Image

ഷുക്കൂര്‍ വധം; സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്

Published on 13 February, 2019
ഷുക്കൂര്‍ വധം; സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്. കൊലപാതകം നടത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പി ജരാജനും ടി വി രാജേഷ് എംഎല്‍എയുമാണെന്നാണ്‌ റിപ്പോര്‍ട്ട്. കസ്റ്റഡിയിലുള്ളവരെ വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന നേതാക്കളുടെ നിര്‍ദ്ദശം പ്രവര്‍ത്തകര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും,ഗൂഡാലോചനയ്ക്ക് ദൃക്‌സാക്ഷികളുണ്ടെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്നായിരുന്നില്ല. കൃത്യത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ട്. 32 -ാം പ്രതി പി ജയരാജനും 33 -ാം പ്രതി ടി.വി രാജേഷ് എം എല്‍ എയും 30 -ാം പ്രതി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമാണ് മുഖ്യ ആസൂത്രകര്‍.

അരിയില്‍ ഷുക്കൂര്‍ അടക്കമുള്ള മുസ്ലീംലീഗ് പ്രവര്‍ത്തകരെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യണമെന്നാണ് നേതാക്കള്‍ നല്‍കിയ നിര്‍ദേശം. ഇവരുടെ നിര്‍ദ്ദേശമാണ് ലോക്കല്‍ സെക്രട്ടറി യു.വി വേണു മറ്റ് പ്രതികളെ അറിയിച്ച്‌ നടപ്പാക്കിയത്.

തങ്ങളുടെ പിടിയിലുള്ളത് അരിയില്‍ ഷുക്കൂര്‍ തന്നെയെന്ന് ഉറപ്പാക്കാന്‍ കെ.ബാബു അയച്ച്‌ കൊടുത്ത ഫോട്ടോ ഗൂഡാലോചനയിലെ മുഖ്യപ്രതികള്‍ കണ്ട് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് വള്ളുവന്‍കടവിലെ കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ തടഞ്ഞുവെച്ച അരിയില്‍ ഷുക്കൂറിനെ പാടത്ത് കൊണ്ടുപോയി പരസ്യമായി കൊലപ്പെടുത്തുന്നത്.

മുഹമ്മദ് സാബിര്‍, അബു, പ്രാദേശിക പത്രപ്രവര്‍ത്തകരായ മനോഹരന്‍, ദിവാകരന്‍ എന്നിവരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഡാലോചന, അന്യായമായി തടങ്കലില്‍വെക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്

Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക