Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-7 (ജി. പുത്തന്‍കുരിശ് )

ജി. പുത്തന്‍കുരിശ് Published on 16 February, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-7 (ജി. പുത്തന്‍കുരിശ് )
'നിങ്ങള്‍ പരാജയങ്ങളെ നേരിടേണ്ടി വരും പക്ഷെ നിങ്ങള്‍ പരാജയപ്പെടരുത്. വാസ്തവത്തില്‍ പരാജയങ്ങളുമായി മല്ലിടേണ്ടതാണ്. അത് നിങ്ങള്‍ ആരാണെന്ന് തിരിച്ചറിയാന്‍ നിങ്ങളെ സഹായിക്കും, അതില്‍ നിന്ന് എങ്ങനെ പുറത്തു വരാമെന്നും പറന്നുയരാന്‍ കഴിയുമെന്നും പഠിക്കും' ഒരു സാമൂഹ്യ പ്രവര്‍ത്തക, എഴുത്തുകാരി, കവയിത്രി, നര്‍ത്തകി, തിരകഥാകൃത്ത് എന്നീ നിലയില്‍ ഏറെ അറിയപ്പെട്ടിരുന്ന മായാ ആന്‍ഞ്ചലോയുടെ അനുഭവങ്ങളില്‍ മുക്കിയെഴുതിയ വാക്കുകളാണവ. 

ജിവിതത്തില്‍ കീര്‍ത്തിയും പ്രാമുഖ്യവും നേടുന്നതിന് മുന്‍പ്  അവര്‍ക്ക് കഷ്ടതയുടെ താഴ്‌വാരങ്ങളിലൂടെ സഞ്ചരിക്കേണ്ടിയിരുന്നു. ആഞ്ചലോയിക്ക് മൂന്നും അവളുടെ സഹോദരന് നാലും വയസ്സുള്ളപ്പോള്‍ അവരുടെ മാതാപിതാക്കളുടെ ദുഃഖുകരമായ ദാമ്പത്യ ജീവിതം വിവാഹ മോചനത്തില്‍ കലാശിച്ചു. അതിനു ശേഷം അവരുടെ പിതാവ് അവരെ ആര്‍ക്കന്‍സയിലെ സ്റ്റാംബ് എന്ന സ്ഥലത്ത് വലിയമ്മയുടെ കൂടെ താമസിക്കാന്‍, ട്രെയിനില്‍ ഒറ്റക്ക് അയച്ചു. അമേരിക്കയടെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലും വലിയമ്മ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. അവരുടെ കൊച്ചു പലചരക്കു കടയില്‍ നിന്നും സാധനങ്ങള്‍ വിറ്റിരുന്നതുകൊണ്ട് അവര്‍ക്ക് ജീവിതത്തിനുള്ള പണം ലഭിച്ചിരുന്നു. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മുന്നറിയിപ്പും ഇല്ലാതെ, ആഞ്ചലോയുടെ പിതാവ് അവിടെ വരികയും, അവരേയും കൂട്ടി അമ്മയോടൊപ്പം താമസിക്കുവാന്‍ സെന്റ് ലൂയിസിലേക്ക് കൊണ്ടുപോയി. എട്ടു വയസ്സുമാത്രമുള്ള ആഞ്ചലോയെ അവളുടെ അമ്മയുടെ കാമുകന്‍ ഫ്രീമാന്‍ ലൈംഗകിമായി പീഡിപ്പിക്കകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു. അവള്‍ ആ വിവരം സഹോദരനോട് പറയുകയും അത് വീട്ടിലുള്ളവര്‍ അറിയുകയും വിവരം നിയമപാലകരെ അറിയിക്കുകയും ചെയ്തു. നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണെന്നു തെളിഞ്ഞ ഫ്രീമാനിന് ഒരു ദവിസം മാത്രമെ ജയിലില്‍ കിടക്കേണ്ടി വന്നുള്ളു. ജയിലില്‍ നിന്ന് പുറത്തു വന്ന ഫ്രീമാന്‍ കൊല ചെയ്യപ്പെട്ടു. ആഞ്ചലയുടെ അമ്മാവ•ാരായിരിക്കാം അവനെ കൊന്നതെന്ന് ആഞ്ചല കരുതുന്നു.

ഈ സംഭവങ്ങള്‍ക്ക് ശേഷം ആഞ്ചല അടുത്ത അഞ്ചു വര്‍ഷത്തേക്ക് മൂകയായി മാറി.  'ഞാന്‍ വിചാരിച്ചു എന്റെ ശബ്ദം അവനെ കൊന്നു കളഞ്ഞുവെന്ന്. ഞാന്‍ അവന്റെ പേര് പറഞ്ഞതുകൊണ്ടാണ് അവന്‍ കൊല ചെയ്യപ്പെട്ടത്. ഞാന്‍ ഇനി ഒരിക്കലും സംസാരിക്കുകയില്ല. കാരണം എന്റെ ശബ്ദത്തിന് കൊല്ലുവാനുള്ള കഴിവുണ്ട്' ആഞ്ചലോയുടെ മൂകതയെ കുറിച്ചു ആഞ്ചല ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ള വാക്കുകളാണ് മേല്‍പറഞ്ഞവ. ആഞ്ചലോയുടെ ജീവചരിത്രം എഴുതിയ മാര്‍സിയാ ആന്‍ എഴുതിയിരിക്കുന്നത്, ഈ സമയത്താണ് ആഞ്ചല പുസ്തകങ്ങളോടും സാഹിത്യത്തോടുള്ള താത്പര്യം വികസിപ്പിച്ചെടുത്തതെന്നാണ്. അനിതരസാധാരണമായ അവരുടെ ഓര്‍മ്മ ശക്തിയെ കുറിച്ചും മാര്‍സിയാ ആഞ്ചലയുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

ആഞ്ചലോയിക്ക് പതിനാലു വയസ്സുള്ളപ്പോള്‍ ആഞ്ചലോയും സഹോദരനും ഒരിക്കല്‍ കൂടി അവരുടെ അമ്മയുടെ കൂടെ താമസം മാറ്റി. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം ആഞ്ചലോ കാലിഫോര്‍ണിയാ ലേബര്‍ സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുടുംബ സുഹൃത്തും ടീച്ചറുമായ ബെര്‍ത്താ ഫ്‌ളവറിനോട് അവള്‍ വളരെ കടപ്പെട്ടിരുന്നു. ചാള്‍സ് ഡിക്കന്‍സ്, വില്ല്യം ഷേക്‌സ്പയര്‍, എഡഗര്‍ ആലന്‍ പോ, ഡഗ്‌ളസ് ജോണ്‍സണ്‍ തുടങ്ങിയ പല പ്രശസ്ത എഴുത്തുകാരേയും അവള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത് ബെര്‍ത്ത ഫ്‌ളവര്‍ ആയിരുന്നു. പതിനാറാം വയസ്സില്‍ സാന്‍ഫ്രാന്‍സിക്കോയില്‍ കേബിള്‍ കാര്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചു. ആഞ്ചലയുടെ ആദ്യത്തെ ജോലിയായിരുന്നു അത്. യൂണിഫോമും അണിഞ്ഞ് ജോലി ചെയ്യാനുള്ള അവളുടെ താത്പര്യവും ഉത്സാഹവും കണ്ട് ആഞ്ചലോയുടെ അമ്മ അതിനെ അവളുടെ 'സ്വപ്ന ജോലി' എന്നു വിളിച്ചു. ആ ജോലിയില്‍ വിജയിക്കണമെങ്കില്‍ 'നീ നേരത്തെ ഉണര്‍ന്ന് ജോലിയ്ക്ക് എത്തുകയും കഠിനാദ്ധാനം ചെയ്യണം' എന്ന് ഉപദേശിക്കുകയും ചെയ്തു.  രണ്ടായിരത്ത പതിനാലില്‍ ഇവര്‍ക്ക് കിട്ടിയ, രാഷ്ട്രത്തെ ചലിപ്പിക്കുന്ന സ്ത്രീ  എന്നര്‍ത്ഥമുള്ള 'വുമണ്‍ ഹൂ മൂവ് ദി നേഷന്‍' അവാര്‍ഡിന് അര്‍ഹയായി. ചാരത്തില്‍ നിന്ന് ഉയര്‍ന്നുപൊന്തിയ ഈ ഫീനിക്‌സ് പക്ഷിക്ക് ഇതില്‍പ്പരം മറ്റൊരാദരവ് എന്താണ് വേണ്ടത്. 

എനിക്കറിയാം എന്തുകൊണ്ട് കൂട്ടിലടയ്ക്കപ്പെട്ട പക്ഷി പാടുന്നത് എന്നര്‍ത്ഥമുള്ള 'ഐ നോ വൈ ദി കെയ്ജഡ് ബേര്‍ഡ് സിങ്‌സ്' എന്ന മായ ആഞ്ചലോയുടെ ആത്മകഥ, ന്യൂയോര്‍ക്ക ടൈയിംമ്‌സിന്റെ രണ്ടു വര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നല്ല പുസ്തകങ്ങളില്‍ ഒന്നാണ്. ഏഴ് വാള്യങ്ങളില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം, സ്വഭാവഗുണങ്ങളുടെ ശക്തികൊണ്ടും, സാഹിത്ത്യത്തോടുള്ള സ്‌നേഹം കൊണ്ടും എങ്ങനെ വംശീയതേയും ജീവിതത്തില്‍ ഏല്‍ക്കുന്ന ആഘാതങ്ങളേയും അതിജീവിക്കാം എന്നുള്ളതിന്റെ ആത്മ കഥാവിഷ്‌ക്കാരമാണ്. മൂന്നു വയസ്സില്‍ ആര്‍ക്കന്‍സായില്‍ വലിയ അമ്മയോടൊപ്പം ഒറ്റയ്ക്ക് താമസിക്കാന്‍ പോയതും, എട്ടാം വയസ്സില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതും, പതിനാറാം വയസ്സില്‍ അമ്മയായതും, വംശീയതയുടെയും അപകര്‍ഷാബോധത്തിന്റേയും ബലിയാടായി കൂട്ടില്‍ അകപ്പെട്ട പക്ഷിയുടെ അവസ്ഥയില്‍ നിന്നും യുക്തിഹീനാഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ ശേഷിയും ആത്മാഭിമാനം സ്വന്തമായിട്ടുള്ളതുമായ ഒരു പ്രൗഡ സ്ത്രീയായി മാറിയതിന്റെ പാട്ടാണ് 'ഐ നോ വൈ ദി കെയ്ജഡ് ബേര്‍ഡ് സിങ്‌സ്' എന്ന ആത്മകഥയില്‍ വായനക്കാര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നത്.  ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളാല്‍ കൂടുകളില്‍ അകപ്പെട്ടു കിടക്കുന്ന മനുഷ്യജീവികളെ 
കൊണ്ട് പാടിക്കാന്‍ മായോ ആഞ്ചലോ എന്ന ഫീനിക്‌സ് പക്ഷിക്ക് കഴിയും എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. 

ചിന്താമൃതം:
സമൃദ്ധമായ സ്‌നേഹ പ്രകാശ അരുണിമയാല്‍
ഭീരുത്വത്തില്‍ നിന്ന് നാം മുക്തരായിരിക്കുന്നു
ഭയമില്ലാതെ സാഹസികതയ്ക്ക് നാം മുതിരുന്നു
അതോടൊപ്പം സ്‌നേഹത്താല്‍ നമുക്കുള്ളതെല്ലാം
നഷ്ടപ്പെടുമെന്നുള്ളതും വെളിപ്പെടുന്നു
എന്നിരിക്കിലും സ്‌നേഹം മാത്രമെ നമ്മെ സ്വതന്ത്രമാക്കു. 

(മായ ആഞ്ചലയുടെ പ്രശസ്തമായ കവിതയുടെ സ്വന്ത ഭാഷാന്തരം)

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-7 (ജി. പുത്തന്‍കുരിശ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക