Image

ചരിത്രം രചിച്ച സൗന്ദര്യം : എയ്ഞ്ചല പോണ്‍സ് (വിശ്വസുന്ദരി മത്സരത്തില്‍ ലോകത്ത് ആദ്യമായി പങ്കെടുത്ത ട്രാന്‍സ്: മീട്ടു റഹ്മത്ത് കലാം)

Published on 07 February, 2019
ചരിത്രം രചിച്ച സൗന്ദര്യം : എയ്ഞ്ചല പോണ്‍സ് (വിശ്വസുന്ദരി മത്സരത്തില്‍ ലോകത്ത് ആദ്യമായി പങ്കെടുത്ത ട്രാന്‍സ്: മീട്ടു റഹ്മത്ത് കലാം)
ഫെമിനിസം എന്ന വാക്കിന് ഓരോ വ്യക്തിക്കും അവരവരുടേതായ വ്യാഖ്യാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. ആദ്യാവസാനം സ്ത്രീയായി ജീവിച്ച വ്യക്തിക്കുപോലും മനസിലാക്കിയെടുക്കാന്‍ കഴിയാത്ത അര്‍ത്ഥതലങ്ങള്‍ തിരിച്ചറിഞ്ഞ് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മിസ് സ്‌പെയിന്‍ എയ്ഞ്ചല പോണ്‍സ്. നാലാം വയസുവരെ ആണ്‍കുട്ടിയായി ജീവിതം കൊണ്ടുപോയ ഒരാള്‍ തന്നിലെ സ്‌െ്രെതണത തിരിച്ചറിഞ്ഞ് വിശ്വസുന്ദരി മത്സരത്തില്‍ മാറ്റുരച്ച അവിശ്വസനീയമായ ജീവിതകഥ..

പോണ്‍സ് മൊറേനോ മരിയ ജോസ് ദമ്പതികളുടെ മകനായി 1991 ജനുവരി 21 ന് സ്‌പെയിനിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച കുട്ടി, മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി മാറുമ്പോള്‍ കൈമുതലായി ഉണ്ടായിരുന്നത് ഇച്ഛാശക്തി മാത്രമായിരുന്നു. സഹോദരി അമാന്ഡയുമായി കളിക്കുമ്പോള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ ചിന്തകള്‍ ഒരാണിന്റേതല്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും നിസ്സഹായതയുടെ നീരാളിപ്പിടിത്തത്തില്‍ ആ മനസ്സ് ,എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമില്ലാതെ വര്‍ഷങ്ങളോളം കുഴഞ്ഞു. പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുന്നതായിരുന്നു ആശ്വാസം. കുടുംബവും അവളെ ചേര്‍ത്തുനിര്‍ത്തി. സാഹസികതയുടെയും കാല്പനികതയുടെയും ലോകം പരിചയപ്പെട്ടതോടെ സ്വജീവിതത്തിലും ഒരുനാള്‍ മാജിക്ക് സംഭവിക്കുമെന്ന പ്രതീക്ഷ വളര്‍ന്നു. ആ പ്രതീക്ഷ വെറുതെയായില്ല. അതുവരെ മനസുകൊണ്ടു മാത്രം സ്ത്രീയായിരുന്ന എയ്ഞ്ചല, 2014 ല്‍ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും സ്ത്രീയായി.

മോഡലിങ്ങില്‍ തല്പരയായിരുന്നതുകൊണ്ടുതന്നെ മോഡലായി അറിയപ്പെടാന്‍ അവള്‍ തീരുമാനമെടുത്തു. ആദ്യകാലങ്ങള്‍ പോരാട്ടത്തിന്റേതായിരുന്നു. പരസ്യ കോണ്‍ട്രാക്ട് ഒപ്പുവച്ചശേഷം ജന്മനാ സ്ത്രീയായി ജനിച്ചയാളല്ല എന്നതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ട അനവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെയും ക്രിയാത്മകതയുടെയും ലോകമെന്ന് അവകാശപ്പെടുന്ന ഫാഷന്‍ മേഖലയില്‍ ലിംഗസമത്വം ഇല്ലെന്നത് അവളെ അത്ഭുതപ്പെടുത്തി. എയ്ഞ്ചലയിലെ ആക്ടിവിസ്റ്റ് അഹോരാത്രം പരിശ്രമിച്ചതിന്റെ ഫലമായി,ഫാഷന്റെ വലിയൊരു ലോകം അവള്‍ക്കുമുന്നില്‍ മലര്‍ക്കെ തുറന്നു.സ്‌പെയിനിലെ ടോപ് ബ്രാന്‍ഡുകളുടെ മോഡലായുള്ള അവളുടെ വളര്‍ച്ച കണ്ണടച്ചുതുറക്കുന്നത്രവേഗത്തിലായിരുന്നു. മിസ് സ്‌പെയിന്‍ കിരീടം ചൂടിയപ്പോഴും അവള്‍ തൃപ്തയായില്ല. ലോകത്തുള്ള മുഴുവന്‍ ട്രാന്‍സുകളെയും പ്രതിനിധീകരിക്കാന്‍ ആയിരുന്നു ആഗ്രഹം. മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ഭാഗത്തായപ്പോള്‍ തന്നെ എയ്ഞ്ചല സ്വയം വിജയിയായി പ്രഖ്യാപിച്ചു. കാരണം, അത്രമാത്രമായിരുന്നു അവളുടെ ലക്ഷ്യം. 2018 ല്‍ തായ്‌ലന്‍ഡില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ 66 വര്‍ഷങ്ങളുടെ ചരിത്രം മാറ്റിയെഴുതിയപ്പോള്‍, തന്നെപ്പോലുള്ളവര്‍ക്ക് ഏതു രംഗവും നിശ്ചയദാര്‍ഢ്യത്തോടെ വെട്ടിപ്പിടിക്കാമെന്ന് നിറകണ്ണുകളോടെ അവള്‍ പ്രഖ്യാപിച്ചു. വിശ്വസുന്ദരി പട്ടം നേടാന്‍ കഴിയാത്തതില്‍ അവള്‍ ദുഃഖിച്ചില്ല.

എയ്ഞ്ചലയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിതാണ്:

"ഓരോ ജീവിത്തിനും ഓരോ നിയോഗമുണ്ട്. സ്ത്രീയായി ജനിച്ചിരുന്നെങ്കില്‍ നേടാന്‍ കഴിയാത്തത്ര കാര്യങ്ങള്‍ എനിക്കിപ്പോള്‍ നേടാന്‍ കഴിഞ്ഞു. ഈ ജീവിതത്തിലൂടെ എന്നെപ്പോലുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് മഹത്തായ സന്ദേശം കൈമാറാനും കഴിഞ്ഞു. സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ഒന്നും തടസ്സമല്ലെന്ന വലിയ പാഠം"
ചരിത്രം രചിച്ച സൗന്ദര്യം : എയ്ഞ്ചല പോണ്‍സ് (വിശ്വസുന്ദരി മത്സരത്തില്‍ ലോകത്ത് ആദ്യമായി പങ്കെടുത്ത ട്രാന്‍സ്: മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
josecheripuram 2019-02-07 13:17:17
We all think what we think is right and to establish we are right we do anything.Why don't we think the other also have a brain?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക