Image

ഭര്‍ത്താവിന്റെ പെരുമാറ്റം ആരുടെയൊക്കെയോ ഭീഷണിയെ തുടര്‍ന്ന്,​ കുട്ടികളെ ഇതുവരെ കാണാനായിട്ടില്ല: കനകദുര്‍ഗ

Published on 09 February, 2019
ഭര്‍ത്താവിന്റെ പെരുമാറ്റം ആരുടെയൊക്കെയോ ഭീഷണിയെ തുടര്‍ന്ന്,​ കുട്ടികളെ ഇതുവരെ കാണാനായിട്ടില്ല: കനകദുര്‍ഗ

കണ്ണൂര്‍: കോടതി ഉത്തരവ് പ്രകാരം തനിക്ക് ഭര്‍തൃവീട്ടില്‍ കയറാനായെങ്കിലും മക്കളില്ലാത്തതിന്റെ വിഷമത്തിലൂടെയാണ് ഓരോ നിമിഷവും ഇവിടെ കഴിച്ചു കൂട്ടുന്നതെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ പറയുന്നു. വീട്ടില്‍ കയറാനും കുട്ടികള്‍ക്കൊപ്പം കഴിയാനും സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കനകദുര്‍ഗ നല്കിയ ഹര്‍ജിയില്‍ പുലാമന്തോള്‍ ഗ്രാമ ന്യായാലയമാണ് വിധി പ്രസ്താവിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് കനകദുര്‍ഗ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തെ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗയ്‌ക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മാതാവ് സുമതിഅമ്മയും വാടകയ്ക്ക് വീടെടുത്ത് താമസം മാറുകയായിരുന്നു.

ഇപ്പോള്‍ ഞാന്‍ വീട്ടീല്‍ തനിച്ചാണ്. ആരുടെയൊക്കെയോ ശക്തമായ ഭീഷണി മൂലമോ സമ്മര്‍ദ്ദം മൂലമോ ആണ് ഭര്‍ത്താവ് ഇത്തരത്തില്‍ പെരുമാറുന്നത്. കുട്ടികളെ ഇതുവരെ കാണാനായിട്ടില്ല. പ്രതിഷേധമുണ്ടെന്ന് ഉറപ്പാണെങ്കിലും ഇതിങ്ങനെ നീണ്ടുപോകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും കനകദുര്‍ഗ പറഞ്ഞു.


അഡ്വ. ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിന്‌ പോയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കനകദുര്‍ഗയുടെ മാതാവ്‌ ഭാര്‍ഗവി കേന്ദ്രത്തിന് കത്തെഴുതിയെന്ന വാര്‍ത്തകളോടും അവര്‍ പ്രതികരിച്ചു. എന്റെ അമ്മ അത്തരത്തില്‍ സ്വമേധയാ ആവശ്യപ്പെടില്ല. അമ്മയ്ക്ക് പ്രായമുണ്ടെങ്കിലും പുരോഗമനപരമായി ചിന്തിക്കുന്നയാളാണ്. എനിക്ക് എല്ലാ കാര്യങ്ങളിലും പിന്തുണ നല്കിയിരുന്നു. എന്നാല്‍ ശബരിമലയില്‍ പോയത് അമ്മയോട് പറഞ്ഞിട്ടല്ല. ഇതിനുശേഷം വിളിച്ചപ്പോള്‍ അമ്മ തലകറങ്ങിവീണതും മറ്റുമുള്ള വിശേഷങ്ങളാണ് തിരക്കിയത്. പരാതി നല്കിയിട്ടുണ്ടെങ്കില്‍ അസുഖങ്ങളുള്ള അമ്മയെ കൊണ്ട് അത് ചെയ്യിച്ചതാണ്. മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെ പ്രതികരണവും ഇതുപോലെ തന്നെ.പൊലീസ് സുരക്ഷ ലഭിക്കുന്നുണ്ട്. എങ്കിലും ഭീഷണികള്‍ കത്തുകളായി വന്നുകൊണ്ടിരിക്കുന്നു.


ജോലിക്ക്‌ പോകുന്നുണ്ട്. അങ്ങാടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സപ്ളൈകോ താലൂക്ക്‌ ഡിപ്പോയിലാണ് ജോലി. അവിടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്.ഭീഷണികളെ ഞാന്‍ ഭയക്കുന്നില്ല. കാരണം ജനദ്രോഹപരമായ ഒരു പ്രവൃത്തിയും ഇതുവരെ ചെയ്തിട്ടില്ല.

(കഴിഞ്ഞ ജനുവരി രണ്ടാം തീയതിയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക്‌ ശേഷം അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. കനകദുര്‍ഗ മര്‍ദ്ദിച്ചതായി ഭര്‍തൃമാതാവും പരാതിപ്പെട്ടു. ഭര്‍ത്താവും മാതാവും വീട്ടില്‍ കയറ്റാന്‍ തയാറാകാതെ വന്നതോടെയാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക