Image

നുഴഞ്ഞുകയറ്റം: 88 ഏഷ്യന്‍ വംശജര്‍ അറസ്‌റ്റില്‍

Published on 16 April, 2012
നുഴഞ്ഞുകയറ്റം: 88 ഏഷ്യന്‍ വംശജര്‍ അറസ്‌റ്റില്‍
അബുദാബി: രാജ്യത്തേക്കു നുഴഞ്ഞുകയറിയ 88 പേരെ അറസ്‌റ്റ്‌ ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്‌. അല്‍ഐനിലെ മാര്‍ക്കറ്റിലും ഖത്വാറ മേഖലയിലും നടത്തിയ പരിശോധനയില്‍ 51 പേരും അജ്‌മാനില്‍ നിന്നു 37 പേരുമാണു പരിശോധനാ ഉദ്യോഗസ്‌ഥരുടെ വലയിലായത്‌. ഇടനിലക്കാരുടെ സഹായത്തോടെ യാത്രാരേഖകളൊന്നും ഇല്ലാതെയാണ്‌ ഇവര്‍ യുഎഇയില്‍ എത്തിയതെന്ന്‌ അബുദാബി താമസ കുടിയേറ്റ വകുപ്പ്‌ അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ നാസിര്‍ അല്‍മന്‍ഹാലി അറിയിച്ചു.

ഒറ്റ ദിവസം കൊണ്ടാണ്‌ അജ്‌മാനിലെ അല്‍ഹീലു മേഖലയിലെ കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ട 37 പേരെ പിടികൂടിയത്‌. വഴിവാണിഭ തൊഴില്‍ വാഗ്‌ദാനം ചെയ്‌ത്‌ ആളുകളെ രാജ്യത്തെത്തിക്കാന്‍ പരിചയക്കാരും നാട്ടുകാരുമായ ഇടനിലക്കാരുണ്ടെന്ന്‌ മേജര്‍ വെളിപ്പെടുത്തി. വഴിവാണിഭത്തിനു പുറമെ വാഹനം കഴുകിയും ടെലിഫോണ്‍ കാര്‍ഡ്‌ വിറ്റും ഭിക്ഷാടനം നടത്തിയുമാണ്‌ ഇവര്‍ ഉപജീവനം തേടുന്നത്‌. പ്രതികളുടെ മുഖവും വിരലടയാളവും പകര്‍ത്തി ആജീവനാന്ത പ്രവേശന വിലക്കോടെയാണു നാടുകടത്തുക. നിയമലംഘകരെക്കുറിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ 80080 നമ്പറില്‍ വിവരമറിയിക്കണമെന്നു മേജര്‍ അല്‍മന്‍ഹാലി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക