Image

കേന്ദ്രസര്‍ക്കാരിന്റെ ചുവടുവയ്പ്പ് സിനിമാ മേഖലയില്‍ ഒരു ഗെയിം ചെയ്ഞ്ചര്‍ ആവുക തന്നെ ചെയ്യും'; കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍

Published on 08 February, 2019
കേന്ദ്രസര്‍ക്കാരിന്റെ ചുവടുവയ്പ്പ്  സിനിമാ മേഖലയില്‍ ഒരു ഗെയിം ചെയ്ഞ്ചര്‍ ആവുക തന്നെ ചെയ്യും'; കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍

കൊച്ചി: കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ആ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും മോഹന്‍ലാലിനെ മത്സര രംഗത്ത് ഇറക്കാനുള്ള പ്രയത്‌നത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്.എസും.


ഏതുവിധേനയും ഇക്കുറി എങ്കിലും കേരളത്തില്‍ ഒരു സീറ്റ് ലഭിക്കണം എന്നാണ് ഇരു പാര്‍ട്ടികളുടേയും ആഗ്രഹം. അതിനുവേണ്ടി ഏതറ്റം വരെ പോകാനും ഇവര്‍ തയ്യാറുമാണ്. ഇതിന്റെ ഭാഗമായാണ് നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുക എന്നത്. കേരളത്തില്‍ 20 മണ്ഡലങ്ങളില്‍ ഏതില്‍ വേണമെങ്കിലും ലാലിനെ മത്സരിപ്പിക്കാന്‍ ഒരുക്കമാണെന്ന വാഗ്ദാനം വരെ ബി.ജെ.പി കേരള നേതൃത്വം മഹാനടന് മുന്നില്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ അതിലൊന്നും പിടികൊടുക്കാന്‍ ലാല്‍ തയ്യാറായിരുന്നില്ല. മാത്രമല്ല രാഷ്ട്രീയം അല്ല അഭിനയം മാത്രമാണ് തന്റെ ജോലിയെന്ന് സൂപ്പര്‍താരം വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയം തനിക്ക് വശമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. അങ്ങനെയൊക്കെയാണെങ്കിലും എങ്ങനെയെങ്കിലും ലാലിനെ മത്സരിപ്പിക്കണമെന്നു തന്നെയാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഉദ്ദേശം.

എന്നാല്‍ ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമാ മേഖലയിലെ പൈറസിക്കെതിരെ നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് തന്റെ ട്വിറ്ററിലൂടെയാണ് ലാല്‍ മോഡിസര്‍ക്കാരിന് അഭിനന്ദനമറിയിച്ചിരിക്കുന്നത്. 'സംശയമൊന്നുമില്ല കേന്ദ്രസര്‍ക്കാരിന്റെ ഈ ചുവടുവയ്പ്പ് സിനിമാ മേഖലയില്‍ ഒരു ഗെയിം ചെയ്ഞ്ചര്‍ ആയിത്തീരുക തന്നെ ചെയ്യും' എന്നാണ് ലാല്‍ ട്വിറ്ററില്‍ കുറിച്ചത്.1952ലെ സെക്ഷന്‍ 6എ ആണ് ഭേദഗതി ചെയ്യുന്നത്. ഇതുപ്രകാരം സിനിമാ പൈറസിയ്ക്ക് പിടിക്കപ്പെടുന്നയാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക