Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ -6 (ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 08 February, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ -6 (ജോര്‍ജ് പുത്തന്‍കുരിശ്)
'നമ്മളുടെ ഏറ്റവും വലിയ ദൗര്‍ബ്ബല്യം ഇടയ്ക്ക് വച്ച് നമ്മളുടെ ശ്രമങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ്. എന്നാല്‍ തീര്‍ച്ചയായും വിജയിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു അത് ഒരിക്കല്‍ കൂടി ശ്രമിക്കുക എന്നതാണ്.' എന്ന തോമസ്സ് അല്‍വ എഡിസണ്‍ന്റെ വാക്കുകളില്‍ നിരാശയറ്റവരെ പുനര്‍ ജീവിപ്പിക്കാന്‍ പോരുന്ന ഇച്ഛാശക്തി സന്നിവേശിപ്പിച്ചിരിക്കുന്നു. ഒരു കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ പകരുന്ന വിഷജ്വരത്താല്‍ അദ്ദേഹത്തിന് കേള്‍വി നഷ്ടപ്പെട്ടിരുന്നു. ഈ രോഗം അദ്ദേഹത്തിന്റെ യൗവന കാലത്തിന്റെ ഭൂരിഭാഗവും ബധിരതയാല്‍ കഴിയാന്‍ ഇടയാക്കി. എഡിസന് പന്ത്രണ്ടാഴ്ച മാത്രമെ പൊതുവിദ്യാലയത്തില്‍ പഠിത്തം തുടരാന്‍ കഴിഞ്ഞുള്ളു. അദ്ദേഹത്തെ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന അദ്ധ്യാപകന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത്, എഡിസന്റെ അമ്മ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കുന്നതിന് പകരം വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ തുടങ്ങി. വായനയിലുള്ള അദ്ദേഹത്തിന്റെ അത്യുത്സുകത വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ താത്പര്യമുള്ളവനാക്കി. എന്നിരുന്നാലും അദ്ദേഹത്തിന്റെ ബുദ്ധി വൈഭവങ്ങള്‍ അദ്ദേഹത്തെ പരാജിതന്‍ ആക്കാതിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അദ്ദേഹത്തിന് പല തടസ്സങ്ങളും നേരിടേണ്ടതായി വന്നു. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ചു പറഞ്ഞാല്‍, 'ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല നേരെമറിച്ച ഒരിക്കലും പ്രവര്‍ത്തിക്കാത്ത പതിനായിരം മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി.' എന്നാണ്
എഡിസണും കുടംബവും മിച്ചിഗണിലുള്ള പോര്‍ട്ട് ഹ്യൂറെനിലേക്ക് താമസം മാറ്റി. അവിടെ തൊഴില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് എഡിസന് ഉപജീവനത്തിനായി പലതരത്തിലുള്ള ജോലികള്‍ ചെയ്യേണ്ടതായി വന്നു. പോര്‍ട്ട് ഹ്യൂറണില്‍ നിന്ന് മിച്ചിഗണിലേക്ക് പോകുന്ന ട്രയിനില്‍ അദ്ദേഹം ക്യാന്‍ഡി, ന്യൂസ് പേപ്പര്‍, പച്ചക്കറികള്‍ മുതലായവ വിറ്റ്, ജീവിക്കാനുള്ള പണം ഉണ്ടാക്കിയിരുന്നു. ഒരിക്കല്‍ നിയന്ത്രണം വിട്ടു വന്ന ട്രെയിനിന്റ മുന്നില്‍ നിന്ന് മൂന്ന് വയസ്സുകാരന്‍ ജിമ്മി മക്കന്‍സിയെ രക്ഷിച്ചതിന് നന്ദി സൂചകമായി ജിമ്മിയുടെ പിതാവ് എഡിസണെ ടെലിഫോണ്‍ ഓപ്പറേറ്ററായി പരിശീലിപ്പിച്ചു. ടെലിഫോണ്‍ ഓപ്പറേറ്ററായുള്ള അദ്ദേഹത്തിന്റെ ആദ്യ ജോലി ഒണ്ടാരിയോയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റെയില്‍വേയില്‍ ആയിരുന്നു. അവിടെ ജോലി ചെയ്യുമ്പോള്‍ എഡിസണ്‍ ക്വോളിറ്റേറ്റീവ് അനാലസിസ് പഠിക്കുകയും റെയില്‍വേയില്‍ പല രാസ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. റോഡില്‍ പേപ്പര്‍ വില്ക്കാനുള്ള പ്രത്യേക അവകാശം എഡിസണ്‍ കരസ്ഥമാക്കി. അതോടൊപ്പം മറ്റു നാലുപേരുടെ സഹായത്തോടെ ടൈപ്പ് സെറ്റ് ചെയ്യുകയും 'ഗ്രാന്‍ഡ് ട്രങ്ക് ഹെറാള്‍ഡ്' എന്ന പത്രം ആരംഭിക്കുകയും അത് മറ്റുള്ള പത്രങ്ങളോടൊപ്പം വിറ്റഴിക്കുകയും ചെയ്തു. ഒരു വ്യവസായി എന്ന നിലയിലുള്ള തന്റെ കഴിവുകള്‍ കണ്ടെത്തിയ സമയമായിരുന്നു അത്. പില്‍ക്കാലത്ത് ലോക പ്രശസ്തമായ ജനറല്‍ ഇലക്ടറിക്ക് കമ്പനിയുള്‍പ്പടെ പതിനാല് കമ്പനികള്‍ സ്ഥാപിക്കാന്‍, 'ഞാന്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല എനിക്ക് അത് ഒരു വിനോദമായിരുന്നു' എന്ന് പറഞ്ഞ ഈ കഠിനാദ്ധ്വാനിയേ ആര്‍ക്കും മാതൃകയാക്കാവുന്നതാണ്.

ആയിരത്തി എണ്ണൂറ്റി എണ്‍പത്തിയാറില്‍, പത്തെമ്പൊതാമത്തെ വയസ്സില്‍ എഡിസണ്‍ ലൂസിവില്‍ കെന്‍ടെക്കിയിലേക്ക് താമസം മാറ്റി. അവിടെ അദ്ദേഹം വെസ്‌റ്റേണ്‍ യൂണിയനിലെ ജോലിക്കാരനായി രാത്രിയില്‍ ജോലി ചെയ്യാന്‍ തിരഞ്ഞെടുത്തു. ഇത് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായ വായനയിലും പരീക്ഷണങ്ങളിലും സമയം ചിലവഴിക്കാനുള്ള അവസരം നല്‍കി. ഒരിക്കല്‍ ലെഡ് ബാറ്ററിയില്‍ പരീക്ഷണം നടത്തികൊണ്ടിരുന്നപ്പോള്‍ അതില്‍ നിന്ന് തുവിയ സള്‍ഫ്യൂരിക്കാസിഡ് ഒഴുകി ബോസിന്റെ മേശയുടെ അടിയില്‍ എത്തുകയും, അത് കണ്ടെത്തിയ ബോസ് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. പക്ഷെ നമ്മളുടെ പൂര്‍വ്വ പിതാക്ക•ാരെപ്പോലെ ധീരരായി, വിശ്വാസത്തോടെ മുന്നേറുക എന്ന് വിശ്വസിച്ചിരുന്ന എഡിസണ് ഒരോ പരാജയങ്ങളും മറ്റൊരവസരമായിരുന്നു. 

എഡിസണന്റെ കണ്ടുപിടുത്തങ്ങളുടെ യാത്രയിലെ ഏറ്റവും നവീനമായ കാല്‍വെയ്പ് എന്ന് പറയുന്നത് ആയിരത്തി എണ്ണൂറ്റി എഴുപത്തിയാറില്‍ അദ്ദേഹം ന്യൂജേഴ്‌സിയിലുള്ള മെന്‍ലോ പാര്‍ക്കില്‍ സ്ഥാപിച്ച വ്യാവസായിക ഗവേഷണ പരീക്ഷണ ശാലയാണ്. ക്വാഡ്രോപ്ലക്‌സ് ടെലിഗ്രാഫിലൂടെ നേടിയ പണമാണ് അത് വാങ്ങുവാനുള്ള  യോഗ്യത അദ്ദേഹത്തിന് നേടി കൊടുത്തത്.   ക്വാഡ്രോപ്ലക്‌സ് ടെലിഗ്രാഫ് ആയിരുന്നു എഡിസണ്   സാമ്പത്തിക വിജയത്തിന് വഴിതെളിച്ചതും. ഏകദേശം ഒരു ദശകത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ന്യൂജേഴ്‌സിയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഗവേഷണ ശാല ആ സിറ്റിയുടെ രണ്ട് ബ്ലോക്കുകളിലേക്ക് പടര്‍ന്നു പന്തലിച്ചു. അദ്ദേഹത്തിന്റെ മിക്ക കണ്ടു പിടുത്തങ്ങളും ഇവിടെ വച്ചാണ് നടത്തപ്പെട്ടത്.  അദ്ദേഹത്തിന് പരീക്ഷണ നിരീഷണങ്ങളിലുള്ള അഭിനിവേശത്തിന്റെ തെളിവായിരുന്നു, അദ്ദേഹത്തിന്റെ ലാബില്‍ എണ്ണായിരും വ്യത്യസ്തമായ രാസ വസ്തുക്കള്‍, എല്ലാതരത്തിലുമുള്ള സ്‌ക്രൂ, നീഡില്‍, വയര്‍, കോഡ്, മനുഷ്യന്റേയും മൃഗങ്ങളുടേയും രോമം, അതുപോലെ ഇവിടെ എഴുതുവാന്‍ പറ്റാത്ത  വിധത്തിലുള്ള വസ്തുക്കളുടെ ശേഖരങ്ങള്‍ ഉണ്ടെന്നുള്ള അവകാശവാദത്തിന്റെ പത്ര റിപ്പോര്‍ട്ട്. ആയിരത്തി തൊണ്ണൂറ്റി മൂന്ന് പാറ്റന്റ്‌സ് (കുത്തകാവകാശം) തോമസ്സ് എഡിസന്‍ന്റ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  എഡിസന്റെ ഓഫീസ് മേശയുടെ മുകളില്‍ സര്‍ ജോഷ്വാ റെനോള്‍ഡ്‌സിന്റെ വളരെ പ്രശസ്തമായ, 'ചിന്തിക്കുക എന്ന കഠിനാദ്ധ്വാനത്തില്‍ നിന്ന് ആര്‍ക്കും നീക്കുപോക്കില്ല' എന്ന ഉദ്ധരണി ആലേഖനം ചെയ്തിരിക്കുന്നു. 

എഡിസന്റ ലോക പ്രശസ്തി നേടിയ സ്വനഗ്രാഹി യന്ത്രം, ചാലുകീറിയ സിലണ്ടറില്‍ വെള്ളീയ തകിട് ചുറ്റി അതിലാണ് ശബ്ദാലേഖനം നടത്തിയണ് ഉണ്ടാക്കിയത്.  അതിന്റെ ഗുണനിലവാരം മോശമായിരന്നിട്ടും ആ കണ്ടുപിടുത്തം എഡിസനെ വളരെ പ്രശസ്തനാക്കി. അമേരിക്കയിലെ ഏറ്റവും പ്രശസ്തനും നാഷണല്‍ അക്കാര്‍ഡമി ഓഫ് സയന്‍സിന്റെ പ്രസിഡണ്ടുമാമയ ജോസഫ് ഹെന്ററി എഡിസനെ കുറിച്ചു പറഞ്ഞത് 'അമേരിക്കയിലെ ഏറ്റവും നിപണനായ കണ്ടു പിടുത്തക്കാരനെന്നാണ്'.  ആയിരത്തി എണ്ണൂറ്റി എഴുപത്തിയെട്ടില്‍ വാഷിങ്ടണലെ നാഷണല്‍ അക്കാര്‍ഡമി ഓഫ് സയന്‍സില്‍ കോണ്‍ഗ്രസ്‌മെന്‍ സെനറ്റേഴ്‌സ് അതുപോലെ അമേരിക്കന്‍ പ്രസിഡണ്ടായ ഹെയിസിന്റെ സാന്നിദ്ധ്യത്തില്‍ എഡിസണ്‍ തന്റെ കണ്ടു പിടുത്തമായ സ്വനഗ്രാഹി യന്ത്രം പ്രദര്‍ശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് എഡിസണ്‍ ഒരു പ്രതിഭാശാലിയും അദ്ദേഹത്തിന്റെ സ്വനഗ്രാഹി യന്ത്രം ചരിത്രത്തില്‍ ജീവിക്കാന്‍ പോകുന്ന ഒന്നുമെന്നാണ്. കാര്‍ബണ്‍ ടെലിഫോണ്‍,  ട്രാന്‍സ്മിറ്റര്‍, ഇലക്ട്രിക്ക് ലൈറ്റ്, ഇലക്ട്രിക്ക് പവര്‍ ഡിസ്റ്ററിബ്യൂഷന്‍, ടെലഗ്രാഫിന്റെ  വികസനം, മോഷന്‍ പിക്‌ച്ചേഴ്‌സ്, തുടങ്ങി അനേക കണ്ടു പിടുത്തങ്ങള്‍ ശരീരത്തിന്റെ ഏറ്റവും വലിയ ധര്‍മ്മം എന്നത് ബുദ്ധി ശക്തിയുടെ പ്രഭവ സ്ഥാനമായ മസ്തിഷ്‌ക്കത്തെ ചുമന്നു കൊണ്ടു നടക്കുക എന്നതാണെന്ന് വിശ്വസിക്കുന്ന ഈ ധീഷണശാലിയുടെ ഭാവനയില്‍ വിരിഞ്ഞതാണ്.   

ചിന്താമൃതം:
ജീവിതത്തിലെ മിക്ക പരാജയങ്ങള്‍ക്കും കാരണം വിജയത്തോട് വളരെ അടുത്തു ചെന്നിട്ടും എത്രമാത്രം അവര്‍ അതിന്റെ അടുത്തെത്തി   എന്ന് തിരിച്ചറിയാതെ  ഉപേക്ഷിച്ചു പോയതിന്റെ ഫലമാണ്. (തോമസ്സ് എ. എഡിസണ്‍)


ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ -6 (ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക