Image

വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കും: കണ്ണന്താനം

Published on 13 February, 2019
വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കും: കണ്ണന്താനം
 

മെല്‍ബണ്‍/ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം നടത്തിവരികയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

റോഡ് ഷോകള്‍, ട്രാവല്‍ മാര്‍ട്ടുകള്‍ എന്നിവ സംഘടിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിദേശികള്‍ക്ക് അറിവ് പകരുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇന്ത്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി പത്തനംതിട്ട സ്വദേശി പ്രസാദ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ മെല്‍ബണ്‍ ആസ്ഥാനമായി ആരംഭിച്ച എഎന്‍ഇസെഡ് ടൂറിസം പാക്കേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മറ്റു അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുന്‌പോള്‍ ഇന്ത്യയിലേക്കെത്തുന്ന ഓസ്‌ട്രേലിയന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നും നന്നായി പ്രചാരണം നല്‍കിയാല്‍ വന്‍തോതില്‍ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും പ്രസാദ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. 

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും വിനോദ സഞ്ചാരികളെ കൊണ്ടു പോകുന്നതിനുള്ള പാക്കേജുകള്‍ എഎന്‍ഇസെഡ് ക്രമീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കുടുംബസമ്മേതം വിവിധ യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിക്കുന്നതിനുള്ള പാക്കേജും ലഭ്യമാണെന്ന് പ്രസാദ് പറഞ്ഞു. ലോക കേരളസഭാ അംഗം ജോണ്‍സണ്‍ മാമലശേരി, എഎന്‍ഇസെഡ് ടൂറിസം ഇന്ത്യ കോഓര്‍ഡിനേറ്റര്‍ ഡാന്യൂ മരിയോ, ബിജു ആബേല്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക