Image

പാര്‍ട്ടിക്കോടതികള്‍ നടത്തി, ശിക്ഷകള്‍ വിധിച്ച്, ഒറ്റബുദ്ധികളായ സഖാക്കള്‍ ഇടതുപക്ഷത്തെ നയിക്കുന്നത് എവിടേക്കാണ്?

കലാകൃഷ്ണന്‍ Published on 12 February, 2019
പാര്‍ട്ടിക്കോടതികള്‍ നടത്തി, ശിക്ഷകള്‍ വിധിച്ച്, ഒറ്റബുദ്ധികളായ സഖാക്കള്‍ ഇടതുപക്ഷത്തെ നയിക്കുന്നത് എവിടേക്കാണ്?

കേരളത്തില്‍ ആര്‍.എസ്.എസ് ബിജെപിയുടെ ഫാസിസ്റ്റ് ലക്ഷ്യങ്ങളോടും മസില്‍ പവറിനോടും ഇഞ്ചോടിച്ച് എതിരിടുന്ന ജനകീയ പ്രസ്ഥാനമാണ് സിപിഎം. എന്നാല്‍ ഒരു കേഡര്‍ സംഘടന എന്ന നിലയില്‍ എത്ര കണ്ട് ഫാസിസ്റ്റ് സ്വഭാവമുള്ളതാണ് സിപിഎം എന്ന് ചോദിച്ചാല്‍ പലപ്പോഴും ആര്‍എസ്എസിനെ കടത്തി വെട്ടുന്ന സ്വഭാവ ഗുണം പ്രകടിപ്പിക്കുന്നതാണ് സിപിഎം എന്നതാണ് ഗ്രൗണ്ട് റിയാലിറ്റി. ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ നയങ്ങളില്‍ ജനകീയതയും പുരോഗമനസ്വഭാവവും എല്ലാക്കാലത്തും നിലനിര്‍ത്തുമ്പോഴും കേഡര്‍പാര്‍ട്ടിയെന്ന നിലയില്‍ പലപ്പോഴും ബാര്‍ബേറിയന്‍ സിസ്റ്റത്തെയാണ് സിപിഎം ഓര്‍മ്മപ്പെടുത്തുന്നത്. കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ മുതല്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ സിപിഎം വരെ തനി ഗുണ്ടായിസം നടപ്പാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് സഖാക്കള്‍ എന്ന തെളിയിച്ചുകൊണ്ടേയിരിക്കുന്നു.  
പേശിബലത്തിന്‍റെ പ്രയോഗം പലപ്പോഴും നിലനില്‍പ്പിന്‍റെ ആവശ്യകതയായിട്ടല്ല സിപിഎമ്മില്‍ മുതല്‍ എസ്.എഫ്.ഐയില്‍ വരെ പ്രവര്‍ത്തിക്കുക. ഏകാധിപത്യ പ്രവണതയുടെ ഒരു തുടക്കം എന്ന നിലയിലാണ് സിപിഎം ഗുണ്ടായിസം നടപ്പാക്കപ്പെടുക. വളര്‍ന്ന് വളര്‍ന്ന് തനി ഫാസിസ്റ്റ് സ്വഭാവമുള്ള ഒന്നായി രൂപാന്തരപ്പെടാന്‍ സിപിഎമ്മിന് കഴിയും എന്നതിന്‍റെ ഏറ്റവും വടിവൊത്ത ഉദാഹരണമാണ് അരിയില്‍ ഷുക്കൂര്‍ കൊലപാതകം.  
2012 ഫെബ്രുവരി ഇരുപതിനാണ് അരിയില്‍ ഷുക്കൂര്‍ കൊലപാതകം നടക്കുന്നത്. കണ്ണൂര്‍ പട്ടുവം അരിയിലില്‍ മുസ്ലിംലീഗിന് വലിയ മേല്‍ക്കൈയുള്ള സ്ഥലമാണ്. പൊതുവില്‍ കണ്ണൂരില്‍ ക്ഷേത്രങ്ങള്‍ നേരിട്ട് നടത്തുമ്പോള്‍ തന്നെ മുസ്ലിം പള്ളി വരുന്നതിനോട് വിമുഖതയുള്ളവരാണ് സഖാക്കള്‍ എന്ന് മുസ്ലീം ലീഗ് നേതാക്കളുടെ ആരോപണം ഉയര്‍ത്തുന്നത് വെറുതയുമല്ല. പള്ളി വന്നാല്‍ പിന്നെ പിന്നാലെ ലീഗിന്‍റെ കൊടി വരും എന്നതാണ് പ്രശ്നം. കോണ്‍ഗ്രസിന്‍റെ പ്രാതിനിധ്യം പോലെയല്ല. ലീഗിന്‍റെ പ്രാതിനിധ്യം സിപിഎമ്മിനെ പേടിപ്പിക്കുന്നതാണ്. ചെറുപ്പക്കാര്‍ കൂട്ടത്തോടെ ലീഗിലേക്ക് പോകും എന്നത് തന്നെ കാരണം. 
്അങ്ങനെയുള്ള കണ്ണൂരിലെ അരിയിലില്‍ സിപിഎം ലീഗ് സംഘര്‍ഷമുണ്ടാകുന്നു. ലീഗിന് മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷം നടന്നാല്‍ നേതാക്കള്‍ ഓടിയെത്തുക പതിവാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍, തിരിച്ചടിച്ചില്ലെങ്കില്‍ പിന്നെ പതിയെ ആര്‍.എസ്.എസ് അരങ്ങ് പിടിക്കും. ലീഗിന് ബദലായി ആര്‍എസ്എസ് കടന്നു വരും. 
അതൊഴിവാക്കാന്‍ ജില്ലാ സെക്രട്ടറി നേരിട്ടാണ് അന്ന് അരിയിലില്‍ എത്തിയത്. പി.ജയരാജനും ടിവി രാജേഷും വന്ന വാഹനങ്ങള്‍ പക്ഷെ അരിയിലില്‍ വെച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ലീഗ് പ്രവര്‍ത്തകര്‍ ജയരാജന്‍റെ കാറിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ജയരാജനും രാജേഷും സംഭവ സ്ഥലത്ത് നിന്ന് പോകുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. 
സംഭവിച്ചിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിക്ക് നേരെയുള്ള നേരിട്ടുള്ള അക്രമമമാണ്. അത് സിപിഎമ്മിന്‍റെ ശക്തിക്ക് ക്ഷീണം വരുത്തുന്ന കാര്യമാണ്. ഇതിനുള്ള തിരിച്ചടിയായിരുന്നു അരിയില്‍ ഷുക്കൂറിന്‍റെ കൊലപാതകമെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. 
കീഴറ വള്ളുവന്‍കടവില്‍ വെച്ച് ഇരുനൂറോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു വീട്ടില്‍ അഭയം തേടിയ ഷുക്കൂറിനെയും സുഹൃത്തുക്കളെയും വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി പിടികൂടുകയും മര്‍ദ്ദിക്കുകയും പിന്നാലെ ഷുക്കൂറിനെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ജയരാജനെ കല്ലെറിഞ്ഞ സംഘത്തില്‍ ഷുക്കൂര്‍ ഉണ്ടായിരുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും ഫോട്ടോ ഫോണിലൂടെ അയച്ച് കൊടുത്ത് ഉറപ്പ് വരുത്തലുമൊക്കെ നടന്നു. പിന്നീട് ഒരു മണിക്കൂറോളം മര്‍ദ്ദിക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു കൊലപാതാകം.
പക്കാ താലിബാന്‍ മോഡല്‍. 
ഒരക്ഷരം കുറച്ച് പറയേണ്ടതില്ല. താലിബാന്‍ മോഡല്‍ കൊലപാതകം തന്നെ. 
അരിയില്‍ ഷുക്കൂര്‍ കൊലപാതകം കഴിഞ്ഞ് ഒരുവര്‍ഷം കഴിയുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ പരിക്കേല്‍പ്പിച്ച സംഭവം നടന്നത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയെ സോളാര്‍ കേസില്‍ സിപിഎം സ്ഥിരമായി കരിങ്കൊടി കാണിക്കുന്ന സമയമായിരുന്നു അത്. കണ്ണൂരില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞാണ് അന്ന് സിപിഎം എതിരേറ്റത്. കാറിന്‍റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് അന്ന് പരിക്കേറ്റു. സംസ്ഥാന മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്ന അവസ്ഥയാണിതെന്ന് ഓര്‍മ്മിക്കണം. അന്ന് അതിനെതിരെ പോലീസ് ആക്ഷന്‍ നടന്നിരുന്നുവെങ്കില്‍ സിപിഎം അടുത്ത ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിക്കുമായിരുന്നു. പക്ഷെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ നിന്ന് ഏറ് കൊണ്ട ക്ഷീണത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. കുടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതുമില്ല. 
ഇതാണ് സിപിഎമ്മിന്‍റെ ഫാസിസ്റ്റ് ശൈലിയുടെ നേര്‍ ഉദാഹരണങ്ങള്‍. പ്രതിരോധത്തിന്‍റെ വഴിയില്ല മറിച്ച പാര്‍ട്ടിയുടെ ശക്തി ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് പലപ്പോഴും സിപിഎം അക്രമത്തിന്‍റെ പാത സ്വീകരിക്കുന്നത് എന്നതിന് ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്. 
എങ്ങനെ ഒരു പുരോഗമന പ്രസ്ഥാനം ഇത്രയും ഫാസിസ്റ്റ് ശൈലിയിലേക്ക് സിസ്റ്റത്തിലേക്ക് എത്തിപ്പെട്ട് പോകുന്നു എന്ന് ചോദിച്ചാല്‍ വിഖ്യാതനായ കവി എഴുതിയ കവിതയിലേക്ക് പോകേണ്ടി വരും. പോരാളികളായിരിക്കുമ്പോള്‍ അവരെ എനിക്കിഷ്ടമാണ്. പോരാട്ടം കഴിഞ്ഞ് അധികാരത്തില്‍ അമര്‍ന്ന് പുരോഹിതരമായി മാറിക്കഴിഞ്ഞാല്‍ പിന്നെ അവരെ എനിക്ക് ഇഷ്ടമല്ല. 
യഥാര്‍ഥത്തില്‍ ബംഗാളിലും തൃപുരയിലും സിപിഎം ഇല്ലാതാക്കപ്പെട്ടത് ഇതേ ഏകാധിപത്യത്തിന്‍റെ ബാക്കിപത്രമായിട്ടാണ്. കേരളത്തിലെ ഒറ്റബുദ്ധികളായ സഖാക്കള്‍ സിപിഎമ്മിനെ നയിക്കുന്നതും അതേ പതനത്തിലേക്കാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക