Image

ഐക്യകാഹളം മുഴക്കി ഹൈന്ദവ സമ്മേളനം

Published on 05 July, 2011
ഐക്യകാഹളം മുഴക്കി ഹൈന്ദവ സമ്മേളനം
ക്രിസ്റ്റല്‍ സിറ്റി (വിര്‍ജീനിയ): കാലഹരണപ്പെട്ട ജാതിസമ്പ്രദായത്തില്‍ നിന്ന്‌ മോചിതരായി ഹൈന്ദവ ഐക്യം പ്രാപിക്കുകയും, സനാതനധര്‍മ്മത്തിന്റെ പാതയില്‍ ജീവിതം കെട്ടിപ്പെടുക്കുകയും വേണമെന്ന ആചാര്യന്മാരുടെ ഉപദേശങ്ങളാല്‍ ധന്യമായ ഹൈന്ദവ സമ്മേളനം ആത്മീയാനുഭവമായി.

വാഷിംഗ്‌ടണ്‍ ഡി.സിയുടെ പ്രാന്തത്തില്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലില്‍ അരങ്ങേറിയ ത്രിദിന സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1500-ല്‍പ്പരം പേര്‍ പങ്കെടുത്തു. ആത്മീയ പ്രഭാഷണങ്ങളും, സെമിനാറുകളും, കലാപരിപാടികളും സജീവമാക്കിയ സമ്മേളനത്തിന്‌ നിശബ്‌ദ സാക്ഷിയായി മഹാഗുരു സത്യാനന്ദ സരസ്വതിയുടെ ജീവസ്സുറ്റ രൂപം നാരായണന്‍ കുട്ടപ്പന്റെ കരവിരുതില്‍ സമ്മേളന നഗരിക്ക്‌ അനുഗ്രഹമായി. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആദ്യ സമ്മേളനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സ്വാമിയുടെ പേരിലായിരുന്നു സമ്മേളന നഗറും-സ്വാമി സത്യാനന്ദ സരസ്വതി നഗര്‍.

കണ്‍വെന്‍ഷന്‌ സ്വാമി ചിതാനന്ദപുരി ഭദ്രദീപം തെളിയിച്ചു. കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ എം.ജി. മേനോന്‍, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണു, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മുരളീരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ശാന്താനന്ദ, സ്വാമി ഉദിപ്‌ ചൈതന്യ, ആചാര്യ വിവേക്‌, ജെ. ലളിതാംബിക ഐ.എ.എസ്‌, ഡോ. എന്‍, ഗോപാലകൃഷ്‌ണന്‍, കെ.പി. ശശികല ടീച്ചര്‍, രമേശ്‌ നാരായണന്‍, ജയരാജ്‌ വാര്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രശസ്‌ത സിനിമാതാരം ദിവ്യാ ഉണ്ണിയുടെ നൃത്തത്തോടെയാണ്‌ ഒന്നാംദിവസത്തെ കലാപരിപാടികള്‍ തുടങ്ങിയത്‌. പത്മശ്രീ ധനജ്ഞയന്‍ ദമ്പതികളുടെ നൃത്തശില്‍പം ആസ്വാദകരുടെ മനംകുളിര്‍പ്പിച്ചു. വാഷിംഗ്‌ടണിലെ പ്രതിനിധികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കണ്‍വെന്‍ഷന്‌ തുടക്കംകുറിച്ച്‌ നടന്ന വര്‍ണ്ണശബളമായ ശോഭായാത്ര ശ്രദ്ധേയമായി. കേരളീയ വേഷം ധരിച്ച യുവതീയുവാക്കള്‍, താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകള്‍, വഞ്ചിപ്പാട്ട്‌, ആര്‍പ്പുവിളി എന്നിവയൊക്കെ ശോഭായാത്രയ്‌ക്ക്‌ തനി കേരളീയ തനിമ നല്‍കി.

എം.ജി. മേനോന്‍, സുധ കര്‍ത്താ, ഡോ. മുരളീരാജന്‍, വിശ്വനാഥപിള്ള, സതീശന്‍ നായര്‍, രതിഷ്‌ നായര്‍, ഗണേശ്‌ ജി. നായര്‍, രാജു നാണു, രാജ്‌ കുറുപ്പ്‌, സനില്‍ ഗോപി, ഹരിദാസന്‍ പിള്ള, പ്രഫ. ജയകൃഷ്‌ണന്‍, പ്രേംകുമാര്‍, ലക്ഷ്‌മിക്കുട്ടി പണിക്കര്‍ തുടങ്ങിയവര്‍ ശോഭായാത്രയ്‌ക്ക്‌ നേതൃത്വം നല്‍കി.

നാല്‌ വേദികളിലായാണ്‌ പരിപാടികള്‍ നടന്നത്‌. ആത്മീയ സെമിനാര്‍, ശങ്കരന്‍ നമ്പൂതിരിയുടെ കര്‍ണ്ണാടക സംഗീത കച്ചേരി, ജയരാജ്‌ വാര്യരുടെ കാരിക്കേച്ചര്‍, കെ.പി. ശശികല ടീച്ചര്‍, ഡോ. എന്‍. ഗോപാലകൃഷ്‌ണന്‍, സ്വാമി ഈശ്വരാനന്ദ, സ്വാമി ഉദിപ്‌ ചൈതന്യ എന്നിവരുടെ പ്രഭഷണം എന്നിവ ശ്രദ്ധേയമായി.

കെ.എച്ച്‌.എന്‍.എയുടെ മുന്‍ ഭാരവാഹികളേയും പ്രമുഖ വ്യക്തികളേയും പ്ലാക്‌ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ച ബാങ്ക്വറ്റില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ സമ്മാനങ്ങളും വിതരണം ചെയ്‌തു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മുരളീരാജനായിരുന്നു ചടങ്ങുകള്‍ നിയന്ത്രിച്ചത്‌.

2013-ലെ സമ്മേളനം ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ ഡേലിലായിരിക്കും നടക്കുക. ഇപ്പോള്‍ ഫോമയുടെ ജോയിന്റ്‌ സെക്രട്ടറിയായ ആനന്ദന്‍ നിരവേല്‍ ആണ്‌ പുതിയ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌, ഡാളസില്‍ നിന്നുള്ള ടി.എന്‍. നായര്‍ വൈസ്‌ പ്രസിഡന്റ്‌, ഫ്‌ളോറിഡയില്‍ നിന്നുള്ള സുരേഷ്‌ നായര്‍ സെക്രട്ടറി, ന്യൂയോര്‍ക്കില്‍ നിന്നുള്ള അറ്റോര്‍ണി വിനോദ്‌ കെയാര്‍കെ ജോയിന്റ്‌ സെക്രട്ടറി, ഫ്‌ളോറിഡയില്‍ നിന്നുള്ള വിനോദ്‌ കുമാര്‍ ട്രഷറര്‍ എന്നിവര്‍ അടങ്ങിയ ഭരണസമിതിയേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഭാരവാഹികള്‍ മിക്കവരും യുവതലമുറയില്‍ നിന്നുള്ളവരാണെന്നതും ശ്രദ്ധിക്കപ്പെട്ടു.

കലാപ്രതിഭയായി ശബരി സുരേന്ദ്രനും, കലാതിലകമായി മീരാ നായരും കിരീടമണിഞ്ഞു.

ശ്വേതാ മോഹന്‍, വിധു പ്രതാപ്‌ ടീം നയിച്ച ഗാനമേളയോടെ സമ്മേളനത്തിന്‌ തിരശ്ശീല വീണു.
More pictures: see items below
ഐക്യകാഹളം മുഴക്കി ഹൈന്ദവ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക