Image

വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും-1 (വാല്‍ക്കണ്ണാടി - കോരസണ്‍)

Published on 05 February, 2019
വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും-1 (വാല്‍ക്കണ്ണാടി - കോരസണ്‍)
2019 നവവത്സര ദിനം മുതല്‍കുറെ ദിനങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ ചില യാത്രകളില്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും ചിന്തകളുമാണ് ഈ വഴിയോരക്കാഴ്ചകളില്‍ കുറിച്ചിരിക്കുന്നത്. ദേശാടന പക്ഷികളെപ്പോലെ ഇടക്കു കടന്നുവരാറുള്ള പ്രവാസികള്‍ക്ക് കേരളത്തിന്റെ ഓരോ മാറ്റവും ഹൃദയമിടിപ്പും പെട്ടന്ന് തിരിച്ചറിയാനാവും ; അത്തരം ചില അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

എവിടെയും കാണുന്ന മുന്തിയറപ്പുകള്‍ - ഇയാളെപ്പോ ഇതിന്റെ മണ്ടക്ക് കയറി? അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ വഴിയിലേക്ക് ചാഞ്ഞു കിടന്ന മരച്ചില്ലകള്‍ ഒന്ന് വെട്ടി ഒതുക്കാന്‍ ഒരാളെ നോക്കണമെന്ന് കാര്യസ്ഥന്‍ നാണുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ തുക ഒക്കെ പറഞ്ഞിട്ട് മതി പണി തുടങ്ങാന്‍ എന്നും പറഞ്ഞിരുന്നു. നനുത്ത പ്രഭാതത്തില്‍ കട്ടന്‍ കാപ്പിയും കുടിച്ചു പത്രവും എടുത്തു വായിക്കാന്‍ കസേര പിടിച്ചു ഇരിക്കുകയാണ്. എന്തോ ഒക്കെയോ വെട്ടിയിറക്കുന്ന വലിയ ശബ്ദം കേട്ടു വീടിന്റെ പിറകിലേക്ക് ചെന്നു. അയാള്‍ മരംമുഴുവന്‍ വെട്ടി ഇറക്കുകയാണെന്നു തോന്നി. നാണു വാപൊളിച്ചു മരത്തിനു മുകളില്‍ നടക്കുന്ന സംഭവം നോക്കുകയാണ്. നാണു, എന്താ ഇത് അയാളോട് നിര്‍ത്താന്‍ പറ. അവനു ചെവി കേള്‍ക്കില്ല, ഞാന്‍ പറഞ്ഞിട്ടും അവന്‍ നോക്കുന്നു പോലുമില്ല എന്ന് നാണു. ആ മരം ഒരുമാതിരി വെളുപ്പിച്ചു കഴിഞ്ഞു മരംവെട്ടി മനുഷ്യന്‍ ഒരു വളിച്ച ചിരി പാസ് ആക്കി.

അടുത്ത ഒരു മരത്തിന്റെ മുകളിലേക്കും കയറി, ഉച്ചത്തില്‍ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ട്. ഭാവിയില്‍ ആ ചില്ലകള്‍ ഒക്കെ കിണറിനും വീടിനും ഭീഷണി ആകും അതുകൊണ്ടു ഒക്കെ വെട്ടി നിരത്തുകയാണ് അയാള്‍. നാണുവും സഹായിയും ഓടി നടന്നു മുറിച്ചിട്ട ചില്ലകള്‍ ഒക്കെ പിറക്കി അടുക്കയാണ്. അര മണിക്കൂര്‍ നേരത്തെ അഭ്യാസ പ്രകടനം കഴിഞ്ഞു മരംവെട്ടി മനുഷ്യന്‍ താഴെ ലാന്‍ഡ് ചെയ്തു. എന്താ ഇയാളുടെ കൂലി എന്ന് നാണുവിനോട്, അവനോടു ചോദിക്കൂ എന്ന് നാണു. സാര്‍ ഇങ്ങു തന്നാല്‍ മതി എന്നായി മരംവെട്ടി. ഒരു മൂവായിരം രൂപ ഇങ്ങു തന്നെരു സാറേ!

എന്താ അമേരിക്കക്കാരന്‍ എന്ന് വിചാരിച്ചു നമ്മളെ അങ്ങ് വെട്ടി നിരത്തുകയാണല്ലോ എന്ന് പരിഭവപ്പെട്ടപ്പോള്‍, ബധിരന്‍ എന്ന് കരുതിയ മരംവെട്ടി, ചില പൊട്ടീര് അങ്ങ് പൊട്ടിച്ചു. സാറെ, ഇവിടെ നിക്കുന്നവര്‍ക്കു എല്ലാം ഇതിന്റെ വിഹിതം കൊടുക്കണം, പിന്നെ എനിക്ക് അത്രക്കൊന്നും കിട്ടില്ല. ഓഹോ, അവര്‍ക്കു ഞാന്‍ കൊടുത്തോളാം, എന്നാ ശരി എന്ന് പറഞ്ഞു മരം വെട്ടി സ്ഥലം വിട്ടു. നാണുവിന്റേയും തങ്കയുടെയും സഹായിയുടെയും എല്ലാം മുഖത്തു ഒരു വല്ലാത്ത ഇളിപ്പു മറച്ചു വെക്കാനായില്ല. എന്ത് ഇടപെട്ടാലും കമ്മീഷന്‍ ഇല്ലാത്ത ഒരു ഇടപാടും നാട്ടില്‍ നടക്കില്ല. ചുമ്മാ ഒന്ന് തൊട്ടു നിന്നാല്‍ മതി, ഒക്കെ ഒരു സെറ്റപ്പ്. മറുനാടന്‍ മലയാളിയെ കണ്ടാല്‍ തന്നെ ഊറ്റേണ്ട ഒരു തുക മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.

ഒരു പുസ്തക വ്യാപാരിക്കു ഞങ്ങള്‍ പുറത്തിറക്കിയ 500 പുസ്തകങ്ങള്‍ വേണമെന്നു ആവശ്യപ്പെട്ടു. ചുരുങ്ങിയ അവധിക്കുള്ളില്‍ പുസ്തകങ്ങള്‍ അവിടെ എത്തിച്ചപ്പോള്‍ അയാള്‍ക്ക് 50 ശതമാനം കമ്മീഷന്‍ വേണം, അങ്ങനെയെങ്കില്‍ രൊക്കം കാശു തരമെന്നായി. ഒരു പൊതു ഉപയോഗത്തിനുള്ള പുസ്തകമായിരുന്നതിനാല്‍ ലാഭം നോക്കാതെ അടിച്ചിറക്കുകയായിരുന്നു. ഇത്തരം കമ്മീഷന്‍ കൊടുത്താല്‍ ഒരു പുസ്തകത്തിന് 17 രൂപയോളം അധികം ഞാന്‍ കൈയ്യില്‍ നിന്നു ഇറക്കേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അയാള്‍ സമ്മതിക്കുന്നില്ല. വഴക്കടിക്കാന്‍ സമയവും സാഹചര്യവും ഇല്ലാത്തതിനാല്‍ ഒക്കെ അങ്ങനെ ആകട്ടെ എന്ന് സമ്മതിച്ചു. നാലു വര്‍ഷത്തോളം എന്റെ പിതാവ് ഊണും ഉറക്കവും ഉപേക്ഷിച്ചു അദ്ധ്വാനിച്ചു തയ്യാറാക്കിയ പുസ്തകം വിറ്റു ലാഭം ഉണ്ടാക്കുന്ന പെരുച്ചാഴി വില്‍പ്പനക്കാര്‍ മേലനങ്ങാതെ കീശ വീര്‍പ്പിക്കുന്നു. ചെറിയ ഒരു പ്രസ്ഥാനമാണെങ്കിലും ബി എം ഡബ്ല്യൂ കാറും, മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനവുമായി അവരൊക്കെ അടിച്ചുപൊളിക്കുകുയാണെന്നു കേട്ടു.

വിലകുറഞ്ഞ തൊഴില്‍ മര്യാദകള്‍ - ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയില്‍ ഒരു വെക്കേഷന്‍ പ്ലാന്‍ തിരക്കാന്‍ ചെന്നു . കുറെയേറെ സ്റ്റാഫ് എല്ലാവര്‍ക്കും പ്രതേകം ക്യൂബിക്കിളുകള്‍, നല്ല ഇന്റീരിയര്‍ ഡെക്കറേഷന്‍, അടിപൊളി സെറ്റപ്പുകള്‍. നമ്മുടെ നാട് ഇത്രയും പുരോഗമിച്ചു എന്നോര്‍ത്ത് അല്‍പ്പം അഹങ്കാരം ഉള്ളില്‍ തോന്നാതിരുന്നില്ല. പൂമുഖ ഡെസ്‌കില്‍ ഉണ്ടായിരുന്ന ട്രാവല്‍ സ്‌പെഷ്യലിസ്‌ററ് കുറെ യാത്രാ പദ്ധതികളും റേറ്റുകളും വിശദീകരിച്ചു. പിന്നെ അടുത്തിരുന്ന സ്റ്റാഫുകള്‍ ഒക്കെ ഓരോ ചോദ്യങ്ങളുമായി ടോണിയെ മൂടി. ഒരു മിനിറ്റു എന്ന് കണ്ണുകൊണ്ടു കാണിച്ചു ടോണി അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി കൊടുത്തുകൊണ്ടേയിരുന്നു. തുരുതുരാ ഫോണുകളും ഒക്കെയായി ടോണി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരുന്നു. അടുത്തിരുന്ന മറ്റൊരു സ്റ്റാഫിനെ കണ്ണുകൊണ്ടു എന്നെ സഹായിക്കാന്‍ നിര്‍ദേശിക്കുകയും അനുസരിച്ചു ഞാന്‍ കസേര മാറി.

രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതായ എന്നെ തിരക്കി എന്റെ ഡ്രൈവര്‍ എത്തി . അപ്പോഴേക്കും ഞാന്‍ നിരവധി കസേരകള്‍ മാറി, ഓരോരുത്തരോടും ഒന്നുമുതല്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു എത്തും പിടിയും കിട്ടാതായപ്പോള്‍ ജോസ് എന്ന അവസാന കണ്ണിയോട്, ഒക്കെ ശരിയാകുമ്പോള്‍ വിളിച്ചു പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു പിരിഞ്ഞു. പിറ്റേദിവസം വീണ്ടും അവിടെ ചെന്നപ്പോള്‍ ജോസ് ഫീല്‍ഡിലാണ് എന് മറുപടി. അവിടെയിരിക്കൂ എന്ന് പറഞ്ഞു അവിടെയുള്ള കുറെയേറെ സ്റ്റാഫ് തിരക്കിലായി. എന്താ ഞാന്‍ ചെയ്യേണ്ടത് എന്ന് തിരക്കാന്‍ പോലും അവര്‍ക്കു താല്പര്യമില്ല, പഴയ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ മനോഭാവം. കുറെ നേരം ഇരുന്ന ശേഷം ഇറങ്ങിപ്പോയി, അത് അവിടെയുള്ളവര്‍ ശ്രദ്ധിക്കുന്നതുപോലും ഉണ്ടായിരുന്നില്ല. വെറുതേ ഇല്ലാത്ത സമയം പാഴാക്കി അവിടെ, ഇത്തരം ഒരു സമീപനത്തില്‍ ടൂറിസം വികസിക്കുക തന്നെ ചെയ്യും എന്ന് പരിതപിച്ചു അവരുടെ മേഖല ഓഫീസില്‍ പരാതി പറഞ്ഞു.ഇത്തരം തൊഴില്‍ ഇടപാടുകളെപ്പറ്റി എഴുതും എന്ന് പറഞ്ഞപ്പോള്‍ ചില നീക്കു പോക്കുകള്‍ ഒക്കെ ഉണ്ടായി എന്ന് മാത്രം.

തിളങ്ങുന്ന സര്‍ക്കാര്‍ സ്ഥാപങ്ങള്‍ - സ്ഥലത്തിന്റെ കരം അടക്കാന്‍ പന്തളത്തെ വില്ലജ് ഓഫീസില്‍ ചെന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണ്തള്ളി എന്ന് പറയാം. കുറെ വര്ഷങ്ങള്ക്കു മുന്നേ അവിടെ കണ്ട ഒരു അനുഭവം മുന്‍പ് എങ്ങോ കുറിച്ചിരുന്നു. ഒരു കാറ്റിനു താഴെ വീഴാന്‍ പാകമായ ബ്രിട്ടീഷ് കാലത്തെ അതിജീവിച്ച ഒരു പഴഞ്ചന്‍ കൂട്ആയിരുന്നു ആ കെട്ടിടം. ഓരോ പ്രാവശ്യവും അവിടെ ചെല്ലുമ്പോ ഴും വില്ലജ് ഓഫീസറുടെ ഇരിപ്പിടം മാറിക്കൊണ്ടിരുന്നു എന്തായിരുന്നു എന്ന് തിരക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വിചിത്രമായിരുന്നു. കെട്ടിടത്തിന്റെ മേല്‍ത്തട്ടില്‍ നിറയെ മരപ്പട്ടികള്‍ ക്യാമ്പ് ചെയ്യുകയാണെന്നും അവ മൂത്രം ഒഴിക്കുന്ന ദിശ കണ്ടുപിടിച്ചു തന്റെ ഇരിപ്പിടം മാറികൊണ്ടിരിക്കയാണെന്നും ആണ് അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവിടെ മനോഹരമായ ഓഫീസില്‍ സെറ്റ്പ്പ് . കുറെ നേരം ഒന്ന് നോക്കി നിന്നു. കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല.

എന്തായാലും വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍ കെ എന്നിനെ നേരിട്ടുകണ്ടു അഭിനന്ദിക്കാം എന്ന് കരുതി. അവിടുത്തെ പഴയ ചിത്രം ഞാന്‍ ചികഞ്ഞെടുത്തു വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറയുന്നു അന്ന് ഇരുന്ന ഓഫീസര്‍ തന്നെയാണ് താന്‍. പക്ഷെ ഈ ഓഫീസ് ഒന്ന് ശരിയാക്കാന്‍ ദൃഢ നിശ്ചയം ചെയ്തു. തന്റെ പരിശ്രമവും ഡിപ്പാര്‍ട്‌മെന്റ് സഹകരണവും കൊണ്ട് ഒക്കെ ഇത് സാധിച്ചു. ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും മറ്റു സമിതികളില്‍ നിന്നും കിട്ടിയ അംഗീകാരങ്ങള്‍ അദ്ദേഹം ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു ഉദ്യോഗസ്ഥന് ഇപ്പോഴും സമൂഹത്തെ നന്നായി സേവിക്കാം എന്ന് വിളിച്ചുപറയുന്നതായിരുന്നു ആ കെട്ടിടവും അവിടുത്തെ സംവിധാനങ്ങളും. ഏറ്റവും ആകര്‍ഷിച്ചത് അവിടെ ജോലി ചെയ്യുന്ന ആളുകളുടെ പേരും ഉദ്യോഗപ്പേരും പുറത്തു തന്നെ എഴുതി വച്ചിരിക്കുന്നു.

ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചാല്‍ ഉടന്‍ തന്നെ വിളിച്ചു പറയേണ്ട നമ്പറും പുറത്തു വലുതായി തന്നെ എഴുതി വച്ചിരിക്കുന്നു.ഓഫീസ് ആകെ ക്ലീന്‍, സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ഒന്നാന്തരം ഇരിപ്പിടം, കുടിക്കാന്‍ വെള്ളം, ചുറ്റും കല്ലുകള്‍ പാകി വെടിപ്പാക്കിയ മുറ്റം, മഴവെള്ളം അടിച്ചുകേറാതിരിക്കാന്‍ ചുറ്റും പ്രകാശം കടക്കുന്ന മറകള്‍, ഉറപ്പുള്ള പന്തല്‍, ചുറ്റുമതിലിനോട് ചേര്‍ന്ന് നാട്ടുകാരെ കൂട്ടി ഒരു പ്രകൃതി ദൃശ്യം ഒരുക്കാനും പ്ലാന്‍ ഉണ്ടത്രേ. ഒക്കെ ഇന്റര്‍നെറ്റ് സംവിധാനത്തോടെ ക്രമീകരിച്ചിരിക്കുന്നു . ഇനിയും ഫോണ്‍ വഴി കരം അടക്കാനുള്ള ക്രമീകരണങ്ങളും ഉണ്ട്. സര്‍ക്കാരിനും ഉദ്യോഗസ്ഥനും അറിയാതെ ഒരു നമസ്‌കാരം പറഞ്ഞു.

സൂക്ഷിക്കേണ്ട ഭക്ഷണശാലകള്‍ - നല്ല ഒന്നാംതരം ഭക്ഷണശാലകള്‍ വഴിയോരങ്ങളില്‍ കാണാനുണ്ട്. ചിലവ സാധാരണ അമേരിക്കന്‍ ഭക്ഷണശാലകളേക്കാള്‍ വൃത്തിയും വെടിപ്പും ഉണ്ട്. ബാത്തറൂമുകളും ഫര്‍ണിച്ചറും മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. ഒക്കെ നല്ല കസ്റ്റമര്‍ ഫ്രണ്ട്ലി ഇടപാടുകള്‍ തന്നെ. ഒരു നീണ്ട യാതാക്കുശഷം രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് ഡ്രൈവര്‍ കൊണ്ടുപോയി, ഞങ്ങളെ ഒരു ഫാമിലി റൂമിലേക്ക് അവര്‍ നയിച്ചു . അവിടുത്തെ സജീകരണങ്ങള്‍ കണ്ടു ഞെട്ടിപ്പോയി. ഒരു വനം തന്നെ അവിടെ ഉണ്ടാക്കിയിരിക്കുന്നു, മരങ്ങളും മൃഗങ്ങള്‍ക്കും മദ്ധ്യേ തയ്യാറാക്കിയിരിക്കുന്ന അത്താഴമേശ മനോഹരമായിരുന്നു. ഷെഫ് നേരിട്ട് വന്നു ഞങ്ങളുടെ താല്പര്യങ്ങള്‍ അന്വേഷിക്കുന്നു. ഞങ്ങള്‍ വളരെ ഇമ്പ്രെസ്സ്ഡ് ആയി എന്ന് പറയേണ്ടതില്ല. ഭക്ഷണം കഴിച്ച ശേഷം കൈകഴുകി വന്നിട്ട് കയ്യില്‍ മൂന്നു വിരലില്‍ ഉള്ള ചുമന്ന കളര്‍ എത്ര കഴുകിയിട്ടും തുടച്ചിട്ടും പോകുന്നില്ല. ഭക്ഷണം കൊഴുപ്പിക്കാന്‍ എന്താണ് അതില്‍ ചേര്‍ത്തതു എന്നറിയില്ല. പിറ്റേദിവസം രാവിലെ വായില്‍ ആകെ പൊള്ളിയപോലെ ഒരു ഫീലിംഗ്. കുറെ ദിവസത്തേക്ക് ആ ഇമ്പ്രെഷന്‍ തുടര്‍ന്നുകൊണ്ടിരുന്നു.

(തുടരും)

വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും-1 (വാല്‍ക്കണ്ണാടി - കോരസണ്‍) വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും-1 (വാല്‍ക്കണ്ണാടി - കോരസണ്‍) വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും-1 (വാല്‍ക്കണ്ണാടി - കോരസണ്‍) വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും-1 (വാല്‍ക്കണ്ണാടി - കോരസണ്‍) വിദേശ മലയാളി കേരളത്തില്‍ കണ്ടതും അനുഭവിച്ചതും-1 (വാല്‍ക്കണ്ണാടി - കോരസണ്‍)
Join WhatsApp News
വായനക്കാരൻ 2019-02-05 21:54:06
ശരിയായ കാഴ്ച്ചകൾ മറച്ചുവയ്ക്കാതെ തുറന്നിടുക , നന്മകൾ ആവോളം ഉള്ള സ്ഥലമാണ് , പക്ഷെ എല്ലാം തോൽപ്പിക്കുന്ന രാഷ്രീയം മറച്ചുവെക്കാനാവില്ല. 
Sudhir Panikkaveetil 2019-02-06 19:02:01
പൊതുജനത്തെ കന്നിപ്പട്ടിയോടും , കഴുതയോടും 
ഉപമിക്കുന്നുണ്ട്. കേരളത്തിലെ പൊതുജനങ്ങൾ 
ബാലറ്റ് പേപ്പറിലൂടെ (ഇപ്പോൾ വോട്ട് യന്ത്രത്തിലൂടെ)
തിരഞ്ഞെടുക്കന്ന നേതാക്കൾ അവരെ കഴുതയായും 
പട്ടിയെയും കാണുന്നു.  കാണുന്നവർക്കും 
കാണപ്പെടുന്നവർക്കും പരാതിയില്ല. ശ്രീ കോര സൺ 
ആ പട്ടികളുടെ ഓളിയും (കുര യല്ല ) കഴുതകളുടെ 
കരച്ചിലും കണ്ട് വന്നതല്ലേ. അതൊക്കെ അവതരിപ്പിക്കുക.
നാട്ടിൽ പോയി ജനങ്ങൾക്ക് വീട്  വയ്ച്ചു കൊടുക്കുന്നവരും 
എഴുത്തുകാർക്ക് (അവിടത്തെ)  
അവാർഡ് കൊടുക്കുന്നവരും അറിയട്ടെ. ശ്രീ അനില്കുമാറിനെപോലെയുള്ളവരെയാണ് ആദരിക്കേണ്ടത്. 
 ശ്രീ കോരസൺ  താങ്കൾ ധൈര്യപൂർവം 
എഴുതുക. 
കോരസൺ 2019-02-07 08:19:23
സുധിർ സർ , പ്രതികരണത്തിന് നന്ദി. കേരളത്തിന്റെ മാറുന്ന മുഖം നമ്മൾ വെളിയിൽ നിന്ന് നോക്കുമ്പോൾ ശരിക്കും മനസ്സിലാകും. നന്മകൾ ഇന്നും മാഞ്ഞുപോയിട്ടില്ല എന്നത് ആശ്വാസം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക