Image

ജോര്‍ജ് എട്ടിയില്‍ ലുഫ്താന്‍സയുടെ സൗത്ത് ഏഷ്യ സീനിയര്‍ ഡയറക്ടര്‍

Published on 15 February, 2019
ജോര്‍ജ് എട്ടിയില്‍ ലുഫ്താന്‍സയുടെ സൗത്ത് ഏഷ്യ സീനിയര്‍ ഡയറക്ടര്‍

ബര്‍ലിന്‍: ലുഫ്താന്‍സ ഗ്രൂപ്പ് എയര്‍ലൈന്‍സിന്റെ സൗത്ത് ഏഷ്യയിലെ സീനിയര്‍ ഡയറക്റ്റര്‍ സെയില്‍സായി ജോര്‍ജ് എട്ടിയില്‍ നിയമിതനായി. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ലുഫ്താന്‍സ ഗ്രൂപ്പിന്റെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം അദ്ദേഹത്തിനായിരിക്കും.

ലുഫ്താന്‍സ ജര്‍മന്‍ എയര്‍ലൈന്‍സ്, ഓസ്ട്രിയന്‍, സ്വിസ് എയര്‍ലൈന്‍സ്, ബ്രസല്‍സ് എയര്‍ലൈന്‍സ്(ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക) എന്നിവയാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. ദക്ഷിണേഷ്യയില്‍ 58 സര്‍വീസുകളാണ് ലുഫ്താന്‍സയ്ക്കുള്ളത്. ഇന്ത്യയിലെ നാലു നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, കൂടാതെ കൊളംബോ എന്നിവിടങ്ങളില്‍ നിന്നും യൂറോപ്യന്‍ ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, സൂറിച്ച് വഴി 343 സ്ഥലങ്ങളിലേയ്ക്കും നൂറിലധികം രാജ്യങ്ങളിലേയ്ക്കും ലുഫ്താന്‍സാ പറക്കുന്നുണ്ട്. 

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തയാളാണ് അദ്ദേഹം. തുടര്‍ന്ന് ഇന്‍ഡോ ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ & മാനേജ്‌മെന്റില്‍ പി.ജി ഡിപ്‌ളോമയും കരസ്ഥമാക്കി. 1996 ല്‍ മാനേജ്‌മെന്റ് ട്രെയ്‌നിയായാണ് ജോര്‍ജ് എട്ടിയില്‍ ലുഫ്താന്‍സയില്‍ ചേരുന്നത്. തുടര്‍ന്ന് ഓപ്പറേഷന്‍സ് ആന്‍ഡ് പാസഞ്ചര്‍ സര്‍വീസ്, ജിഎം അസിസന്റ്(ഫിനാന്‍സ് ആന്റ് പേഴ്‌സണല്‍, സൗത്ത് ഏഷ്യ),മാനേജര്‍ (കണ്‍ട്രോളിംഗ്,സൗത്ത് ഏഷ്യ), സ്‌റ്റേഷന്‍ മാനേജര്‍ (ചെന്നൈ),സ്‌റ്റേഷന്‍ മാനേജര്‍ (മുംബൈ/പൂനൈ), സീനിയര്‍ മാനേജര്‍ (ബിസിനസ് യൂണിറ്റ് കണ്‍ട്രോളര്‍), സീനിയര്‍ മാനേജര്‍ (കീ അക്കൗണ്ട് & ബിസിനസ് യൂണിറ്റ് കണ്‍ട്രോളിംഗ്), സീനിയര്‍ മാനേജര്‍(ഫിനാന്‍ഷ്യല്‍ കണ്‍ടോളിംഗ്, സെയില്‍സ് ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലണ്ട്)എന്നീ വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്.തുടര്‍ന്ന് ഇന്ത്യയിലെ പതിമൂന്ന് സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 2009ല്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കു മാറി. നിലവില്‍ സീനിയര്‍ ഡയറക്ടര്‍ ഗ്ലോബല്‍ സെയില്‍സ് പ്രോഡക്റ്റ് ആന്‍ഡ് പ്രോഗ്രാംസ് മേധാവിയായിരുന്നു.

കഴിഞ്ഞ 23 വര്‍ഷമായി ലുഫ്താന്‍സയില്‍ വിവിധ കേഡറുകളില്‍ ജോലി ചെയ്തിട്ടുള്ള ജോര്‍ജ് കോട്ടയം ജില്ലയിലെ പൊന്‍കുന്നം എട്ടിയില്‍ തോമസ്, അന്നമ്മ ദന്പതികളുടെ മകനാണ്. ഭാര്യ മനു ജോര്‍ജ്. മക്കള്‍ അഞ്ജലി, റോഷ്‌നി. ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകനും,റെക്‌സ് ബാന്‍ഡ് ഗ്രൂപ്പിലെ ഗായകനും, ജര്‍മനിയിലെ പ്രമോട്ടറും കൂടിയാണ് ജോര്‍ജ്. മലയാളത്തിനു പുറമെ, ഇംഗ്‌ളീഷ്, ഹിന്ദി, ജര്‍മന്‍,ഫ്രഞ്ച് എന്നീ ഭാഷകളും കൈകാര്യം ചെയ്യും. ഇതാദ്യമായാണ് ലുഫ്താന്‍സായുടെ തലപ്പത്തേയ്ക്ക് ഒരു മലയാളി നിയമിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക