Image

കുവൈറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തേറ്റ്‌ മരിച്ചു

Published on 15 April, 2012
കുവൈറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തേറ്റ്‌ മരിച്ചു
കുവൈത്ത് സിറ്റി: പട്ടാപ്പകല്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ യുവാക്കളുടെ കുത്തേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. സിറ്റിയില്‍ ബലദിയ പാര്‍ക്കിന് എതിര്‍വശത്തെ സൂക് കബീറിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലെ ഈജിപ്തുകാരനായ സെക്ക്യൂരിറ്റി ജീവനക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലെ രണ്ടുപേരെ അരമണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി. ബാക്കിയുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സൂകില്‍നിന്ന് ഷോപ്പിംഗും കഴിഞ്ഞ് നിര്‍ത്തിയിട്ട വാഹനത്തിന് സമീപമെത്തിയ യുവാക്കള്‍ സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനുമായി പാര്‍ക്കിംഗുമായി ബന്ധപ്പെട്ട കാര്യത്തില്‍ തര്‍ക്കത്തിലാവുകയായിരുന്നു. തര്‍ക്കം മൂത്ത് പരസ്പരം തെറിപറയുകയും തുടര്‍ന്ന് സംഘട്ടനത്തിലേക്കും നീങ്ങുന്നതിനിടെയാണ് അംഞ്ചംഗ സംഘത്തിലെ ഒരാള്‍ ഈജിപ്തുകാരനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഈജിപ്തുകാരനെ ഉടന്‍ അമീരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം കഴിഞ്ഞ് ഏതാനും നേരത്തിന് ശേഷം ഉപേക്ഷിച്ച സാധനങ്ങള്‍ എടുക്കാന്‍ വന്ന കൊലയാളി സംഘത്തിലെ ഒരാളും കൂട്ടുകാരനുമാണ് പിടിയിലായത്. സാല്‍ഹിയ പൊലീസാണ് അന്വേഷണ ചുമതല വഹിക്കുന്നത്.
കുവൈറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തേറ്റ്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക