Image

നീറി....നീറി....അഞ്ച് വര്‍ഷം!

അനില്‍ പെണ്ണുക്കര Published on 16 February, 2019
നീറി....നീറി....അഞ്ച് വര്‍ഷം!
"വാവേ..... നീയില്ലതായിട്ട്, നിന്റെ ശബ്ദം കേള്‍ക്കാതെ ഞങ്ങള്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഇതാ 5 വര്‍ഷം നീ തന്ന ഓര്‍മ്മകള്‍ അയവിറക്കി , നിന്റെ പാട്ടും കുറുമ്പും നെഞ്ചോടു ചേര്‍ത്ത്, നീ അടുത്തുണ്ടെന്നു മനസിനെയും ശരീരത്തെയും പറഞ്ഞു പഠിപ്പിച്ചു കൊണ്ടുള്ള 5 വര്‍ഷം...

"ഏകമകന്‍ നഷ്ടപ്പെട്ട ലൗലി വര്‍ഗീസ് എന്ന അമ്മയുടെ കണ്ണീരിന്റെ കൈപ്പുണ്ട് ഈ വാക്കുകളില്‍. ആ കറ വര്‍ഗീസ് കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ നെഞ്ചിന്‍കൂടിനകത്ത് പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്. എത്രതന്നെ മായ്ചുകളയാന്‍ ശ്രമിച്ചാലും, പറിച്ചുകളയാന്‍ നോക്കിയാലും ഒരു നേരിയ മങ്ങല്‍ പോലും പറ്റാത്ത ശക്തിയേറിയ കറയാണത്. അതെ, ഈ ലോകം മറന്നിട്ടില്ല, സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ മാത്രം സഞ്ചരിച്ച് സ്‌നേഹം കൊണ്ടും ഒരു ചെറുപുഞ്ചിരികൊണ്ടും നമ്മെ ആകര്‍ഷിച്ച പ്രവീണ്‍ വര്‍ഗീസ് എന്ന ആ വിദ്യാര്‍ത്ഥി, വിട പറയാന്‍ പോലും കഴിയാതെ ഈ ലോകത്തു നിന്നും പോയി മറഞ്ഞിട്ട് 5 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. വേര്‍പാടിന്റെ 5 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മകന്റെ നഷ്ടബോധത്തില്‍ ലൗലി വര്‍ഗീസ് ഇങ്ങനെ കുറിക്കുന്നു

" വാവേ... ഇക്കഴിഞ്ഞ രാത്രി എനിക്ക് ഒട്ടും തന്നെ ഉറങ്ങാന്‍ സാധിച്ചില്ല. 5 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ രാത്രിയായിരുന്നു മനസ്സ് നിറയെ. അന്ന്, ആ രാത്രി നിന്റെ രക്ഷക്കായി ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയി നിന്റെ ഈ അമ്മ. പക്ഷെ ആ പിശാചില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ എനിക്കായില്ലല്ലോ എന്റെ പൊന്നു മോനെ.... നിന്നെ ഈ നിലയില്‍ ക്രൂരമായി ഇല്ലാതാക്കിയവനെ നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിക്കുമെന്ന് അമ്മ നിനക്ക് വാക്ക് തരികയാണ്. വിചാരണയില്‍ അന്ന് ആ കോടതി മുറിയില്‍ വെച്ച് അവന്റെ നാവില്‍ നിന്ന് തന്നെ ഞാന്‍ കേട്ടു , എന്റെ പൊന്നു മോനെ അവന്‍ തലക്കടിച്ചെന്ന്. നിന്നെ ഞങ്ങള്‍ എല്ലാവരും ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്. പക്ഷെ നീയിന്നു ഈ അമ്മയുടെ നെഞ്ചിനകത്ത് മാത്രമല്ല ഉള്ളത്, മറിച്ച് നീ ആയിരക്കണക്കിന് ജനങ്ങളുടെയുള്ളില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിത്ത് പാകിക്കഴിഞ്ഞിരിക്കുന്നു. എന്റെ വാവേ... നിന്നെ ഓര്‍ത്ത് ഈ അമ്മ അഭിമാനിക്കുന്നു... "

മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപമാണ് ഈ വാക്കുകള്‍. സ്‌നേഹിച്ചും ലാളിച്ചും വളര്‍ത്തിയെടുത്ത സ്വന്തം മകന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ അന്ന് ആ അമ്മ വാവിട്ട് കരഞ്ഞു. 2014 ല്‍ കാര്‍ബണ്‍ഡലിലെ ബഫലോ വൈല്‍ഡ്‌വിങ്‌സിനടുത്തുള്ള വനാന്തരങ്ങളില്‍ നിന്നാണ് പ്രവീണിന്റെ മൃതദേഹം കണ്ടെടുക്കപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൈപോതെര്‍മിയ ബാധിച്ചു മരണപ്പെട്ടു എന്ന് വിലയിരുത്തിയെങ്കിലും അപ്രതീക്ഷിതമായ വഴിത്തിരിവിലൂടെ അതൊരു സാധാരണ മരണമല്ലെന്ന് വര്‍ഗീസ് കുടുംബം തിരിച്ചറിഞ്ഞു. അന്നുമുതല്‍ മകന് നീതിലഭിക്കാന്‍, അവന്റെ മരണത്തിനുത്തരവാദിയായവനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ലൗലിയും കുടുംബവും പ്രയത്‌നിച്ചു കൊണ്ടിരുന്നു. ലൗലിക്ക് വലിയൊരു കൈത്താങ്ങായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണും രംഗത്തെത്തി. അന്വേഷണത്തിനൊടുവില്‍ ഗേജ് ബത്തൂണ്‍ എന്ന 23 കാരനെ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിലെ വിചാരണയില്‍ വെച്ച് ബത്തൂണ്‍ കുറ്റക്കാരനാണെന്ന് റോബിന്‍സണ്‍ തെളിയിക്കുകയും ചെയ്തു. എല്ലാറ്റിന്റെയും അവസാനമെന്നോണം നീതി ലഭിച്ചുവെന്ന് വിശ്വസിച്ചു കോടതിമുറിയില്‍ വിധിയും കാത്തിരുന്ന ലൗലി വര്‍ഗീസിന് പക്ഷെ കണ്ണീരോടെ മടങ്ങേണ്ടി വന്നു. ചാര്‍ജ് ഷീറ്റില്‍ റോബിന്‍സണ്‍ എഴുതിയ "നോവിങ്‌ലി" എന്ന വാക്കില്‍ ആശയക്കുഴപ്പമുണെന്ന് ആരോപിച്ച് ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക് ഗേജിനെ വെറുതെ വിട്ടു. എന്ത് ചെയ്യണമെന്നറിയാതെ നാടൊട്ടുക്കും പകച്ചുപോയി. എന്നാല്‍ മകന്റെ മരണത്തില്‍ മനംനൊന്ത്, നിസ്സഹായയായി നിന്ന ആ അമ്മക്ക് കൂട്ടായി ആയിരക്കണക്കിന് ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും ഓടിയെത്തിയത്.

ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിന്റെ അന്യായ വിധിക്കെതിരെ റോബിന്‍സണ്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പുനര്‍വിചാരണക്ക് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് അതിനായുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. 5 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രവീണ്‍ വധക്കേസ് ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്നത് എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്ത്തുന്നു. ഗേജ് ഇന്ന് സ്വതന്ത്രനാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ പ്രവീണിനെ തലക്കടിച്ചു കൊന്ന ആ മഹാപാപി ഇന്ന് ആരെയും ഭയക്കാതെ സമൂഹത്തില്‍ ഇറങ്ങി നടക്കുന്നു. ലോകപൊലീസ് എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ തന്നെ അനീതിക്കൊപ്പം കൈകോര്‍ത്ത സാഹചര്യത്തിലും ലൗലി വര്‍ഗീസ് എന്ന ആ അമ്മയെ ഒറ്റപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. കാരണം ലൗലിയും പ്രവീണും ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ നെഞ്ചിലെ വേദനയായി ജീവിക്കുകയാണ്. ആ വേദനക്ക് പകരം ചോദിക്കാനും പറയാനും നമ്മള്‍ ഉണ്ടാവണം .മനസ്സാക്ഷി മരിക്കാത്ത ജനങ്ങള്‍.
നീറി....നീറി....അഞ്ച് വര്‍ഷം!നീറി....നീറി....അഞ്ച് വര്‍ഷം!
Join WhatsApp News
josecheripuram 2019-02-16 21:19:06
I can understand a mother's feelings some what, because I am not a mother, we all parents wants to go before our children.I may be wrong, to think that a mother who has a son who is a murderer.Is it that you lost your son is a grater pain than being a murder's mother.
വിദ്യാധരൻ 2019-02-17 03:58:41
ഇല്ലയാ കണ്ണിലെ നീർ തുടയ്ക്കുവാനമ്മെ 
തെല്ലും കഴിവില്ലെനിക്കെന്നിരിക്കിലും 
നൽകട്ടെ നിന്നെയറിയും നിന്നിലെ ചൈതന്യം, 
നൽകട്ടെ നിനക്ക് നിത്യമാം സാന്ത്വനം
'മനസ്സ് തകർന്നോർക്കും ഹൃദയം നുറുങ്ങിയോർക്കും' 
തണലാണ് നമ്മിൽ  ജ്വലിക്കുമാ ദിവ്യ ചൈതന്യം   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക