Image

ശശി തരൂരിന്റെ പരാതി: അര്‍ണാബ്‌ ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

Published on 11 February, 2019
ശശി തരൂരിന്റെ പരാതി: അര്‍ണാബ്‌ ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌
ന്യൂഡല്‍ഹി: റിപ്പബ്ലിക്‌ ടി വി ചീഫ്‌ എഡിറ്റര്‍ അര്‍ണാബ്‌ ഗോസ്വാമിയുടെ പേരില്‍ കേസെടുക്കാന്‍ ഡല്‍ഹി മെട്രൊപൊളിറ്റന്‍ കോടതി ഉത്തരവ്‌.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ്‌ അന്വേഷണത്തിന്റെ രഹസ്യ രേഖകള്‍ കവര്‍ന്നും തന്റെ ഇമെയില്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തും റിപ്പബ്ലിക്‌ ടി വിയില്‍ സംപ്രേഷണം ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ ശശി തരൂര്‍ എം പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്‌. കേസ്‌ കോടതി ഏപ്രില്‍ നാലിലേക്കു മാറ്റി.

രേഖകള്‍ എങ്ങനെയാണ്‌ അര്‍ണബിനും മാധ്യമ പ്രവര്‍ത്തകനും ചാനലിനും ലഭിച്ചുവെന്നത്‌ അന്വേഷിക്കേണ്ടതുണ്ടെന്നും അര്‍ണബിനെതിരെ എഫ്‌ ഐ ആര്‍ രജിസറ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയതായും കോടതി മജിസ്‌ട്രേറ്റ്‌ ധര്‍മേന്ദര്‍ സിംഗ്‌ വ്യക്തമാക്കി.

ചാനലിന്‌ കാഴ്‌ചക്കാരെ വര്‍ധിപ്പിക്കാന്‍ തരൂരിന്റെ ഇമെയില്‍ ഹാക്ക്‌ ചെയ്‌തും രഹസ്യ സ്വഭാവമുള്ള രേഖകള്‍ നിയമവിരുദ്ധമായി സംഘടിപ്പിച്ചും അര്‍ണബ്‌ സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന്‌ ശശി തരൂരിന്റെ അഭിഭാഷകരായ വികാസ്‌ പഹ്‌വ, ഗൗരവ്‌ ഗുപ്‌ത എന്നിവര്‍ ആരോപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക