Image

മഴ (കവിത: നിദുല മാണി)

Published on 04 February, 2019
മഴ (കവിത: നിദുല മാണി)
മേഘപാളിയില്‍ നിന്നു
തിര്‍ന്നൊരീ കണ്ണുനീര്‍,
ക്ഷോണിയില്‍ ഇറ്റു വീഴവെ
കാത്തു നില്‍പ്പൂവങ്ങുവേഴാമ്പല്‍

അര്‍ക്കനെ പിരിഞ്ഞോരീ
നീര്‍ജ്ജാലം,കണ്ണീര്‍ വാര്‍ക്കവേ ,
തുള്ളിയായിത് ഭൂമിയില്‍!

വരണ്ടു വിണ്ട നിലത്തി
നത് പ്രാണതീര്‍ത്ഥമായ് ,
പുളകമായ്, നനവായി,
ജീവനായി പടരുന്നു !

താപമേറ്റ് വാടുമൊരു
ലതക്കാമൊദമായ്
പച്ചപ്പില്‍ ഒരുങ്ങിയും
തളിരുകള്‍ പൊട്ടിയും ;

ഉന്മാദം മയിലായ്
പീലി വിടര്‍ത്തിയും ;
ക്രോം ക്രോം മേളമായ്
ഇങ്ങിവിടെ മണ്ഡൂകവും;

വീണ്ടുമൊരു മഴസ്പര്‍ശം
ജീവനായി പടരുന്നു !

എങ്കിലും വര്യനാം രവി
ക്കവളെപിരിയാന്‍ അവതീല്ല !
പിന്നെയും കോരി യെ
ടുപ്പൂയീഗ്‌നിമയനവന്‍!
നീരിനെ കോരി മൂര്‍ദ്ധാ
വില്‍ വെച്ചിളം തെന്നലേകി
തന്നിലേക്കണക്കാന്‍ വെമ്പിയാന്‍ !

നീരോ ആവിയായ് അവനെ പുല്‍കി!
അഗ്‌നിവര്‍ണ്ണനൊ പ്രണ
യത്തോടവളെ കാറ്റിന്‍
കൈകളാല്‍ തഴുകുന്നു;

ഒന്നില്‍ മറ്റൊന്നലിയും
നൈര്‍മ്മല്യം തുളുമ്പു
മീജനിമൃതികള്‍ക്ക
തീതമാം പ്രണയം !

എങ്കിലും പിരിഞ്ഞവള്‍
താണിറങ്ങിയീ ഭൂമിയില്‍!!

വിരഹത്താല്‍ ഖിന്നയാ
മവളുടെ വ്യഥ ഇടിയായ്,
മിന്നലായ് പിണയുന്നു;
നീര്‍ തുളു മ്പും പ്രണയിനിയെ
ചേര്‍ക്കുവാന്‍ വെമ്പുന്നെ
ന്നാലിനിയും അകലുന്നവള്‍!

വീണ്ടും ഒരു പുനര്‍ജ്ജനിക്കായ്
വീണ്ടുമൊരാ പ്രിയനാം രവിക്കായ്
നീരിന്‍ സ്പര്‍ശമായി
കാത്തിരിപ്പൂ മണ്ണില്‍ !

അടുക്കും തോറും അകലുമെന്നാ
ലകലും തോറും അടുക്കുമീ
ദിഗന്ദങ്ങള്‍ താണ്ടുമൊരു
തീക്ഷ്ണമാം പ്രണയമിത്;

ജീവനായി …
മഴയായ് … ഇനിയും!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക