Image

മരിച്ചയാളെ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ എഴുന്നേപ്പിച്ചെന്ന കഥയ്‌ക്കെതിരെ മകന്‍ ഹമീദലി തങ്ങള്‍

Published on 11 February, 2019
മരിച്ചയാളെ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ എഴുന്നേപ്പിച്ചെന്ന കഥയ്‌ക്കെതിരെ മകന്‍ ഹമീദലി തങ്ങള്‍
കോഴിക്കോട്‌: മരിച്ചുപോയ വ്യക്തിയെ പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ ജീവിപ്പിച്ചെന്ന പ്രസംഗത്തിനെതിരെ മകനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ്‌ തങ്ങള്‍.

പട്ടര്‍ കടവ്‌ ജബ്ബാര്‍ ഫൈസി എന്ന ഒരാള്‍ കാസറഗോഡ്‌ വെച്ച്‌ മരിച്ചുവെന്നും അദ്ദേഹത്തെ പാണക്കാട്ടേക്ക്‌ കൊണ്ട്‌ പോയപ്പോള്‍ അവിടെ നിന്ന്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ പുനരജ്ജീവിപ്പിച്ചെന്നും വയലില്‍ മുഹമ്മദ്‌ മോന്‍ ഹാജിയാര്‍ എന്ന മൗലവി പ്രസംഗിച്ചിരുന്നു.

ഇത്‌ വൈറലാവുകയും സോഷ്യല്‍മീഡിയയില്‍ പരിഹസിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വിശദീകരണവുമായി ഹമീദലി ശിഹാബ്‌ തങ്ങള്‍ എത്തിയിരിക്കുന്നത്‌.

ഉമറലി ശിഹാബ്‌ തങ്ങളെ കുറിച്ച്‌ ജബ്ബാര്‍ ഫൈസിയെന്ന വ്യക്തിയെ പറ്റിയുള്ള ഒരു ഇല്ലാത്ത കറാമത്ത്‌ പ്രചരിപ്പിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചു. ഞാന്‍ അതിനെ പറ്റി അന്വേഷിച്ചിരുന്നു.

ഇങ്ങനെ മരിച്ചെന്ന്‌ കരുതിയ ആളിനെ വിളിച്ചുണര്‍ത്തിയ സംഭവം ഇല്ല. അത്‌ പ്രചരിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുത്‌. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങളുണ്ടാക്കി വല്ല്യ കറാമത്തുക്കള്‍ ഉണ്ടാക്കരുതെന്ന്‌ അഭ്യര്‍ത്ഥിക്കുകയാണെന്നും ഹമീദലി തങ്ങള്‍ പറഞ്ഞു.

ഹമീദലി തങ്ങളുടെ വാക്കുകള്‍

''ഞാന്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍. ഞങ്ങളുടെ വന്ദ്യപിതാവ്‌ ഉമറലി ശിഹാബ്‌ തങ്ങളെ കുറിച്ച്‌ ജബ്ബാര്‍ ഫൈസിയെന്ന വ്യക്തിയെ പറ്റിയുള്ള ഒരു ഇല്ലാത്ത കറാമത്ത്‌ പ്രചരിപ്പിക്കുന്നതായി മനസിലാക്കാന്‍ സാധിച്ചു.

ഞാന്‍ അതിനെ പറ്റി അന്വേഷിച്ചിരുന്നു. ഇങ്ങനെ മരിച്ചെന്ന്‌ കരുതിയ ആളിനെ വിളിച്ചുണര്‍ത്തിയ സംഭവം ഇല്ല. അത്‌ പ്രചരിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുത്‌.

അദ്ദേഹം രോഗബാധിതനായി രണ്ട്‌ മൂന്നു മാസം അത്യാസന്ന നിലയിലായിരുന്നുവെന്ന്‌ അറിയാന്‍ സാധിച്ചു. രോഗമെന്തെന്ന്‌ അറിയാന്‍ കഴിയാതെ നിന്ന സമയത്ത്‌ പിതാവിന്റെ അടുത്ത്‌ വന്ന്‌ ചികിത്സിച്ചിട്ടുണ്ടാവാം.

അല്ലാതെ അവിടെ ഖബര്‍ കുഴിക്കുകയോ മരിച്ചുവെന്ന്‌ പ്രചരിപ്പിക്കപ്പെടുകയോ ഇല്ലാ എന്നാണ്‌ അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്‌. അത്‌കൊണ്ട്‌ ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ നടത്തി വല്ല്യ കറാമത്തുക്കള്‍ ഉണ്ടാക്കരുതെന്ന്‌ അഭ്യര്‍ത്ഥിക്കുകയാണ്‌. അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുമാറാകട്ടെ''

വയലില്‍ മുഹമ്മദ്‌ മോന്‍ എന്നയാളുടെ `കറാമത്ത്‌' പ്രസംഗം വലിയതോതില്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ചെയ്യപ്പെട്ടിരുന്നു. ശാസ്‌ത്രം തോറ്റു.

പാണക്കാട്‌ ജയിച്ചു, എജ്ജാതി ബിടലാണ്‌ മൊയ്‌ലാരെ ഇങ്ങള്‌..എന്നു തുടങ്ങുന്ന അടിക്കുറിപ്പുകളോടെയാണ്‌ പലരും പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‌തിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക