Image

‘തലമുടി അഴിച്ചിടുമ്പോള്‍ ഉള്ള ഭംഗി അങ്ങ് വേണ്ടെന്നുവച്ചു’ ലോക കാന്‍സര്‍ ദിനത്തില്‍ നീണ്ട മുടി മുറിച്ച് ദാനം ചെയ്ത് ഭാഗ്യലക്ഷ്മി

Published on 04 February, 2019
‘തലമുടി അഴിച്ചിടുമ്പോള്‍ ഉള്ള ഭംഗി അങ്ങ് വേണ്ടെന്നുവച്ചു’  ലോക കാന്‍സര്‍ ദിനത്തില്‍ നീണ്ട മുടി മുറിച്ച് ദാനം ചെയ്ത് ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി എന്ന കലാകാരിയുടെ ശബ്ദം മലയാളികള്‍ക്ക് എല്ലാം തന്നെ പ്രിയങ്കരമാണ്. അതുപോലെ തന്നെയാണ് ഭാഗ്യലക്ഷ്മിയുടെ സൗന്ദര്യവും. അതില്‍ ഏവര്‍ക്കും പ്രിയമായുള്ളത് ഭാഗ്യലക്ഷ്മിയുടെ ഇടതൂര്‍ന്ന മുടിയാണ്. ലോക കാന്‍സര്‍ ദിനത്തില്‍ തന്റെ നീണ്ട തലമുടി ദാനം ചെയ്തിരിക്കുകയാണ് ഭാഗ്യലക്ഷ്മി. മുടി മുറിക്കുന്നതിന്റെ വിഡിയോ താരം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. തലമുടി ദാനം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.

ഒരുപാട് കാലമായി തലമുടി ദാനം ചെയ്യണമെന്ന് വിചാരിക്കുന്നുണ്ട്. പക്ഷെ പലരോടും ഇതിനെക്കുറിച്ച് പറയുമ്പോള്‍ ചേച്ചിക്ക് തലമുടിയുള്ളതാണ് ഭംഗി, വെട്ടിക്കളയരുതെന്നൊക്കെ പറയും. തലമുടി പിന്നിയിടുമ്പോഴും അഴിച്ചിടുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെടും. ഇതൊക്കെ കേട്ടുകഴിയുമ്പോള്‍ തലമുടി മുറിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വലിയും. ഇത്തവണ പക്ഷെ ആരോടും അഭിപ്രായം ചോദിക്കാന്‍ പോയില്ല. കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയാണ് ഞാന്‍ പോയത്. അവിടെ ചെന്നിട്ടാണ് അവരോട് ഞാന്‍ തലമുടി ദാനം ചെയ്യാന്‍ തയാറാണെന്ന് പറയുന്നത്. വെറുതെ പറച്ചില്‍കൊണ്ടു മാത്രം കാര്യമില്ലല്ലോ, പ്രവര്‍ത്തിക്കുകയും വേണ്ടേ. എന്റെ വീട്ടില്‍ രണ്ടു മൂന്ന് കാന്‍സര്‍ രോഗികളുണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് കാന്‍സറായിരുന്നു. അന്ന് തലമുടി പോയപ്പോള്‍ അമ്മയുടെ വിഷമം ഞാന്‍ കണ്ടതാണ്. കാന്‍സര്‍ രോഗികളുടെ മാനസികപ്രയാസം എനിക്ക് അറിയാം.'' 

'' ഞാന്‍ ആ പരിപാടിയില്‍ ചെന്നപ്പോള്‍ തലമുടി ദാനം ചെയ്യാനായി ആദ്യം എത്തിയത് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. ആ കുട്ടിയ്ക്ക് ഇല്ലാത്ത വിഷമം അമ്പത് വയസായ എനിക്ക് എന്തിനാണ്. തലമുടി ദാനം ചെയ്തതില്‍ എനിക്കൊരു വിഷമവുമില്ല. ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചല്ലോയെന്ന സന്തോഷമേയുള്ളൂ. ഭാവിയില്‍ കിഡ്‌നി കൂടി ദാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്.''  ഭാഗ്യലക്ഷ്മി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക