Image

ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രൗഢഗംഭീരമായ ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷം

കോര ചെറിയാന്‍ Published on 30 January, 2019
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രൗഢഗംഭീരമായ ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷം
ഫിലാഡല്‍ഫിയ: ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളായ അമേരിയ്ക്കയും ഇന്‍ഡ്യയും സംഘടിതമായി ഇന്‍ഡ്യയുടെ എഴുപതാം റിപ്പബ്ലിക്ക് ഡേ ഉഗ്രഗംഭീരമായി ഫിലഡല്‍ഫിയായില്‍ ആഘോഷിച്ചു. ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ ചിട്ടയോടെ സാബു സ്കറിയായും സ്‌നേഹ അലനും “മാസ്റ്റര്‍ ഓഫ് സെറിമണി’യായി സജ്ജീകരിച്ച സമ്മേളനത്തില്‍ അമേരിക്കന്‍ സെനറ്റര്‍ ജോണ്‍ സെബാറ്റിനയും അമേരിക്കന്‍ റെപ്രസെന്റേറ്റീവ് മാര്‍ട്ടിന വൈറ്റും മുന്‍ കേരള ഡി.ജി.പി. സിബി മാത്യു ഐ.പി.എസ്സും, ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. കര്‍ണ്ണാനന്ദമായ ജസ്റ്റിന്‍ കുര്യന്റെയും റെയ്ച്ചല്‍ ഉമ്മന്റെയും ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തോടെ വിപുലമായ ജനസമൂഹസാന്നിധ്യത്തില്‍ ആരംഭിച്ച മീറ്റിംഗില്‍ ഇന്‍ഡ്യന്‍ കുടിയേറ്റക്കാരോടൊപ്പം അമേരിക്കല്‍ ജനതയും ഹര്‍ഷാരവത്തോടെ പങ്കെടുത്തു.

ഇന്‍ഡ്യന്‍ ഓവര്‍സീസ് പ്രസിഡന്റ് സന്തോഷ് ഏബ്രഹാം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സന്ദേശത്തില്‍ ഭാരതീയ മേതതര തത്വങ്ങളേയും വ്യക്തിസ്വാതന്ത്ര്യത്തേയും പുകഴ്ത്തിയും, സെക്രട്ടറി ഷാലു പുന്നൂസ് ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്റെ തുടക്കത്തേയും ക്രമാനുഗതമായി ഡോ. ബി. ആര്‍. അംബേദ്ക്കര്‍ എഴുതിയ ഭരണഘടനയുടെ മഹത്വത്തേയും പ്രതിപാദിച്ചു സംസാരിച്ചു. ചീഫ്‌ഗെസ്റ്റ് സെനറ്റര്‍ ജോണ്‍ സെബാറ്റിന തന്റെ സാമാന്യം സുദീര്‍ഘമായ പ്രസംഗത്തില്‍ റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങള്‍ അനിവാര്യമാണെന്നും ഭരണഘടന തത്വങ്ങള്‍ അനുഷ്ഠിയ്ക്കുന്നതോടൊപ്പം വിധേയത്വം പരിപാലിയ്ക്കണമെന്നും, റെപ്രസെന്റേറ്റീവ് മാര്‍ട്ടീന വൈറ്റ് സ്വതന്ത്ര ഭാരതീയ ജനായത്ത വ്യവസ്ഥകളേയും ജനാധിപത്യത്തിലൂടെയുള്ള വ്യക്തിസ്വാതന്ത്ര്യത്തേയും അഭിനന്ദിച്ചു.

മുന്‍ കേരള സ്റ്റേറ്റ് ഡി. ജി. പി. സിബി മാത്യു സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ഇന്‍ഡ്യ കൈവരിച്ച നേട്ടങ്ങളുടെ നേരിയ വിശകലനം ക്രമാനുസരണം വിവരിച്ചു. 1959-ല്‍ ചങ്ങനാശേരിയില്‍ ആദ്യമായി മീറ്റര്‍ഗേജ് ട്രെയിന്‍ എത്തിയപ്പോള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചതും വിസ്മയനീയമായി ഉണ്ടായ പുരോഗതിയും വിശദമാക്കി. ഭക്രാനങ്കല്‍ അടക്കം വൈദ്യുതിയ്ക്കും ജലസേചനത്തിനുമായി നിര്‍മ്മാണം ചെയ്ത അനേകം അണക്കെട്ടുകളും പുതിയ പുതിയ സ്റ്റീല്‍ പ്ലാന്റുകളും നേരിട്ടുകണ്ട് അഭിനന്ദനപൂര്‍വ്വം മുന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ഇന്‍ഡ്യയുടെ നിര്‍മ്മാണങ്ങളെ ക്ഷേത്ര തുല്യമായി അംഗീകരിച്ചതായി അറിയിച്ചു. ഭാരത ഭൂമിയ്ക്കുവേണ്ടി 1984-ല്‍ സ്വന്തം കാവല്‍ ഭടന്റെ ക്രൂരമായ വെടി—യേറ്റുമരിച്ച ഇന്ദിരഗാന്ധിയേയും സ്വപുത്രനായ രാജീവ്ഗാന്ധി 1991 ല്‍ ശ്രീലങ്കന്‍ സ്വദേശി വനിതാ തീവ്രവാദിയുടെ മനുഷ്യബോംബ് സ്‌ഫോടനത്തില്‍ ചിന്നഭിന്നമായി ചിതറപ്പെട്ടു കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞതും വേദനയോടെ ശ്രോദ്ധാക്കളെ ഓര്‍മ്മിപ്പിച്ചു.

ഫിലഡല്‍ഫിയ സിറ്റി കൗണ്‍സിലര്‍ ഡ്രീക്ക് ഗ്രീന്‍ തന്റെ പ്രസംഗത്തില്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിന് ഉതകുന്ന എല്ലാസഹായ വാഗ്ദാനങ്ങളും നല്‍കി.

ബി.ജെ.പി. സര്‍ക്കാരിന്റെ ഇപ്പോഴുള്ള ഭരണരീതി മതത്തിന്റെയും ഭാഷയുടെയും പേരുദ്ധരിച്ചുകൊണ്ടുള്ള വര്‍ക്ഷവിവേചനം ജനായത്ത വ്യവസ്ഥതന്നെ വിഛേദിയ്ക്കപ്പെടുമെന്നും സ്വതന്ത്രഭാരതത്തിന്റെ ഉന്നമനത്തേയും ശ്രേയസ്സിനേയും ഉപാസനം ചെയ്യാതെ ഉന്മൂലനം ചെയ്യുമെന്നും ഐ.ഒ.സി. കേരള ചാപ്റ്റര്‍ ചെറിയാന്‍ കളത്തില്‍ വര്‍ക്ഷീസ് ഉത്‌ബോധിപ്പിച്ചു. ഐ.ഒ.സി. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ്ജ് ഐക്യഭാരതത്തിന്റെ പുരോഗതിയ്ക്കും ഐക്യത്തിനും ശാശ്വത കൈവരിയ്ക്കുവാന്‍ ബി. ജെ. പി. സര്‍ക്കാര്‍ അപ്രാപ്തമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡ്യാക്കാരുടെയും ഉന്നമനത്തിനായി നിലകൊള്ളുമെന്നും ഓര്‍മ്മപ്പെടുത്തി. ഐ. ഒ. സി. നാഷണല്‍ പ്രസിഡന്റ് സുദ് പ്രകാശ് സിംങ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ സ്മരിച്ചുകൊണ്ട് സ്വതന്ത്ര ഭാരതത്തെ ലോകശക്തിയായി ഉയര്‍ത്തണമെന്നും ശ്രോതാക്കളോട് ആത്മാര്‍ത്ഥമായി ആവശ്യപ്പെട്ടു.

മുന്‍കാല ടെലികോം കേന്ദ്രമന്ത്രി സാം പിറ്റ് റോഡായുടെ വീഡിയോ സന്ദേശത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഔദ്യോഗ വൃത്തിയിലുള്ള ഇന്‍ഡ്യന്‍ ദേശ സ്‌നേഹികളെ ഏകോപിപ്പിച്ച് ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പോലുള്ള സംഘടനകളില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ നിയമപരിധി കൈവെടിയാതെ ഇടപെടണമെന്നും ആകൃഷ്ടമായി അവതരിപ്പിച്ചു.

ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് അലക്‌സ് തോമസും, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കുര്യന്‍ രാജനും ചെയ്ത അഭിനന്ദന സന്ദേശത്തിലും സ്‌പോണ്‍സര്‍മാരോടുള്ള നന്ദി പ്രകടനത്തിലും മാതൃരാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും പ്രകടമായി പ്രതിഫലിച്ചിരുന്നു.

കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ്ജ് തരപ്പെടുത്തിയ മാത ഡാന്‍സ് അക്കാഡമിയുടേയും ഭാരത് ഡാന്‍സ് അക്കാഡമിയുടേയും വര്‍ണ്ണപകിട്ടാര്‍ന്ന സാംസ്കാരിക കലാപരിപാടികളും നൃത്തങ്ങളും അത്യധികം ആകൃഷ്ടമായി അനുഭവപ്പെട്ടു. തികച്ചും അഭിനന്ദനാര്‍ഹമായി ഓര്‍ഗനൈസ് ചെയ്ത റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങള്‍ ക്രമീകരിച്ച ഡാനിയേല്‍ പി. തോമസ്, ജോണ്‍ സാമുവേല്‍, സാജന്‍ വര്‍ക്ഷീസ്, സാബു സ്കറിയയും കമ്മറ്റിഅംഗങ്ങളും ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
സുദീര്‍ഘവും വിശാലവുമായ മീറ്റിങ്ങും കലാപരിപാടികള്‍ക്കും ശേഷം കേരളത്തനിമയിലുള്ള ഡിന്നര്‍ സത്കാരം ഐ. ഒ. സി. ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്റെ നേതൃത്വത്തില്‍ ഏവര്‍ക്കും നല്‍കിയതോടെ പ്രശാന്ത സുന്ദരമായ ഒരു സായാഹ്ന അനുഭൂതിയും ഭാരതീയ പ്രജാ ഭരണതത്ത്വ പ്രഖ്യാപനത്തിന്റെ ഒരിക്കലും ഒഴിഞ്ഞുപോകാത്ത ഓര്‍മ്മയും മഹാത്മ്യവും ഏവരുടേയും മനോമുകുളത്തില്‍ മങ്ങാതെ നില്‍ക്കുന്നു.
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രൗഢഗംഭീരമായ ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷം
ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രൗഢഗംഭീരമായ ഇന്‍ഡ്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക