Image

കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടുവരാന്‍ അനുവദിക്കും

Published on 16 April, 2012
കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടുവരാന്‍ അനുവദിക്കും
വാഷിംഗ്‌ടണ്‍ ഡി.സി: വിദേശങ്ങളില്‍ നിന്ന്‌ ആഭരണമായി കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടുവരാന്‍ അനുമതി നല്‍കുമെന്ന്‌ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി അറിയിച്ചതായി ആന്റോ ആന്റണി എം.പി ഫോമാ സെക്രട്ടറി ബിനോയി തോമസിനെ അറിയിച്ചു.

ഇപ്പോള്‍ പുരുഷന്‌ 10000 രൂപ വരെയുള്ള സ്വര്‍ണ്ണവും, സ്‌ത്രീക്ക്‌ 20000 രൂപ വരെയുള്ള സ്വര്‍ണ്ണവും കൊണ്ടുവരാമെന്ന്‌ എക്‌സൈസ്‌ നിയമങ്ങളില്‍ പറയുന്നു. ഇത്‌ യഥാക്രമം ഒരു ലക്ഷവും രണ്ടു ലക്ഷവുമായി ഉയര്‍ത്തണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും ഇക്കാര്യത്തില്‍ ഏറെ താത്‌പര്യമെടുത്തിട്ടുണ്ട്‌.

പ്രവാസികള്‍ക്ക്‌ 35000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്ക്‌ ഡ്യൂട്ടി വേണ്ടെന്നാണ്‌ ബജറ്റിലെ നിര്‍ദേശം. നേരത്തെ ഇത്‌ 25000 രൂപയായിരുന്നു. ഇത്‌ നന്നേ കുറവാണെന്ന്‌ പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനു പുറമെ സ്വര്‍ണ്ണത്തിന്റെ ഡ്യൂട്ടി വര്‍ധിപ്പിച്ചതിനെതിരേയും ശക്തമായ എതിര്‍പ്പുണ്ടായി. ഇതിനെതിരെ ഇന്ത്യയില്‍ സ്വര്‍ണ്ണ വ്യാപാരികള്‍ ഹര്‍ത്താല്‍ തന്നെ നടത്തി. ഡ്യൂട്ടി കാര്യം പുനപരിശോധിക്കാമെന്ന്‌ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്‌.

ഏതാനും പവന്‍ മാത്രം സ്വര്‍ണ്ണം ധരിച്ചെത്തുന്നവരില്‍ നിന്നുപോലും ഡ്യൂട്ടി ഈടാക്കുകയും മാനസീക പീഢനത്തിന്‌ ഇരയാക്കുകയും ചെയ്യുന്ന കസ്റ്റംസ്‌ നടപടികള്‍ അടുത്തയിടക്ക്‌ പ്രവാസി മലയാളികളില്‍ ഏറെ ആശങ്ക ഉണര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ എം.പിമാര്‍ക്കും മറ്റും ഫോമാ നേതാക്കള്‍ പരാതി നല്‍കിയത്‌.
കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടുവരാന്‍ അനുവദിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക