Image

മാധ്യമങ്ങള്‍ക്കാവില്ല ഈ മനുഷ്യരെ തോല്‍പ്പിക്കാന്‍

കെ. സഹദേവന്‍ Published on 16 April, 2012
മാധ്യമങ്ങള്‍ക്കാവില്ല ഈ മനുഷ്യരെ തോല്‍പ്പിക്കാന്‍
ലോകത്തെമ്പാടും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പ്രത്യേകിച്ചും ആണവവിരുദ്ധ സമരങ്ങളില്‍ അത്യപൂര്‍വമായ ഒരു സമരമാണ്‌ കഴിഞ്ഞ ഏഴു മാസക്കാലമായി കൂടങ്കുളത്ത്‌ നടക്കുന്നത്‌. ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയിലുള്ള തദ്ദേശീയരായ ജനത ലോകത്തിലെ ആണവ വ്യവസായ ലോബിയെ ഈ കാലയളവില്‍ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഫുകുഷിമ ആണവ ദുരന്തത്തിനുശേഷം കമീഷന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ള ആദ്യ ആണവ പദ്ധതിയെന്ന നിലയില്‍ കൂടങ്കുളം പദ്ധതി ആണവ ലോബിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. ഇടിന്തകരയിലെ സത്യഗ്രഹ പന്തല്‍ സമരം ആരംഭിച്ച കാലംതൊട്ടുതന്നെ പതിനായിരക്കണക്കിന്‌ ആളുകളുടെ സാന്നിധ്യംകൊണ്ട്‌ സജീവമായിരുന്നു എന്നത്‌ അവിടെനിന്നുള്ള വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവാണ്‌.

സമരത്തെ തകര്‍ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ ഇന്ത്യയിലെ ആണവോര്‍ജ വകുപ്പും മറ്റ്‌ സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന്‌ നടത്തുകയുണ്ടായി. ഇടിന്തകരയിലെ സത്യഗ്രഹ പന്തല്‍ അവിടത്തെ പ്രാദേശിക ക്രിസ്‌ത്യന്‍ പള്ളിയോടു ചേര്‍ന്നാണ്‌ എന്നതിനാല്‍ മതപരമായ ഭിന്നത സൃഷ്ടിക്കുന്നതിനായി ക്രിസ്‌ത്യന്‍ മതവിഭാഗക്കാരാണ്‌ സമരം നയിക്കുന്നത്‌ എന്ന പ്രചാരണമായിരുന്നു ആദ്യമായി അഴിച്ചുവിട്ടത്‌. ക്രിസ്‌തീയ മതവിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സ്ഥലത്ത്‌ അവിടത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന്‌ നടത്തുന്ന സമരത്തിന്‌ വേദിയാകുക എന്നത്‌ ആ പള്ളിയുടെ ഏറ്റവും വലിയ കടമയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ ജനങ്ങള്‍ ഒരു ശങ്കക്കും ഇടയില്ലാതെ സര്‍ക്കാര്‍ പ്രചാരണങ്ങളെ തള്ളിക്കളയുകയാണ്‌ ചെയ്‌തത്‌. സര്‍ക്കാര്‍ പ്രചാരണം ആരംഭിച്ച്‌ പിന്നീടുള്ള നാളുകളില്‍ സമരപ്രവര്‍ത്തകരുടെയോ നാട്ടുകാരുടെയോ ഇടയില്‍ ഒരു വിള്ളലും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇടിന്തകരയിലെ സമരപ്പന്തല്‍ പള്ളിക്കും ഹൈന്ദവദേവാലയത്തിനും ഇടയിലാണ്‌ എന്നകാര്യം ആരോപണമുന്നയിച്ച ആണവവക്താക്കള്‍ മറന്നുപോയിരുന്നു! മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാമിനെ രംഗത്തിറക്കിക്കൊണ്ട്‌ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാമെന്നായിരുന്നു അധികൃതര്‍ കരുതിയത്‌. അബ്ദുല്‍കലാം കൂടങ്കുളം ആണവനിലയം സന്ദര്‍ശിക്കുകയും കേവലം രണ്ടു മണിക്കൂര്‍ നേരത്തെ സന്ദര്‍ശനത്തിനുശേഷം `കൂടങ്കുളം ആണവനിലയം നൂറുശതമാനം സുരക്ഷിതമാണെന്ന്‌' പ്രഖ്യാപിക്കുകയും ചെയ്‌തു. അദ്ദേഹം സ്വയം ഹിന്ദു ദിനപത്രത്തില്‍ രണ്ടു പേജുകള്‍ വരുന്ന ഒരു ലേഖനം എഴുതുകയും ചെയ്‌തു. കൂടങ്കുളത്തെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ചെന്ന മുന്‍ രാഷ്ട്രപതി ഇടിന്തകരയില്‍ സത്യഗ്രഹമനുഷ്‌ഠിക്കുന്ന ജനങ്ങളെ സന്ദര്‍ശിക്കാന്‍ തയാറായില്ല എന്നത്‌ ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്‌. ജനങ്ങള്‍ ഉന്നയിക്കുന്ന ഒരൊറ്റ ചോദ്യത്തെയും അഭിമുഖീകരിക്കാതെ ആണവലോബികളുടെ വായ്‌ത്താരികള്‍ ഉരുവിടുകമാത്രമാണ്‌, ആണവ ശാസ്‌ത്രജ്ഞനേ അല്ലാത്ത എ.പി.ജെ. അബ്ദുല്‍കലാം ചെയ്‌തത്‌. മതജാതി കാര്‍ഡുകളും അബ്ദുല്‍കലാമിന്‍െറ കരിഷ്‌മയും ഫലിക്കാതെ വന്നപ്പോള്‍ `വിദേശഫണ്ടിങ്‌' ആരോപണമുന്നയിച്ചുകൊണ്ട്‌ സമരത്തെ നേരിടാന്‍ രാജ്യത്തെ പ്രധാനമന്ത്രിതന്നെ മുന്നോട്ടുവന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കാണാന്‍ കഴിഞ്ഞത്‌.

ഒരു വിദേശ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ `കൂടങ്കുളം സമരത്തിന്‌ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍നിന്ന്‌ വിദേശസഹായം ലഭിക്കുന്നുണ്ടെ'ന്നായിരുന്നു പ്രധാനമന്ത്രി ആരോപിച്ചത്‌. എന്നാല്‍, സമരസമിതി കണ്‍വീനര്‍ ഡോ.എസ്‌. പി. ഉദയകുമാര്‍ ഈ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയും പ്രധാനമന്ത്രിക്കെതിരെ മാനനഷ്ടത്തിന്‌ കേസ്‌ ഫയല്‍ ചെയ്യുകയും ചെയ്‌തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി മൗനംപാലിക്കുകയും കേന്ദ്രമന്ത്രി നാരായണസ്വാമി ഇക്കാര്യം ഏറ്റെടുക്കുകയും ചെയ്‌തു. ഈ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രി ചിദംബരം നടത്തിയ പ്രസ്‌താവനകള്‍ പക്ഷേ, മറ്റൊരു തരത്തിലുള്ളതായിരുന്നു. `കൂടങ്കുളം സമരത്തിന്‌ വിദേശ സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും വിദേശഫണ്ട്‌ ലഭിച്ച എന്‍.ജി.ഒകളുടെ പേര്‌ വെളിപ്പെടുത്താന്‍ സാധിക്കില്ലെ'ന്നുമായിരുന്നു അഭിഭാഷകന്‍ കൂടിയായ ചിദംബരം പറഞ്ഞത്‌. അതിനിടയില്‍ സമരത്തിന്‌ സാമ്പത്തിക സഹായം നല്‍കുന്നുവെന്ന്‌ ആരോപിച്ച്‌ ഒരു ജര്‍മന്‍കാരനെ സര്‍ക്കാര്‍ നാടുകടത്തുകയുണ്ടായി. എന്നാല്‍, ഈ മനുഷ്യനെ പിന്തുടര്‍ന്ന്‌ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച തെഹല്‍ക മാഗസിന്‍ ആരോപണത്തിന്‍െറ പിന്നിലെ കള്ളത്തങ്ങള്‍ വെളിച്ചത്തെത്തിക്കുകയുണ്ടായി. ജര്‍മനിയില്‍ തൊഴിലില്ലായ്‌മാ വേതനം വാങ്ങി ജീവിക്കുന്ന ഈ മനുഷ്യന്‍ തന്‍െറ സാമ്പത്തികസ്ഥിതികൂടി വെളിപ്പെടുത്തുകയുണ്ടായി.

സമരപ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളില്‍ റെയ്‌ഡ്‌, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തല്‍ എന്നിവക്കു പുറമെ കലക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ചെന്ന പ്രതിനിധികളെ ശാരീരികമായി ആക്രമിക്കല്‍, ഉദയകുമാറിന്‍െറ സ്‌കൂള്‍ അടിച്ചുതകര്‍ക്കല്‍, മാതാപിതാക്കളെ ഭീഷണിപ്പെടുത്തല്‍ എന്നിവയും അരങ്ങേറുകയുണ്ടായി. അമേരിക്കന്‍ സാമ്പത്തിക നയങ്ങളുടെ അടിയുറച്ച വക്താവായ മുന്‍ ലോകബാങ്ക്‌ ഉദ്യോഗസ്ഥന്‍ മന്‍മോഹന്‍സിങ്ങിന്‍െറ വിദേശഫണ്ടിങ്‌ ആരോപണം ഒരു നേരമ്പോക്കായി മാറിയപ്പോള്‍, പൊതുജനങ്ങളില്‍ അതിന്‌ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാതെ വന്നപ്പോള്‍ വന്‍തോതിലുള്ള സേനാവിന്യാസമായിരുന്നു പിന്നീട്‌ സര്‍ക്കാര്‍ നടത്തിയത്‌്‌. എല്ലാവിധ ആയുധ സജ്ജീകരണങ്ങളുമായി പതിനായിരത്തിലധികം വരുന്ന സൈനികരാണ്‌ കൂടങ്കുളത്തും സമീപപ്രദേശങ്ങളിലുമായി തമ്പടിച്ചത്‌. രാധാപുരം ബ്‌ളോക്കില്‍ ഒന്നാകെ സെക്ഷന്‍ 144 പ്രഖ്യാപിക്കുകയും നൂറുകണക്കിന്‌ ആളുകളെ അറസ്റ്റുചെയ്യുകയും ചെയ്‌തു.

മാധ്യമങ്ങള്‍ കണ്ടത്‌

ജനകീയ പ്രക്ഷോഭം അതിന്‍െറ എല്ലാ തീവ്രതയോടും കൂടി തുടരുമ്പോള്‍ സര്‍ക്കാര്‍ പ്രചാരണങ്ങളുടെ വാഹകരാകുകയായിരുന്നു ദേശീയവും പ്രാദേശികവുമായ ഏതാണ്ട്‌ ഒട്ടുമിക്ക വാര്‍ത്താമാധ്യമങ്ങളും. 2011 സെപ്‌റ്റംബര്‍ 11ാം തീയതി ആദ്യമായി ഇടിന്തകരയില്‍ പതിനായിരക്കണക്കിന്‌ വരുന്ന ഗ്രാമീണരുടെ പ്രതിനിധികളായി 124പേര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന പ്രാദേശിക മാധ്യമങ്ങളൊഴികെ ഇന്ത്യയിലെ സുപ്രധാന വാര്‍ത്താമാധ്യമങ്ങളൊന്നുംതന്നെ കൂടങ്കുളം സന്ദര്‍ശിക്കുകയോ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്‌തിരുന്നില്ല. ഇന്‍റര്‍നെറ്റ്‌ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സോഷ്യല്‍നെറ്റ്വര്‍ക്കിങ്ങിലൂടെ ഫോട്ടോകളും വീഡിയോകളും വാര്‍ത്തകളും പുറംലോകത്തെത്തിച്ചതോടെയാണ്‌ ഏതാനും ചില മീഡിയകള്‍ കൂടങ്കുളം സന്ദര്‍ശിക്കാന്‍ തയാറായത്‌.

ഇന്ത്യയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ ജനപങ്കാളിത്തംകൊണ്ട്‌ മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സമരത്തെ എത്രമാത്രം പ്രാദേശികമായി ഒതുക്കിത്തീര്‍ക്കാം എന്നതില്‍ ദേശീയ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു എന്നുതന്നെ പറയാം. സമരത്തിനെതിരായി സര്‍ക്കാര്‍ കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടപ്പോഴൊക്കെ അവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും അവര്‍ മറന്നില്ല. കൂടങ്കുളം സമരത്തെ കണ്ടതായിപ്പോലും നടിക്കാത്ത ചില പത്രങ്ങള്‍ മന്‍മോഹന്‍സിങ്ങിന്‍െറ വിദേശഫണ്ട്‌ ആരോപണം മുന്‍പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. സമരക്കാര്‍ക്ക്‌ ദിവസവും 500രൂപയും ഭക്ഷണവും മദ്യവും നല്‍കുന്നുണ്ടെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ പോലുള്ള പത്രങ്ങള്‍ ഒരു ലജ്ജയുമില്ലാതെ അച്ചടിച്ചു. ഇന്ത്യയിലെ പല ദേശീയ പത്രങ്ങളും ഉഅഋ, ചജഇകഘ എന്നിവയുടെ മുഖപത്രം പോലെയായിരുന്നു വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചത്‌. ഡോ.എസ്‌.പി. ഉദയകുമാറിന്‍െറ ഭാര്യ മീരാ ഉദയകുമാര്‍ നടത്തിവരുന്ന സ്‌കൂള്‍ അടിച്ചു തകര്‍ത്തപ്പോഴും സ്‌ത്രീകളടക്കമുള്ള സമരപ്രവര്‍ത്തകരെ ആക്രമിച്ചപ്പോഴും അതേക്കുറിച്ച്‌ വാര്‍ത്തകള്‍ നല്‍കാന്‍ ആരും തയാറായില്ല. ഏഴ്‌ മാസക്കാലമായി അസാധാരണമായ രീതിയില്‍ സഹനസമരം നടത്തിവരുന്ന ജനങ്ങളെ രാജ്യദ്രോഹത്തിന്‍െറയും രാജ്യത്തിനെതിരായി യുദ്ധം നടത്തിയതിന്‍െറയും പേരില്‍ അറസ്റ്റുചെയ്‌തപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ മാധ്യമങ്ങള്‍ മടിച്ചുനിന്നു.

ഏറ്റവും ഒടുവില്‍ അനുരഞ്‌ജന ശ്രമങ്ങളുമായി അധികൃതര്‍ വരുകയും സെക്ഷന്‍ 144 റദ്ദ്‌ചെയ്യാനും കസ്റ്റഡിയിലുള്ളവരെ നിരുപാധികം വിട്ടയക്കാനും തീരുമാനിച്ചപ്പോള്‍ അനിശ്ചിതകാല നിരാഹാരസമരം പിന്‍വലിക്കുകയുണ്ടായി. സമരം തുടരുകയാണെന്നും ജയിലിലുള്ളവര്‍ തിരികെ വന്നെങ്കില്‍ മാത്രമേ സത്യഗ്രഹ പന്തലിലുള്ള മുഴുവനാളുകളും വീടുകളിലേക്ക്‌ മടങ്ങിപ്പോകുകയുള്ളൂവെന്നും വളരെ വ്യക്തമായ ഭാഷയില്‍ സമരസമിതി നേതാക്കള്‍ അറിയിക്കുകയുണ്ടായി. കൂടങ്കുളം, ഇടിന്തകര ഗ്രാമങ്ങളിലെ കടകളും സ്‌കൂളുകളും അടഞ്ഞുകിടക്കുമ്പോഴും മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകാതെ കഴിയുമ്പോഴും സമരം സമ്പൂര്‍ണമായി പിന്‍വലിച്ചുവെന്ന്‌ വാര്‍ത്തനല്‍കാനായിരുന്നു ഏതാണ്ടെല്ലാ പത്രങ്ങളും വാര്‍ത്താ ചാനലുകളും ശ്രമിച്ചത്‌. പ്രമുഖ അഭിഭാഷകനായ പ്രശാന്ത്‌ ഭൂഷണ്‍ കൂടങ്കുളം സന്ദര്‍ശിച്ച്‌ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ പ്രസംഗിക്കുമ്പോള്‍ നിരവധി വാര്‍ത്താമാധ്യമങ്ങള്‍ അവിടെ ഉണ്ടായിരുന്നു.

സമരപ്പന്തലിലെ ജനബാഹുല്യം അവരൊക്കെയും നേരിട്ടു കണ്ടുകൊണ്ടിരുന്നപ്പോള്‍ പല ടി.വിചാനലുകളിലും സമരം നിര്‍ത്തിവെച്ചതായുള്ള ഫ്‌ളാഷുകള്‍ കൊടുത്തുകൊണ്ടിരുന്നു. സ്വന്തം ലേഖകന്മാര്‍തന്നെ നേരിട്ടു വിളിച്ചുപറഞ്ഞിട്ടും വാര്‍ത്തകള്‍ തിരുത്താന്‍ ആരും തയാറായില്ല. വാര്‍ത്താമാധ്യമങ്ങള്‍ ആരുടെ താല്‍പര്യങ്ങളാണ്‌ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ഏറ്റവും കുറഞ്ഞത്‌ കൂടങ്കുളത്തെ ജനങ്ങളെങ്കിലും അനുഭവത്തിലൂടെ മനസ്സിലാക്കിക്കാണും.

(കടപ്പാട്‌: മാധ്യമം)
മാധ്യമങ്ങള്‍ക്കാവില്ല ഈ മനുഷ്യരെ തോല്‍പ്പിക്കാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക