Image

റവ. വര്‍ഗീസ്‌ മാത്യു പി: അജപാലനത്തിന്റെ കാല്‍നൂറ്റാണ്ട്‌

ജോസ്‌ കണിയാലി Published on 16 April, 2012
റവ. വര്‍ഗീസ്‌ മാത്യു പി: അജപാലനത്തിന്റെ കാല്‍നൂറ്റാണ്ട്‌
ഒക്കലഹോമ മാര്‍ത്തോമാ ഇടവക വികാരിയായ റവ. വര്‍ഗീസ്‌ മാത്യു പി., തന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്നു. അയിരൂര്‍ വെള്ളയില്‍ ചെറുകര പീടികയില്‍ തോമസ്‌ മാത്യു - മറിയാമ്മ മാത്യു ദമ്പതികളുടെ മകനായ ഇദ്ദേഹം കൊറ്റനാട്‌ എസ്‌.സി.വി. ഹൈസ്‌കൂള്‍, തുരുത്തിക്കാട്‌ ബി.എം.എം. കോളേജ്‌ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം മാര്‍ത്തോമാ വൈദിക സെമിനാരിയില്‍ വേദപഠനം പൂര്‍ത്തിയാക്കി. 1987 ജൂണ്‍ 22 ന്‌ അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തായില്‍നിന്നും കശ്ശീശ്ശാപട്ടം സ്വീകരിച്ചു.

മലബാറിലെ പനമണ്‍-പാലാങ്കര -കൂട്ടപ്പാടി ഇടവകകളിലേക്കായിരുന്നു ആദ്യനിയമനം. അതിനുശേഷം ബീഹാറിലെ പാറ്റ്‌ന, ഇടുക്കി കല്ലാര്‍വട്ടം കോളനി, കീഴ്‌വായ്‌പൂര്‍, കല്ലട -പോരുവഴി, പുനലൂര്‍ -മാത്ര, തലോര്‍-പട്ടാഴി, തലവൂര്‍-നടുത്തേരി എന്നീ ഇടവവകളിലെ സേവനത്തിനുശേഷം 2009 ലാണ്‌ അദ്ദേഹം ഒക്കലഹോമ മാര്‍ത്തോമാ ഇടവകയുടെ വികാരിയായി നിയമിതനായത്‌. തലവൂരില്‍ പള്ളിപണിക്ക്‌ നേതൃത്വം നല്‍കുമ്പോള്‍ പള്ളിയുടെ മുകളില്‍നിന്നും വീണുണ്ടായ പരുക്കുകള്‍ ഭേദപ്പെടുന്നതിനുമുമ്പാണ്‌ അദ്ദേഹം ഒക്കലഹോമയിലെത്തിയതെങ്കിലും, അവിടെ മൂന്നുവര്‍ഷത്തെ സ്‌തുത്യര്‍ഹമായ സേവനം പൂര്‍ത്തീകരിച്ചശേഷം മെയ്‌ മാസത്തില്‍, മാനസികവളര്‍ച്ചയെത്താത്ത കുട്ടികള്‍ക്കുവേണ്ടിയുള്ള മാവേലിക്കരയിലെ ജ്യോതിസ്‌ എന്ന സ്ഥാപനത്തിന്റെ ഡയറക്‌ടറായി ചുമതലയേല്‍ക്കുകയാണ്‌.

മുളവന മാര്‍ത്താണ്‌ഡപുരം ഈശോ ചാണ്ടപ്പിള്ള-ഏലിയാമ്മ ചാണ്ടപ്പിള്ള ദമ്പതികളുടെ മകളായ സുജയാണ്‌ അച്ചന്റെ സഹധര്‍മ്മിണി. ഇവരുടെ മൂത്തമകള്‍ ഒപ്‌ട്രോമെട്രി ബിരുദധാരിയായ ഏഞ്ചലിനെ വിവാഹം കഴിച്ചിരിക്കുന്നത്‌ ആമല്ലൂര്‍ സെഹിയോന്‍ മാര്‍ത്തോമാ ഇടവക വികാരിയായ റവ. ബൈജു സാമുവല്‍ ആണ്‌. രണ്ടാമത്തെ മകള്‍ അഞ്‌ജലി എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിനിയാണ്‌. ഇളയമകള്‍ അഞ്‌ജന എട്ടാംക്ലാസ്സില്‍ പഠിക്കുന്നു.

നാട്ടിലേക്ക്‌ മടങ്ങിപ്പോകുന്ന അച്ചന്‌ ഏപ്രില്‍ 22 ഞായറാഴ്‌ച ഇടവക ജനങ്ങള്‍ സമുചിതമായ യാത്രയയപ്പ്‌ നല്‍കുന്നതാണ്‌.
റവ. വര്‍ഗീസ്‌ മാത്യു പി: അജപാലനത്തിന്റെ കാല്‍നൂറ്റാണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക