Image

അല്‍ഫോണ്‍സോ ക്യുയറോണ്‍ ഏറ്റവും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 February, 2019
അല്‍ഫോണ്‍സോ ക്യുയറോണ്‍ ഏറ്റവും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടുമോ? (ഏബ്രഹാം തോമസ്)
ഓസ്‌കര്‍ അവാര്‍ഡുകളുടെ ചരിത്രത്തില്‍ മൂന്ന് ചലച്ചിത്ര സംവിധായകര്‍ക്ക് ഒരേ വര്‍ഷം രണ്ട് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ക്ലാരന്‍സ് ബ്രൗണ്‍, മൈക്കേല്‍ കെര്‍ട്ടിസ്, സ്റ്റീവന്‍സോ ഡര്‍ബര്‍ഗ് എന്നിവരാണിവര്‍. സോഡര്‍ബര്‍ഗിന്റെ രണ്ട് നോമിനേഷനുകളില്‍ ഒന്ന് ട്രാഫിക്(2001) ഈ സംവിധാനകന് അവാര്‍ഡ് നേടിക്കൊടുത്തു. 6 കറുത്ത വര്‍ഗക്കാരായ സംവിധായകര്‍ക്ക്  നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. 1992 ല്‍  ജോണ്‍ സിംഗിള്‍ടണും(ബോയ്‌സ്ന്‍ ദ ഹുഡ്), 2010 ല്‍ ലീ ഡാനിയേല്‍സും(പ്രെഷ്യസ്) അവാര്‍ഡ് നേടി. 2014 മുതല്‍ 2018 വരെ മൂന്ന് മെക്‌സിക്കന്‍ സംവിധായകര്‍  നോമിനേഷന്‍ നേടി- ഗില്ലര്‍മോഡെല്‍ ടോറോ, അലാജാണ്ടോ ഗൊണ്‍സാലസ് ഇനാരിറ്റോ, പിന്നെ ഇപ്പോള്‍ അല്‍ഫോണ്‍സോ ക്യുയറോണ്‍.

തന്റെ കുട്ടിക്കാല സ്മരണകള്‍ ആധാരമാക്കി ക്യുയറോണ്‍ തന്നെ തയ്യാറാക്കിയ തിരക്കഥയാണ് റോമയ്ക്ക് തിരഞ്ഞെടുത്തത്. സാധാരണ പ്രശസ്തരും അല്ലാത്തവരുമായ താരങ്ങള്‍ പരാതിപ്പെടാറ് തങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് നേരത്തെ ലഭിച്ചില്ലെന്നാണ്. ക്യുയറോണ്‍ ഓരോ ദിവസവും അന്നന്നേയ്ക്കുള്ള ഭാഗങ്ങളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയത്. ചില ദിവസങ്ങളില്‍ നല്‍കിയ ഭാഗങ്ങളില്‍ സംഭാഷണം ഉണ്ടായിരുന്നില്ല. വ്യത്യസ്തരായ ഈ കഥാപാത്രം എന്താണ് പറയാന്‍ പോകുന്നതെന്നറിയുവാനുള്ള പ്രക്ഷുബ്ധമായ അവസ്ഥ സൃഷ്ടിച്ചു. ഈ പരിശീലനമാണ് ഒരു ഇടത്തരം മെക്‌സിക്കന്‍ കുടുംബത്തിലെ പരിചാരകയും മറ്റ് കഥാപാത്രങ്ങളും  തമ്മില്‍ സംവദിക്കുന്നതിനും ക്ലിയോ(വേലക്കാരി)യുടെ കഥാപാത്രത്തെ കെട്ടുറപ്പിക്കുന്നതിനും സഹായിച്ചത്. ഓര്‍മ്മകളെ സമീപിക്കുവാനുള്ള ഏറ്റവും മെച്ചപ്പെട്ട മാര്‍ഗം വര്‍ത്തമാനകാലത്തില്‍ നിന്ന് ഒരു തിരിഞ്ഞുനോട്ടമാണ്. ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള ആകാംക്ഷയും  ധാരണയും ഇത് മറനീക്കി പുറത്ത് എത്തിക്കുന്നു ക്യുയറോണ്‍ പറയുന്നു.

57കാരനായ ക്യുയറോണിന് മുമ്പ് 6 തവണ നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് തവണ ഓസ്‌കര്‍ നേടുകയും ചെയ്തു. റോമ ഏറ്റവും മികച്ച വിദേശഭാഷാ ചിത്രത്തിനും നോമിനേറ്റ്് ചെയ്യപ്പെട്ടിട്ടുണ്ട്. ക്യുയറോണിന് സാധ്യത കല്പിക്കുന്നത് 65% ആണ്. 
ബ്ലാക്ക് ക്ലാന്‍സ്മാന്റെ സംവിധായകന്‍ സ്‌പൈക്ക് ലീക്ക് 23% സാധ്യത കല്‍പിക്കുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ലീക്ക് അവാര്‍ഡ് ലഭിച്ചു എന്ന് വരാം. മറ്റൊരു കറുത്തവര്‍ഗക്കാരന്‍ പോലീസുകാരനെയും വെളുത്ത വര്‍ഗക്കാരന്‍ പോലീസുകാരനെയും അവതരിപ്പിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യം
 എന്ന് ലീ പറയുന്നു. അത് ഒരു മില്യന്‍ തവണയെങ്കിലും ചെയ്തിട്ടുണ്ട്.

കു ക്ലക്‌സ് ക്ലാന്‍ എന്ന വെളുത്ത വര്‍ഗ മേധാവിത്ത സംഘടനയുടെ പ്രാദേശിക ചാപ്റ്ററില്‍(കൊളറാഡോസ്പ്രിംഗ്‌സില്‍) കടന്നു കൂടുന്ന കറുത്ത പോലീസ് ഓഫീസറായി അഭിനയിച്ച ഡേവിഡ് വാഷിംഗ്ടണിന് എല്ലാ സ്വാതന്ത്ര്യവും നല്‍കി. ഇയാളുടെ കഥാപാത്രവും വെളുത്ത വര്‍ഗക്കാരന്‍ പോലീസ് ഓഫീസറുടെ(ആഡം ഡ്രൈവര്‍) തമ്മിലുള്ള രസതന്ത്രമാണ് ചിത്രത്തിന്റെ വിജയകാരണം. അന്യോന്യം വെറുക്കാതെ വംശീയ വെറിപൂണ്ട ഒരു സംഘത്തെ ഇവര്‍ യോജിച്ച് നേരിടുന്നു. ഇന്നത്തെ രാ്ഷ്ട്രീയ, വംശീയ സമവാക്യങ്ങള്‍ക്കിടയില്‍ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഞാന്‍ പ്രേക്ഷകരുടെ ബുദ്ധിയെ ബഹുമാനിക്കുന്നു. ഈ അവസ്ഥയെക്കുറിച്ച് അവര്‍ എങ്ങനെ പ്രതകരിക്കണമെന്ന് ഞാന്‍ പറഞ്ഞുകൊടുക്കേണ്ടതില്ല, ലീ പറയുന്നു.

രണ്ട് തവണ ഈ 61 കാരന് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ഇവ രണ്ടും അവാര്‍ഡായി മാറിയില്ല. പകരം 2016 ല്‍ സമഗ്ര സംഭാവനകള്‍ മാനിച്ച് ഒരു ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചു.

വൈസിന്റെ സംവിധായകന്‍ ആഡം മക്കേയ്ക്ക് 5% സാധ്യതയാണ് കല്പിക്കുന്നത്. 20 വര്‍ഷം മുമ്പ് സാറ്റര്‍ഡേ നൈറ്റ് ലൈവിന്റെ തിരക്കഥാകൃത്തായിരിക്കുമ്പോഴാണ് മക്കേഡിക്ക് ചേനിയെക്കുറിച്ച് ഗവേഷണം നടത്താന്‍ ആരംഭിച്ചത്. മുന്‍ വൈസ് പ്രസിഡന്റിന്റെ മനസ്സിന്റെ ഉള്ളറകളിലേയ്ക്ക് കടന്നു ചെന്ന് അധികാരത്തിലുള്ള ഉയര്‍ച്ചയും അമേരിക്കന്‍ രാ്ഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ വ്യക്തിത്വവും വിശകലനം ചെയ്യുകയാണ് ചിത്രത്തിന്റെ തിരക്കഥ കൂടി നിര്‍വഹിച്ച മക്കേ ചെയ്തത്. അദ്ദേഹത്തിന്റേത് ഒരു മികച്ച ജീവിതകഥയായി എനിക്ക് അനുഭവപ്പെട്ടു. വൈറ്റ് ഹൗസിലായിരിക്കുമ്പോള്‍ പ്രകടിപ്പിച്ച നിയന്ത്രണവും കൗശലതയുമായിരുന്നില്ല എനിക്ക് പ്രചോദനം നല്‍കിയത്. കഴിഞ്ഞ നാല്പതോ അന്‍പതോ വര്‍ഷത്തെ അമേരിക്കയുടെ കഥയുമായി ചേനിയുടെ കഥ കെട്ടുപിണഞ്ഞ് കിടക്കുന്നതും ചരിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം ചേനി ഉണ്ടായിരുന്നു എന്ന വസ്തുതയാണ് എനിക്ക് പ്രചോദനം നല്‍കിയത്. ചേനിയുടെ സ്വാധീനവും ഇപ്പോഴും അദ്ദേഹത്തിന്റെ വൈറ്റ് ഹൗസ് തീരുമാനങ്ങള്‍ ലോകത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രധാനം.  ഇന്ന് നാം ജീവിക്കുന്ന ലോകത്ത് ഇത്ര വളരെ പ്രസക്തി ഇല്ലാതിരുന്നെങ്കില്‍ നമ്മുടെ ജീവിതത്തിന് കുറെക്കൂടി അയവ് വരുമായിരുന്നു എന്നാണ് മക്കേയുടെ അഭിപ്രായം.

മക്കേയ്ക്ക് 50 വയസുണ്ട്. മുമ്പ് ലഭിച്ച 2 നോമിനേഷനുകളില്‍ ഒരണ്ണം യാഥാര്‍ത്ഥ്യമായി. ഓസ്‌കര്‍ നിശയില്‍ പടവുകള്‍ ചവിട്ടിക്കയറി അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞു, ദ ഫേവറിറ്റിന്റെ സംവിധാനത്തിന് 45കാരനായ വോര്‍ഗോസ് ലാന്തിമോസിന് 4% സാധ്യതയാണ് പ്രവചിക്കുന്നത്. അദ്ദേഹത്തിന് വളരെ ശക്തമായ ഭാവനയുണ്ട്. അതാണ് സ്‌ക്രീനില്‍ തെളിയുന്നത്, ദ ഫേവറിറ്റിലെയും സംവിധായകന്റെ 2016 ലെ ദ ലോബ്‌സ്റ്ററിലെയും താരമായിരുന്ന റേച്ചല്‍ വെയ്‌സ് പറയുന്നു. നാം ചെയ്യാന്‍ പോകുന്നത് എന്താണെന്നതിനെക്കുറിച്ച് ചര്‍ച്ചയില്ല. ഇത് അദ്ദേഹം പറയാനില്ല. ചിത്രീകരണത്തിന്‌ശേഷം മാത്രം മനസ്സിലാകും എന്താണ് ലാന്തിമോസ് ഉദ്ദേശിച്ചതെന്ന്. അത് വരെ അത് രഹസ്യമാണ്. സുന്ദരമായ രഹസ്യം. ലാന്തിമോസ് ഒരു ഭ്രാന്തമായ, നവീനമായ ഊര്‍ജ്ജം കൊണ്ടുവരുന്നു;  വെയ്‌സ് കൂട്ടിച്ചേര്‍ത്തു.

ദ ഫേവറിറ്റ് ഒരു പിരീയഡ് ഡ്രാമെഡി(ഡ്രാമ-കോമഡി)യാണ്. ഒരു കാലഘട്ടത്തിന്റെ (ആന്‍ രാജ്ഞിയുടെ കാലഘട്ടത്തിന്റെ) കഥയാണ്. രാജ്ഞിയുടെ പ്രിയപ്പെട്ടവളാകാന്‍ രണ്ട് സ്ത്രീകള്‍(വെയ്‌സും എമ്മാസ്റ്റേണും) കിണഞ്ഞ് പരിശ്രമിക്കുന്നു. കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഇതാദ്യമായാണ് താന്‍ സംവിധാനം ചെയ്യുന്നതെന്ന് ലാന്തിമോസ് പറയുന്നു. ഇത് മനുഷ്യസ്വഭാവത്തിന്റെ വ്യത്യസ്തമായ വീക്ഷണമാണ്. അതോടൊപ്പം വ്യത്യസ്ത വിഷയങ്ങളും കഥാതന്തുക്കളും കണ്ടെത്തുവാനുള്ള അവസരങ്ങളുമാണ്, ലാന്തിമോസ് പറഞ്ഞു.

ഏറ്റവും നല്ല സംവിധായകനുള്ള ഓസ്‌കര്‍ ക്യുയറോണിനാണ് ലഭിക്കേണ്ടത്. എന്നാല്‍ കെ കെ കെ പ്രമേയമാക്കിയ ബ്ലാക്ക് ക്ലാന്‍സ്മാന്‍ ഉയര്‍ത്തിയ താല്‍പര്യം  ലീയെ വിജയിയാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അല്‍ഫോണ്‍സോ ക്യുയറോണ്‍ ഏറ്റവും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക