Image

കേരളത്തിലെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം.. (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 06 February, 2019
കേരളത്തിലെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം.. (മുരളി തുമ്മാരുകുടി)
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണം പത്തിരട്ടിയായി, എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കാന്‍ എത്തുന്നവരുടെ എണ്ണവും അതിലും എത്രയോ മടങ്ങായി..

സമൂഹത്തിലെ ഏറ്റവും മിടുക്കരായ രണ്ടായിരം പേര്‍ മാത്രം പഠിച്ചിരുന്ന കാലത്ത് എഞ്ചിനീയറിങ്ങ് കോളേജുകളില്‍ തോല്‍വി എന്നത് അത്ര സാധാരണം ആയിരുന്നില്ല. പഠിച്ചു പുറത്തു വരുന്നവര്‍ക്ക് എഞ്ചിനീയറിങ്ങും ആയി ബന്ധമുള്ള എന്തെങ്കിലും ജോലികള്‍ ഒക്കെ കിട്ടാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

പക്ഷെ എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ദ്ധന ഇതെല്ലം മാറ്റി മറിച്ചു. എഞ്ചിനീയറിങ്ങ് കോളേജുകളില്‍ എത്തുന്നവരുടെ എണ്ണം ആയിരങ്ങളില്‍ നിന്നും പതിനായിരങ്ങളിലേക്ക് മാറി. എഞ്ചിനീയറിങ്ങ് കോളേജുകളില്‍ തോല്‍വി പതിവായി. വര്‍ഷാവര്‍ഷം പഠിച്ചിറങ്ങുന്നവര്‍ക്ക് എഞ്ചിനീയറിങ്ങും ആയി ബന്ധമുള്ള ജോലികള്‍ കിട്ടാന്‍ ബുദ്ധിമുട്ടായി. ബാങ്ക് ക്ലെര്‍ക്ക് മുതല്‍ ബസ് കണ്ടക്ടര്‍ വരെ ആകാന്‍ എന്‍ജിനീയര്‍മാര്‍ മത്സരിക്കുന്ന നില വന്നു.

ലോകത്ത് എന്‍ജിനീയര്‍മാരുടെ ആവശ്യത്തിന് ഇപ്പോഴും കുറവൊന്നുമില്ല. കേരളത്തില്‍ നിന്നും പതിനായിരം എന്‍ജിനീയര്‍മാര്‍ കൂടുതല്‍ വന്നതുകൊണ്ട് ലോക കമ്പോളം ഇടിഞ്ഞു വീഴാന്‍ ഒന്നും പോകുന്നില്ല. പക്ഷെ നമ്മള്‍ പഠിപ്പിച്ചെടുക്കുന്ന എന്‍ജിനീയര്‍മാര്‍ ലോകത്തെവിടെയും മത്സരിക്കാന്‍ കഴിവുള്ളവര്‍ ആകണം, ലോകം ആഗ്രഹിക്കുന്ന സിലബസ് വേണം അവര്‍ പഠിക്കാന്‍, ഭാഷയിലും എഴുത്തിലും പ്രസന്റേഷനിലും ഒക്കെ കൂടുതല്‍ കഴിവ് വേണം, പിന്നെ ലോകവും ആയി അവരെ ബന്ധിപ്പിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാക്കണം.

തല്‍ക്കാലം ഇതൊന്നുമില്ല. പത്തു കഴിഞ്ഞാല്‍ പ്ലസ് റ്റു പോലെ പ്ലസ് റ്റു കഴിഞ്ഞാല്‍ എഞ്ചിനീയറിങ്ങ് കോളേജിലേക്ക് കുട്ടികള്‍ മാര്‍ച്ച് ചെയ്യുകയാണ്. എഞ്ചിനീയറിങ്ങ് ജയിച്ചോ തോറ്റോ പുറത്തിറങ്ങിയിട്ടാണ് ജീവിതത്തില്‍ എന്ത് ചെയ്യണം എന്ന് ചിന്തിച്ച് തുടങ്ങുന്നത്.

കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലോ നമ്മുടെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയോ വിദ്യാഭ്യാസ വകുപ്പോ ഒക്കെ ഇതിനെ പറ്റി പഠനം നടത്തി കാര്യങ്ങള്‍ കൂടുതല്‍ ശരിയാക്കേണ്ടതാണ്. പക്ഷെ അതുണ്ടാവുന്നില്ല.

കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിലെ വെല്ലുവിളികളെ പറ്റി ആള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്സ് നടത്തിയ പഠനം അതിനാല്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മൈതാന പ്രസംഗത്തില്‍ നിന്നും മാറി വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഉള്ള ചര്‍ച്ചകളില്‍ നിന്നാണ് ഉപയോഗപ്രദമായ പോളിസികള്‍ ഉണ്ടാക്കാന്‍ പറ്റുന്നത്. അകജഇ യുടെ ഈ പഠനം സമൂഹത്തില്‍ ചര്‍ച്ചകളിലേക്ക് നയിക്കട്ടെ, ഗുണകരമായ മാറ്റങ്ങള്‍ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസത്തില്‍ ഉണ്ടാകട്ടെ. സമൂഹത്തെ ബാധിക്കുന്ന മറ്റു വിഷയങ്ങളെ പറ്റിയും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പഠനവും ചര്‍ച്ചകളും ഉണ്ടാകട്ടെ. മറ്റു പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇത് മാതൃകയാവട്ടെ.

കേരളത്തിലെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം.. (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക