. രമേശന്‍, ഗ്രീന്‍ ബുക്ക്‌സ് 2018 ),
ഫൊക്കാന അഴീക്കോട് ലേഖന, നിരൂപണ പുരസ്കാരം
(ജനതയും ജനാധിപത്യവും, സണ്ണി കപ്പിക്കാട്, വിദ്യാര്‍ത്ഥ പബ്ലിക്കേഷന്‍സ് 2017 ) ,ഫൊക്കാന നവ മാധ്യമ പുരസ്കാരം( തന്മാത്രം, ഡോ. സുരേഷ് സി. പിള്ള താമര പബ്ലിക്കേഷന്‍സ് 2016 ), ഫൊക്കാന കുഞ്ഞിണ്ണി മാഷ് ബാലസാഹിത്യ പുരസ്കാരം(അര സൈക്കിള്‍, എം. ആര്‍. രേണുകുമാര്‍, ഡി. സി. ബുക്ക്‌സ് 2016 ),ഫൊക്കാന കമലാ ദാസ് ആംഗലേയ സാഹിത്യ പുരസ്കാരം(Rain Drops on My Memory Yacht, Swathi Sasidharan, Kerala Book Store 2018 ).

ഫൊക്കാനാ എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ സ്വാഗതം ആശംസിച്ചു . ഭാഷയേയും ഭാഷാസ്‌നേഹികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഫൊക്കാന തുടക്കം മുതല്‍ നടത്തിവരുന്ന സാഹിത്യ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കയുന്നതെന്നു അദ്ദേഹം പറഞ്ഞു .സുദര്‍ശനന്‍ കാര്‍ത്തികപ്പള്ളി ,മധു എസ് നായര്‍,ട്രസ്റ്റിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ,അബ്ദുള്‍ പുന്നയൂര്‍ക്കുളം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു .ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,ജനറല്‍ സെക്രട്ടറി ടോമി കോക്കാട് ഫൊക്കാനാ കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍ ,ട്രഷറര്‍ സജിമോന്‍ ആന്റണി ,വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ് ,ആര്‍.സനല്‍ കുമാര്‍ ,ലീലാ മാരേട്ട് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹതരായിരുന്നു . ഫൊക്കാനാ മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍ നന്ദി പറഞ്ഞതോടെ ചടങ്ങുകള്‍ അവസാനിച്ചു
സോഷ്യല്‍ മീഡിയ സാഹിത്യത്തെ വഴിതിരിച്ചുവിടുന്നു: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക