Image

മുകേഷ് അംബാനിയുടെ തുറുപ്പ്; ഹൈപ്പര്‍ ലോക്കല്‍ സെന്ററിക് മോഡല്‍ (ബൈജു സ്വാമി)

Published on 05 February, 2019
മുകേഷ് അംബാനിയുടെ തുറുപ്പ്; ഹൈപ്പര്‍ ലോക്കല്‍ സെന്ററിക് മോഡല്‍ (ബൈജു സ്വാമി)
ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യാപാരം മുകേഷ് അംബാനി പൊളിച്ചടുക്കും. ഈ-കിരാന പോലെ പുള്ളി കുറെയേറെ നമ്പറുകള്‍ ഇറക്കും. ഒന്ന് പറയട്ടെ അതൊന്നും ഇപ്പോളത്തെ അവസ്ഥയില്‍ ചെറുകിട വ്യാപാരികളെ കൊന്നു കൊലവിളി ആകില്ലെന്ന് മാത്രമല്ല, മുകേഷിന്റെ അപ്പന്റെ ഫിലോസഫി ആയിരുന്ന റിലയന്‍സ് പരിവാര്‍ എന്ന ആശയത്തിന്റെ എക്‌സ്‌ടെന്‍ഷനുമായിരിക്കും.

എന്റെ ബന്ധുവായിരുന്ന പുലി റോത്തശ്ചില്‍ഡില്‍ നിന്നും രണ്ട് കൊല്ലത്തെ കോണ്‍ട്രാക്ച്വല്‍ അസൈന്‍മെന്റ് പൂര്‍ത്തിയാക്കി പോകുമ്പോള്‍ എനിക്കയച്ച സന്ദേശം മുഖ വിലക്കെടുത്താല്‍ പുള്ളി വാഹന റീറ്റെയ്ല്‍, spare parts, ധനകാര്യ ഉത്പന്നങ്ങള്‍, ഇന്‍ഷുറന്‍സ്, സ്വര്‍ണം, മദ്യം ഉള്‍പ്പടെ ഉള്ള കുറെയേറെ മേഖലയില്‍ കടന്നു വരും. ഇവിടെയെല്ലാം വ്യാജന്മാരുടെ വിളയാട്ടവും പൊതു ജനങ്ങള്‍ ഒരു ക്രെഡിബിള്‍ ലേബല്‍ നോക്കിയിരിക്കുകയും ആണ്. വെറും അഗ്ഗ്രിഗേയ്റ്റര്‍ ആയ ഇപ്പോള്‍ നിലവിലുള്ള ആപ്പ് പോലെ ചെറുകിടക്കാരനെ ബന്ദി ആക്കാതെ അവനെയും വിശ്വാസത്തിലെടുക്കുന്ന ഹൈപ്പര്‍ ലോക്കല്‍ സെന്ററിക് മോഡലാണ് മുകേഷിന്റെ തുറുപ്പ് ചീട്ട്.

നമ്മള്‍ എന്ത് ചെയ്താലും വാങ്ങിയാലും ഒക്കെ ഒപ്പിയെടുക്കുന്ന ഡാറ്റാ മൈനിങ് അയാള്‍ക്കു എതിരാളികളെ നിലംപരിശാക്കാനുള്ള ആയുധമാകും.

ഞാന്‍ ഒന്നാലോചിച്ചപ്പോള്‍ അയാളുടെ വിജയം അയാള്‍ കണ്ടെത്തിയതാണ്.

സ്വതന്ത്ര ഇന്ത്യയില്‍ ആരും എതിരാളിയില്ലാതെ ഉണ്ടാക്കിയ ക്രോണി ക്യാപിറ്റല്‍ സാമ്രാജ്യത്തിനുടമയായ തലമുറകളായി ഉപഭോക്താവിനെ ഊറ്റി കുടിക്കുന്ന ബിര്‍ളയുടെ ഐഡിയ പോലെയുള്ള ഇന്‍ എഫിഷ്യന്റ് കമ്പനിയും റാവു പ്രധാന മന്ത്രി ആയപ്പോള്‍ ഉയര്‍ന്ന് വന്ന എയര്‍ടെല്‍, അമ്മയപ്പനെ കുപ്പിയില്‍ ഇറക്കിയ രാജീവ് ചന്ദ്രശേഖറിന്റെ ബി പി എല്‍ വേഷം മാറിയ വൊഡാഫോണും നമ്മളെ ചൂഷണം ചെയ്യുകയായിരുന്നു. മുകേഷ് ആ ചൂഷണം തകര്‍ത്തെറിഞ്ഞു അതിലൂടെ ഒരു ഡിജിറ്റല്‍ എക്കൊണോമിക് ലാന്‍ഡ്‌സ്‌കേപ് ഉണ്ടാക്കിയെടുത്തു. അതിന് വേണ്ടി കുറേ നികുതി വെട്ടിച്ചു. ഇതാണ് സത്യം. വൊഡാഫോണും ഐഡിയയും ഇത് തന്നെ ചെയ്യുന്നുമുണ്ട്. അവര്‍ വെട്ടിച്ചു വീട്ടില്‍ കൊണ്ട് പോകുമ്പോള്‍ മുകേഷ് അത് നമുക്ക് തിരിച്ചു തന്നു എന്ന് വ്യാഖ്യാനിക്കാം.

2020 മുതലുള്ള 10 വര്‍ഷം കൊണ്ട് റിലയന്‍സ് ഒരു ട്രില്യണ്‍ ഡോളര്‍ കമ്പനി ആകുമെന്നാണ് റോത്തശ്ചില്‍ഡില്‍ ഇരിക്കുന്ന അദ്ദേഹം പറയുന്നത്. അതിനു വിഘാതമായി അദ്ദേഹം കാണുന്നത് ചൈനയുമായി ഉണ്ടാകാവുന്ന യുദ്ധ സാധ്യത മാത്രം. അടുത്ത ദശാബ്ദം തീരുമ്പോള്‍ മുകേഷ് ഭാരത രത്‌നം നേടിയിരിക്കും. അതുറപ്പ്.

അടിക്കുറിപ്പ് - ഇതിനിടയില്‍ ചിലര്‍ ലുലു, അംബാനിക്ക് വെല്ലുവിളി ഉയര്‍ത്തില്ലേ എന്നൊക്കെ ചോദിക്കുന്നു. മുകേഷിന്റെ ഒരു വര്‍ഷത്തെ ലാഭത്തോളം ഇല്ല യുസഫ് അലിയുടെ മൊത്തം സമ്പാദ്യം. അത് കൊണ്ട് തന്നെ മുകേഷ് ഇവരെയൊന്നും മൈന്‍ഡ് ചെയ്യുന്നു പോലുമുണ്ടാവില്ല. ഓസ്ട്രേലിയക്കെതിരെ ക്രിക്കറ്റില്‍ നേപ്പാള്‍ പോലെയേ ആ താരതമ്യം ഉള്ളൂവെന്ന് മനസിലാക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക