Image

മോദി ഭരണത്തില്‍ വന്‍ തൊഴില്‍ നഷ്ടം; റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയ മോദി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട്‌ അംഗങ്ങള്‍ രാജി വെച്ചു

Published on 30 January, 2019
മോദി ഭരണത്തില്‍ വന്‍ തൊഴില്‍ നഷ്ടം; റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിയ മോദി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട്‌ അംഗങ്ങള്‍ രാജി വെച്ചു
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട്‌ നിരോധനത്തിന്‌ ശേഷം രാജ്യത്ത്‌ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ പുറത്ത്‌ വിടാതെ തടഞ്ഞുവെയ്‌ക്കുന്നതില്‍ പ്രതിഷേധിച്ച്‌ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ രണ്ട്‌ സ്വതന്ത്ര അംഗങ്ങളും രാജി വെച്ചു.

പി സി മോഹന്‍, ജെ വി മീനാക്ഷി എന്നിവരാണ്‌ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സ്വതന്ത്രറിപ്പോര്‍ട്ട്‌ പുറത്ത്‌ വിടാത്തതില്‍ പ്രതിഷേധിച്ച്‌ രാജി സമര്‍പ്പിച്ചതെന്ന്‌ ഇന്ത്യന്‍ എക്‌സപ്രസ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

നോട്ട്‌ നിരോധനത്തിന്‌ പിന്നാലെ രാജ്യത്ത്‌ ചെറുകിട ഇടത്തരം മേഖലകള്‍ വന്‍ പ്രതിസന്ധിയിലാവുകയും വന്‍തോതില്‍ തൊഴിലാളികളെ കുറയ്‌ക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഇത്‌ സംബന്ധിച്ച ആധികാരികമായ റിപ്പോര്‍ട്ടാണ്‌ ദേശീയ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റേത്‌. ഇതാണ്‌ തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ്‌ വെച്ചിരിക്കുന്നത്‌.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിംഗ്‌ ചെയര്‍പേഴ്‌സണ്‍ കൂടിയാണ്‌ പി സി മോഹന്‍.
സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തി ഇരുവരും രാജിവച്ചതോടെ എന്‍.എസ്‌.സിയില്‍ അവശേഷിക്കുന്നത്‌ ചീഫ്‌ സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രിവാസ്‌തവ, നീതി ആയോഗ്‌ സി.ഇ.ഒ.അമിതാഭ്‌ കാന്ത്‌ എന്നിവര്‍ മാത്രമാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക