Image

ജന്മനാടിനോടുള്ള പ്രവാസികളുടെ കരുതല്‍ മാതൃക: ഉമ്മന്‍ചാണ്ടി

Published on 01 February, 2019
ജന്മനാടിനോടുള്ള പ്രവാസികളുടെ കരുതല്‍ മാതൃക: ഉമ്മന്‍ചാണ്ടി
 

സൂറിച്ച്: ജന്മനാടിനോടുള്ള പ്രവാസികളുടെ കരുതല്‍ ലോകത്തിനുതന്നെ മാതൃകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനുവേണ്ടി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിച്ചത് മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതത്തിലായവര്‍ക്കു വസ്തു ഉള്‍പ്പെടെ വീടുകള്‍ സൗജന്യമായി പണിതു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം വടക്കേല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരന്നു അദ്ദേഹം. കേരളം പ്രളയ ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകള്‍ വെടിഞ്ഞ് മലയാളികള്‍ ഒറ്റ ജനതയായി രംഗത്തിറങ്ങി. ഇത് മലയാളിയുടെ മനസിന്റെ പുണ്യമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം. മത്തായി, ബേബി തോമസ് പന്തലാനി, വാര്‍ഡ് മെമ്പര്‍ മഞ്ജു കൃഷ്ണകുമാര്‍, ഫാ. ജിജോ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈറ്റ് ഇന്‍ ലൈഫ് പിആര്‍ഒ ജോര്‍ജ് നടുവത്തേട്ട് സ്വാഗതവും പ്രോജക്ട് മാനേജര്‍ മാത്യു തെക്കോട്ടില്‍ നന്ദിയും പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ 7 കുടുംബങ്ങള്‍ക്കാണ് സ്ഥലം ലഭ്യമാക്കി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. കൂടാതെ നാലു കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ ധനസഹായവും നല്‍കും. വിവിധ സംഘടനകളുടെ സഹായവും ഇക്കാര്യത്തില്‍ ലഭിക്കുന്നുണ്ട്. മുക്കാല്‍ കോടി രൂപയാണ് ഈ പദ്ധതിയുടെ ആദ്യഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നതെന്ന് പിആര്‍ഒ ജോര്‍ജ് നടുവത്തേട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക