Image

അംബാനിക്ക്‌ വേണ്ടി വിധി തിരുത്തി; രണ്ടു സുപ്രീം കോടതി ജീവനക്കാരെ പിരിച്ചു വിട്ടു

Published on 14 February, 2019
 അംബാനിക്ക്‌ വേണ്ടി വിധി തിരുത്തി; രണ്ടു സുപ്രീം കോടതി ജീവനക്കാരെ പിരിച്ചു വിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലെ കോടതി ഉത്തരവില്‍ തിരുത്തല്‍ നടത്തിയതിന്‌ രണ്ട്‌ ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു.
ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ കോര്‍ട്ട്‌ മാസ്റ്റര്‍മാരായ മാനവ്‌ ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ്‌ പിരിച്ചുവിട്ടത്‌. ഇരുവരും അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ റാങ്കിലുള്ളവരാണ്‌.

ബുധനാഴ്‌ച വൈകീട്ടോടെ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയിയാണ്‌ നടപടിയെടുത്തത്‌.


റിലയന്‍സ്‌ ജിയോയ്‌ക്ക്‌ ആസ്‌തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ്‌ കോം ഉടമ അനില്‍ അംബാനി നേരിട്ട്‌ ഹാജരാകണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ജനുവരി ഏഴിന്‌ ജസ്റ്റിസുമാരായ ആര്‍.എഫ്‌.നിരമാന്‍ വിനീത്‌ സാറന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു ഉത്തരവ്‌. എന്നാല്‍ അന്ന്‌ വൈകീട്ട്‌ സുപ്രീംകോടതി വെബ്‌സൈറ്റില്‍ അപ്ലോഡ്‌ ചെയ്‌ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്ന്‌ അനില്‍ അംബാനിക്ക്‌ ഇളവ്‌ നല്‍കിയതായാണ്‌ ഉണ്ടായിരുന്നത്‌.

ജനുവരി 10ന്‌ ഈ വൈരുദ്ധ്യം എറിക്‌സണ്‍ ഇന്ത്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന്‌ സുപ്രീംകോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ്‌ രണ്ട്‌ ജീവനക്കാരെ പിരിച്ചുവിട്ടത്‌.

സംഭവത്തില്‍ കൂടൂതല്‍ അന്വേഷണം നടക്കുന്നതായാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക