Image

സ്‌നേഹത്തിന്‍ നൊമ്പരം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 11 February, 2019
സ്‌നേഹത്തിന്‍ നൊമ്പരം (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
വിടരുന്ന നിന്‍ കൗമാരത്തിന്‍ തുടിപ്പും
കവിളിലെ സിന്ദൂരം പൂശിയോരരുണിമയും
നീള്‍ മിഴികള്‍ തന്‍ നീലിമയുമായ്
എന്‍ മനസ്സിന്റെ കവാടം തുറന്ന്
പുഞ്ചിരി തൂകി നിന്നൊരപ്‌സരസ്സേ നിന്‍
പൂമേനി പുണര്‍ന്നു പൂണര്‍ന്നു ഞാന്‍
നിന്നധരങ്ങളില്‍ ചുംബനമര്‍പ്പിച്ചപ്പോള്‍
കോരിത്തരിച്ചു നീയെന്നെ കെട്ടിപ്പുണര്‍ന്ന
അനുഭവമെനിക്കൊരനുഭൂതിയായ്.

വിധി നിന്നെ വിധവയാക്കിയെങ്കിലും
മറ്റൊരു താലിച്ചരടിനാല്‍ ഒന്നാകാം
നമുക്കെന്ന് ഞാന്‍ മനസ്സു തുറന്നപ്പോള്‍
പുഞ്ചിരി തൂകി നീ മൊഴിഞ്ഞതിങ്ങനെ:
ബാലിശമെന്നറിയില്ലേ കൗമാരവികാരങ്ങള്‍
നിങ്ങള്‍ക്കിനിയുമെന്‍ പ്രിയ കൂട്ടുകാരാ.
വൈധവ്യം നല്‍കിയവന്‍ മറഞ്ഞെങ്കിലും
ഓര്‍മ്മയില്‍ സൂക്ഷിക്കാനുണ്ടൊത്തിരി
മധുരിക്കുമനുഭവങ്ങളും സ്വപ്നങ്ങളും.
ആ തേരിലാണിനിയെന്‍ ജീവിതയാത്ര.
അവനെന്‍ സങ്കല്‍പ്പത്തിലെ വാലന്റയിന്‍
പ്രേമമധുവുമായെത്തുമവനാസുദിനത്തില്‍.

കൗമാരത്തിന്‍ ബാലിശമല്ലാത്തെന്‍
സ്‌നേഹ വയ്പും ഹൃദയ വികാരവും
അറിഞ്ഞില്ലല്ലോനീയെന്‍ പ്രണയിനി.
കാണ്ടില്ലല്ലോ പ്രിയസഖി നീയെന്‍
സ്‌നേഹതിര്‍ത്ഥത്തിലെ വെണ്‍നുരകളും.

വികാരങ്ങളില്ലിനി മറ്റൊരുത്തിക്കായ്
സ്‌നേഹത്തിന്‍ നോവുമായ് ഞാനെന്നും
വാലന്റയിന്‍ ദിനത്തില്‍ പ്രമമധുവുണ്ണാന്‍
കാത്തിരിക്കും കമിതാക്കളെ പോള്‍
നീ വരുമെന്നോമല്‍ പ്രതീക്ഷയില്‍
കണ്‍പാര്‍ത്തിരുപ്പൂ ജീവിതവീഥിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക