Image

മക്കള്‍ രാഷ്ട്രീയവും മന്ത്രികസേരയും

സാജന്‍ തോമസ്‌ Published on 16 April, 2012
മക്കള്‍ രാഷ്ട്രീയവും മന്ത്രികസേരയും
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ. കരുണാകരനെ അദ്ദേഹത്തിന്റെ മക്കള്‍ കെ. മുരളീധരന്‍ രാഷ്ട്രീയമായി വെല്ലുവിളിച്ചപ്പോള്‍ 'അച്ഛനെ വെട്ടുന്ന ഔറംഗസീബ്'എന്നാണ് അദ്ദേഹത്തെ ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ വിശേഷിപ്പിച്ചത്. കെ. കരുണാകരനും മുരളീധരനും ശേഷം ഒരച്ഛനും മകനും തമ്മിലുള്ള മറ്റൊരു നാടകം കേരള രാഷ്ട്രീയത്തില്‍ നിറയുകയാണ്.

ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ് കുമാറും തമ്മിലുള്ള അച്ഛന്‍-മകന്‍ പ്രശ്‌നങ്ങള്‍ കുടുംബപ്രശ്‌നമായി ഒതുക്കി നിറുത്തേണ്ടതല്ലെ. പിന്നെന്തിനാണ് പത്രക്കടലാസും ചാനല്‍ വാര്‍ത്തകളും ഇതിനുവേണ്ടി സ്ഥലവും സമയവും ചെലവഴിക്കുന്നത് എന്നത് ന്യായമായ സംശയം. എന്നാല്‍, മകന്‍ ഗണേഷ് കേരള സംസ്ഥാനത്തിലെ ഭരണചക്രം തിരിക്കുന്ന മന്തിയും അച്ഛന്‍, കേരളം ഭരിക്കുന്ന യു.ഡി.എഫിലെ ഒരു ഘടകക്ഷിയുടെ ചെയര്‍മാനുമാകുമ്പോള്‍ അവര്‍ തമ്മിലുള്ള പ്രശ്‌നം കേരള രാഷ്ട്രീയത്തിലും മലയാളികള്‍ക്കും പ്രധാന്യമുള്ള വാര്‍ത്തയാകുന്നത് സ്വാഭാവികം.

തങ്ങളുടെ ഏക എം.എല്‍.എ.യും മന്ത്രിയുമായ ഗണേഷ്, പാര്‍ട്ടി പറയുന്നതൊന്നും അനുസരിക്കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നുമാണ് ബാലകൃഷ്ണപിള്ളയുടെ ആവശ്യം. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ കുറച്ചുകാലംകൊണ്ട് മികച്ച ഭരണകര്‍ത്താവെന്ന് പേരെടുത്ത വ്യക്തിയാണ്. മകന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട പെരുന്തച്ചന്‍ മനോഭാവമായി ബാലകൃഷ്ണപിള്ളയുടെ പ്രസ്താവകളെ ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഗണേഷിനെ സംരക്ഷിക്കുകയാണെന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാത്തപക്ഷം കൂറുമാറ്റനിയമമനുസരിച്ച് ഗണേഷിനെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് ബാലകൃഷ്ണപിള്ള കഴിഞ്ഞദിവസം പ്രസ്താവിച്ചത്. ഇതെല്ലാം കേട്ട് മൂക്കത്ത് വിരല്‍വെച്ച് നില്‍ക്കുകയാണ് കേരളത്തിലെ ജനങ്ങള്‍.

1964-ല്‍ കെ.എം. ജോര്‍ജ് സ്ഥാപിച്ച കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം കേരള രാഷ്ട്രീയത്തില്‍ മാറ്റിനിര്‍ത്താനാവാത്ത ഒരു ശക്തിയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. കേരള നിയമസഭയില്‍ പല സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങലെടുക്കുന്നതില്‍ ആ പാര്‍ട്ടിയും അതിന്റെ നേതാക്കളും നേതൃത്വം നല്‍കിയിട്ടുണ്ട്. ഒരു ഉദാഹരണം പറയാം 1982-87 കാലത്തെ കരുണാകര മന്ത്രിസഭ 1971-ന് ശേഷം കുടിയേറിയ കൈവശാവകാശരേഖയില്ലാത്ത വരെ കുടിയൊഴിപ്പിക്കാന്‍ ഒരു പ്രമേയം പാസ്സാക്കി. അന്ന് കെ.പി നൂറുദീനായിരുന്നു വനംമന്ത്രി. ചുരുളിയിലും കീരിത്തോടും അനവധി പേരെ കുടിയിറക്കി. തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വണ്ണപ്പുറം-കഞ്ഞികുഴി പഞ്ചായത്തകളിലെ നൂറുകണക്കായ മലയോര കര്‍ഷകരെ കുടിയിറക്കാനായി വലിയൊരു സംഘം പോലീസും വനപാലകരും അങ്ങോട്ട് നീങ്ങി. എന്നാല്‍ കുടിയിറക്ക് എത്രയും പെട്ടെന്ന് നിറുത്തിവയ്ക്കണമെന്നും അല്ലാത്ത പക്ഷം മന്ത്രിസഭയില്‍ നിന്നും തങ്ങള്‍ രാജിവയ്ക്കുമെന്നുള്ള കേരള കോണ്‍ഗ്രസിന്റെ അന്ത്യശാസനമാണ് അന്ന് കുടിയിറക്ക് നിറുത്തിവയ്ക്കാന്‍ കരുണാകരനെ പ്രേരിപ്പിച്ചത്. കേരളത്തിലെ പ്രത്യേകിച്ച് മലയോര മേഖലയില്‍ താമസിക്കുന്ന ആയിരക്കണക്കായ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു അത്.

ഒരു കാലത്ത് 25 എം.എല്‍.എ. മാര്‍ വരെയുണ്ടായിരുന്ന കേരളാകോണ്‍ഗ്രസില്‍ പ്രഗത്ഭരായ നേതാക്കളുടെ ഒരു നിരതന്നെയുണ്ടായി. കെ.എം. ജോര്‍ജ്, കെ.എം. മാണി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയ കേരളാകോണ്‍ഗ്രസിലെ നേതാക്കള്‍ അവര്‍ ഭരിച്ച ഓരോ വകുപ്പിലും പ്രാമുഖ്യവും പ്രാവീണ്യവും തെളിയിച്ചവരാണ്. എന്നാല്‍, കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ വളരുന്തോറും പിളരുന്നു എന്ന് പേരുള്ള ആ പാര്‍ട്ടി പിളര്‍ന്ന് പിളര്‍ന്ന് രാഷ്ട്രീയാപചയം ബാധിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ സമഗ്രവികസനത്തിന് പങ്കാളികളാകുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്യേണ്ട നേതാക്കള്‍ അധികാരഭ്രമവും മക്കള്‍രാഷ്ട്രീയവും സ്വാര്‍ത്ഥ മോഹങ്ങളും കൊണ്ട് കേരളാ കോണ്‍ഗ്രസ് എന്ന ഒരു കാലത്തെ വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ചരമഗീതമെഴുതുമ്പോള്‍, ആ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസമര്‍പ്പിച്ച് ഒരു വിഭാഗം ജനം നിരാശരാകുകയാണ്.
മക്കള്‍ രാഷ്ട്രീയവും മന്ത്രികസേരയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക