Image

പേരന്‍പ്; സിനിമകഴിയുമ്പോള്‍ പ്രേക്ഷകനൊപ്പം നടന്നുപോരുന്ന ചലച്ചിത്രാനുഭവം (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 08 February, 2019
പേരന്‍പ്; സിനിമകഴിയുമ്പോള്‍ പ്രേക്ഷകനൊപ്പം നടന്നുപോരുന്ന ചലച്ചിത്രാനുഭവം  (കലാകൃഷ്ണന്‍)
വര്‍ത്തമാനകാല ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത മികവും മിഴിവുമാണ് പേരന്‍പ് എന്ന ചിത്രം കാഴ്ചവെയ്ക്കുന്നത്. ഒരു സിനിമയെന്നതില്‍ ഉപരിയായി സ്ക്രീനില്‍ നിന്ന് ഇറങ്ങി വന്ന്  പേരന്‍പ് മനുഷ്യമനസിനെ സ്വാധീനിക്കുന്നു.  തങ്കമീന്‍ങ്കള്‍ ചെയ്ത റാമാണ് പേരന്‍പിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.  ചിത്രത്തില്‍ മമ്മൂട്ടി, സാധന, അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരൊക്കെയാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ജോ ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മികച്ച ദൃശ്യസമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് ഈ ചിത്രം. യുവന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കിയിരിക്കുന്നു. ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീതമാണ് പേരന്‍പിലേത്. അങ്ങനെ സിനിമയുടെ എല്ലാ മികവുകളും ഒന്നിനൊന്ന് മെച്ചമായി പേരന്‍പില്‍ ഒന്നിച്ചിരിക്കുന്നു. എല്ലാത്തിനും ഉപരിയായി ഇത് നുറു ശതമാനം സംവിധായകന്‍റെ സിനിമയാകുന്നു. ആദ്യമായും അവസാനമായും അഭിനന്ദിക്കാനുള്ളത് സംവിധായകനെയാണ്. റാം എന്ന സംവിധായകന്‍. അയാളുടെ സമാനതകളില്ലാത്ത ക്രാഫ്റ്റ്. അതി ഗംഭീരം ഈ ചലച്ചിത്രകാവ്യം. 
രാമായണമെന്ന ഇതിഹാസമെഴുതിയ വാല്മീകയെക്കുറിച്ച് കാളിദാസന്‍ പറഞ്ഞത് ഇപ്രകാരമാണ്. 
'രുദിതാനുസാരി കവി'... - കരച്ചിലിന്‍റെ പിന്നാലെ പോകുന്നവനാണ് കവിയെന്ന് അര്‍ഥം. കവി മാത്രമല്ല ഏതൊരു കലാകാരനും പൂര്‍ണ്ണമാകുന്നത് കരച്ചിലിന് പിന്നാലെ പോകുമ്പോഴാണ്... കണ്ണീരിനെ പകര്‍ത്തുമ്പോഴാണ്. 
ഇതാഹാസമെഴുതുന്നതിന് മുമ്പ് രത്നാകരന്‍ എന്ന കട്ടാളന്‍റെ മുമ്പില്‍ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടന്‍ അമ്പയ്ത് വീഴത്തുന്നു. അതിന്‍റെ ഇണക്കുരുവി ദുഖത്തിലാഴുന്നു. അത് കാണുന്ന കാട്ടാളന്‍ കവിയായി തീരുന്നു.
കണ്ണീരിനെ പകര്‍ത്തുകയും അത് പ്രേക്ഷകന്‍റെ മനസിലേക്ക് വിങ്ങലായി പകരുകയും ചെയ്യുന്നവനാണ് കവിയും കലാകാരനും. ഇവിടെ അസാധരണമാകും വിധം കവിയും കലാകാരനുമാണ് റാം. അയാള്‍ സിനിമകൊണ്ട് കാവ്യം രചിച്ചിരിക്കുന്നു. 

പേരണ്‍പ് തുടങ്ങുന്നത് മമ്മൂട്ടിയുടെ അമുദവന്‍റെ ആമുഖവുമായിട്ടാണ്. താന്‍ എന്തിനാണ് തന്‍റെ കഥ പറയുന്നത് എന്ന് ആദ്യം തന്നെ അമുദവന്‍ ആമുഖമായി പറയുന്നു. 
"നിങ്ങള്‍ എത്രത്തോളം നല്ല ജീവിതമാണ് ജീവിക്കുന്നത് എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് ഞാന്‍ എന്‍റെ കഥ പറയുന്നത"് എന്നാണ് അമുദവന്‍റെ ആമുഖം.  
ഈ ഒറ്റ വരികൊണ്ട് എന്താണ് തന്‍റെ സിനിമയെന്നും സിനിമയുടെ ലക്ഷ്യമെന്നും സിനിമയുടെ കാരക്ടറെന്നും വ്യക്തവും ശക്തവുമായി റാം വരച്ചിടുന്നു. സിനിമയെക്കുറിച്ച് യാതൊരു വിധ ആശയക്കുഴപ്പവുമില്ലാതെ അത് പ്രേക്ഷകരുടെ ഉള്ളിലേക്ക് ആദ്യ വരിയാല്‍ ആദ്യ ഷോട്ടിനാല്‍ കടത്തി വിടുന്നു. 
അവിടെ നിന്ന് അമുദവന്‍റെയും അയാളുടെ പാപ്പയുടെയും കഥ ഒരു നൊമ്പരമായി പ്രേക്ഷകര്‍ കണ്ടു തുടങ്ങുകയാണ്. അമുദവന്‍റെ പാപ്പയ്ക്ക് പതിനാല് വയസ് കഴിഞ്ഞു. സ്പാസ്റ്റിക്ക് ഡിസോര്‍ഡറുള്ള കുട്ടിയാണവള്‍.  സംസാര ശേഷിയില്ലാതെ ചില ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിക്കുന്ന, ചലനശേഷി വളരെ കുറവായ, പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത ഒരു നിസഹായ ജീവന്‍. അവള്‍ക്ക് ലോകം കാണണമെന്നും ലോകത്തെ അരികെ നിന്ന് സ്നേഹിക്കണമെന്നുമുണ്ട്. സ്കൂളില്‍ പോകണമെന്നും സ്കൂള്‍ ബാഗ് വേണമെന്നുമുണ്ട്. കിളികളെയും പാട്ടുകളെയും ഒപ്പം നിന്ന് അനുഭവിക്കണമെന്നുണ്ട്. പ്രായം തികഞ്ഞപ്പോള്‍ അവള്‍ക്ക് പ്രണയിക്കണമെന്നുണ്ട്. എന്നാല്‍ അവള്‍ എല്ലാവര്‍ക്കും ഒരു ഭാരമാണ്. സ്വന്തമായി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാന്‍ കഴിയാത്ത വ്യക്തമായി നാല് വാക്കുകള്‍ പറയാന്‍ കഴിയാത്ത പരസഹായം ഇല്ലാതെ പത്ത് ചുവട് നടക്കാന്‍ കഴിയാത്ത ഒരുവള്‍ സകലര്‍ക്കും ബാധ്യതയാണ്. നമ്മുടെ ചുറ്റിനും അങ്ങനെയൊക്കെയാണ്. സ്വഭാവികമായ കാര്യങ്ങളില്‍ മാത്രം സ്വസ്ഥമായി കഴിയാന്‍ ഇഷ്ടപ്പെടുന്നവരുടെ ലോകം.  
ലോകത്തിന് പാപ്പ അസഹനീയമാകുമ്പോഴാണ്  അമുദവനും പാപ്പയും ഒറ്റപ്പെടുന്നത്.  പത്ത് വര്‍ഷം ദുബായില്‍ ഡ്രൈവര്‍ ജോലി ചെയ്ത അമുദവന്‍ തിരികെ എത്തിയ ദിവസം തന്നെ അയാളുടെ ഭാര്യ ഒളിച്ചോടി പോകുന്നു. അതിന് അവര്‍ പറയുന്ന കാരണം കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ എല്ലാ സമര്‍ദ്ദങ്ങളെയും തരണം ചെയ്ത് പാപ്പയ്ക്ക് നല്ല അമ്മയായി കഴിയാന്‍ അവള്‍ക്ക് പരമാവധി ശ്രമിച്ചു. എന്നാല്‍ അമുദവന്‍ വെറും നൂറോളം ദിവസങ്ങള്‍ മാത്രമാണ് അവധിയില്‍ വന്ന് പാപ്പയ്ക്കരികില്‍ നിന്നത്. ബാക്കിയുള്ള നാളുകള്‍ മുഴുവന്‍ താന്‍ ഒറ്റയ്ക്കായിരുന്നു. പക്ഷെ പരാതികള്‍ താന്‍ പറഞ്ഞില്ല. എന്നാല്‍ ഇനി നിങ്ങളുടെ ഊഴമാണ്. ഞാന്‍ പോകുന്നു.... ഇതാണ് ഭാര്യ അയാള്‍ക്ക് എഴുതി വെച്ച കത്ത്. 
ആ കത്തിനോട് പരിഭവിക്കാന്‍ നമുക്ക് കഴിയില്ല എന്ന് പിന്നീടുള്ള അമുദവന്‍റെ ജീവിതം കാട്ടിത്തരുന്നു. കാരണം അമുദവന്‍ സഹിച്ചതിന്‍റെ നൂറ് മടങ്ങ് സഹിച്ചുകൊണ്ടാണ് ആ സ്ത്രീ പത്ത് വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയത്. 
ചെറിയ അനിഷ്ടങ്ങളോടുപോലും അലറിക്കരഞ്ഞ് പ്രതികരിക്കുന്ന പാപ്പ അയല്‍ക്കാര്‍ക്ക്  ശല്യമാകുന്നതോടെ പാപ്പയുമായി അയാള്‍ക്ക് നാട് വിടേണ്ടി വരുന്നു. ദൂരെ ദൂരെയൊരു തടാകക്കരയില്‍ പാപ്പയും അയാളും മാത്രമായി ഒരു ഒറ്റ വീട് തിരഞ്ഞെടുത്ത് താമസം മാറുന്നു. 
പാപ്പയെ കുളിപ്പിക്കുക, ആഹാരം നല്‍കുക, ആര്‍ത്തവം വരുമ്പോള്‍ അവളെ ശുചിയാക്കുകയും പാഡ് മാറി വെച്ച് നല്‍കുകയും ചെയ്യുക, അവളെ ചിരിപ്പിക്കാന്‍ ഡാന്‍സ് ചെയ്യുകയും പാട്ടുപാടുകയും ചെയ്യുക, അവളുടെ വസ്ത്രങ്ങള്‍ കഴുകുക തുടങ്ങി  പാപ്പയുടെ കൈകള്‍ തന്നെയാവേണ്ടി വരുന്നു അമുദവന്. പാപ്പ കരയുന്ന ഒരു മനസ് മാത്രമാണ്. എന്നാല്‍ പാപ്പയുടെ ശരീരമായി മാറുന്നത് അമുദവനാണ്. 
അങ്ങനെയുള്ള അമുദവന്‍റെ ജീവിതമാണ് നമുക്ക് മുമ്പില്‍ റാം കാട്ടിത്തരുന്നത്. ഓരോ രംഗങ്ങള്‍ പിന്നിടുമ്പോഴും അമുദവന്‍ പറഞ്ഞ ആദ്യ വാചകം നമ്മള്‍ ഓര്‍ത്തുകൊണ്ടേയിരിക്കും... നിങ്ങള്‍ എത്രത്തോളം സന്തോഷമുള്ള ജീവിതമാണ് ജീവിക്കുന്നത് എന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തുവാനാണ് ഞാന്‍ എന്‍റെ കഥ പറയുന്നത് എന്ന അമുദവന്‍റെ വാചകം. 
എല്ലാവരില്‍ നിന്നും അകന്ന് താമസിക്കുന്ന അമുദവന്‍റെയും പാപ്പയുടെയും ജീവിതത്തെ പ്രകൃതിയുടെ ഇടപെടലുകളെന്ന ശൈലിയില്‍ പന്ത്രണ്ട് അധ്യായങ്ങളായിട്ടാണ് റാം അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതി അവരെ കരയിക്കുന്നു. അത്ഭുതപ്പെടുത്തുന്നു, ദുരൂഹത സമ്മാനിക്കുന്നു, ഭയപ്പെടുത്തുന്നു അങ്ങനെ പലവിധമായി അവരിലേക്ക് കടന്നു വരുന്നു. അവസാനം സകലതില്‍ നിന്നും വേര്‍പെടുത്തി സ്വാന്തനമായി മാറുന്നു.  
അതിജീവിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന അമുദവന്‍റെയും പാപ്പയുടെയും ജീവിതത്തില്‍ സങ്കടങ്ങള്‍ മാത്രമല്ല പ്രകൃതി നല്‍കുന്നത്. അമുദവന് പ്രണയവും പാപ്പയ്ക്ക് സ്നേഹവും നല്‍കാനായി ഇടയ്ക്ക് വിജയലക്ഷമി വരുന്നു. അമുദവന്‍ അവളുടെ പ്രണയം ആസ്വദിക്കുകയും പാപ്പയുടെ കൈകളായി അവള്‍ മാറുന്നതില്‍ ആശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ പാപ്പയെയും തന്നെയെയും കൊല്ലാനാണ് വിജയലക്ഷമി എത്തിയത് എന്നറിയുമ്പോള്‍ ചുറ്റുമുള്ള ലോകം അതായത് പ്രകൃതി എത്രത്തോളം ദുരൂഹമാണെന്ന് അയാള്‍ തിരിച്ചറിയുന്നു. നേച്ചര്‍ ഈസ് മിസ്റ്റീരിയസ്. 
ഇങ്ങനെ പന്ത്രണ്ട് അധ്യായങ്ങളായി തിരിച്ച് വളരെ സൂക്ഷമമായ രംഗങ്ങളോടെ കഥപറച്ചില്‍ സാധ്യമാക്കുന്നു എന്നിടത്താണ് റാം എന്ന സംവിധായകന്‍റെ വേറിട്ട ക്രാഫ്റ്റ് വ്യക്തമാകുന്നത്.
അഭിനേതാക്കളില്‍ മമ്മൂട്ടിയുടെ പ്രകടനം മികച്ചത് തന്നെ. അഭിനയ സാധ്യതയുള്ള ഒരു വേഷം മുമ്പിലെത്തിയാല്‍ പിന്നെ സിനിമയില്‍ സമ്മേളിക്കുന്ന സകല കലകളെയും എന്തിന് സംവിധായകനെയും എഴുത്തുകാരനെയുമൊക്കെ പരാജയപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി. അതിന് ഉദാഹരണമായി എത്രയോ മലയാള സിനിമകള്‍. മമ്മൂട്ടിക്ക് മുമ്പില്‍ ഞാനെന്ന എഴുത്തുകാരന്‍, സംവിധായകന്‍ തോറ്റുപോകുന്നു എന്ന് പറഞ്ഞത് സാക്ഷാല്‍ ലോഹിതദാസാണ്. എന്നാല്‍ റാം എന്ന പ്രതിഭയെ തിരിച്ചറിയേണ്ടത് മമ്മൂട്ടിയെ പിടിച്ചുകെട്ടി എന്നതിലാണ്. സിനിമയ്ക്ക് മുകളിലേക്ക് ഒരിക്കലും അമുദവന്‍ കയറുന്നില്ല. സിനിമയ്ക്കുള്ളില്‍ തന്നെ അയാള്‍ ചേര്‍ന്ന് നില്‍ക്കുന്നു. പാപ്പയായി അഭിനയിച്ച സാധനയുടെ പ്രകടനം സമാനതകളില്ലാത്തത് തന്നെ. എന്നാല്‍ പ്രേക്ഷകന്‍ എന്ന നിലയില്‍ ലേഖകന്‍റെ മനസില്‍ തങ്ങി നിന്നത് ട്രാന്‍സ്ജെഡറായ അഞ്ജലി അമീര്‍ അവതരിപ്പിച്ച മീര എന്ന കഥാപാത്രമാണ്. 
മമ്മൂട്ടിക്ക് അമുദവന്‍ ഒരു കഥാപാത്രമാണെങ്കില്‍ അഞ്ജലി അമീറിന് മീര തന്‍റെ ജീവിതത്തിന്‍റെ ഒരു എക്സ്റ്റെന്‍ഷന്‍ തന്നെയാവണം. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഹൃദ്യമായി ഒരുക്കിയ ട്രാന്‍സ്ജെണ്ടര്‍ കാരക്ടറാണ് പേരന്‍പിലേത്... കൈയ്യടിക്കാതെ വയ്യ റാം നിങ്ങളിലെ സംവിധായകന്‍റെ കമിറ്റ്മെന്‍റ് കാണുമ്പോള്‍...
അവസാനം മകളുടെ ഒരു ദിവസം നോക്കിനടത്താന്‍ പോലും തനിക്ക് ആവതില്ലാതെ വരുമ്പോള്‍ അമുദവന്‍ അവളുമായി മരണത്തിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. എന്നാല്‍ മീരയെന്ന ട്രാന്‍സ്ജെണ്ടര്‍ ഇരുവരെയും തനിക്കൊപ്പം ചേര്‍ത്ത് പിടിക്കുന്നു. ഇവിടെ മീരയെ പ്രേക്ഷകര്‍ ഇരുകൈ കൊണ്ടും ചേര്‍ത്ത് പിടിച്ചു പോകും. അത്രമേല്‍ കാവ്യാത്മകമാണ് പേരന്‍പിലെ ഇമോഷനുകള്‍. അവ ഓരോന്നും ഓരോ ഫ്രെയിമും സൂചിക്കുത്ത് പോലെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. 
അവസാനിപ്പിക്കുമ്പോള്‍ വീണ്ടും എഴുതാന്‍ ബാക്കി നില്‍ക്കുന്നത് റാമിനെക്കുറിച്ചാണ്. കണ്ണീരിന് പിന്നാലെ പായാന്‍ ശ്രമിച്ച റാമിനെക്കുറിച്ച്, സിനിമകൊണ്ട് കവിതയെഴുതിയ റാമിനെക്കുറിച്ച്. സിനിമ അവസാനിച്ചപ്പോള്‍ ലേഖകനും മറ്റു പ്രേക്ഷകരും കൈയ്യടിച്ചതേയില്ല. ക്ലൈമാക്സില്‍ അറിയാതെ വരുന്ന കൈയ്യടിയാണ് സിനിമയുടെ വിജയമെന്നത് ആരോ പറഞ്ഞ കെട്ടുകഥ മാത്രമാണെന്ന് ബോധ്യമായി. തീയറ്ററില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ കൈയ്യടിച്ച് തീര്‍ക്കേണ്ടതല്ല സിനിമയുമായിട്ടുള്ള ബന്ധം കൈയ്യിലൊതുക്കി കൂടെ കൂട്ടാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. പേരന്‍പ് കൂടെ പോരുന്ന സിനിമയാണ്. സിനിമ കഴിഞ്ഞും റാമും പ്രേക്ഷകനും ഒരുമിച്ച് നടക്കുകയാണ്. ഈ നടത്തം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക