Image

പുല്‍വാമ: സുരക്ഷാ വീഴ്ചയുണ്ടാകാതെ ഇത്തരം ആക്രമണങ്ങള്‍ നടത്താനാവില്ല റോ മുന്‍ തലവന്‍

Published on 17 February, 2019
പുല്‍വാമ: സുരക്ഷാ വീഴ്ചയുണ്ടാകാതെ ഇത്തരം ആക്രമണങ്ങള്‍ നടത്താനാവില്ല  റോ മുന്‍ തലവന്‍

ഹൈദരാബാദ്: സുരക്ഷാവീഴ്ച എവിടെയെങ്കിലും ഉണ്ടാവാത്തപക്ഷം പുല്‍വാമയില്‍ നടന്നതു പോലെയുള്ള ഭീകരാക്രമണങ്ങള്‍ നടത്താനാവില്ലെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി വിക്രം സൂദ്. 'എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സുരക്ഷാവീഴ്ച ഉണ്ടാവാത്തപക്ഷം നടക്കില്ല'  ഹൈദരാബാദില്‍ നടന്ന ചടങ്ങിനിടെ റോയുടെ മുന്‍ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. 

ഭീകരാക്രമണത്തിന് പിന്നില്‍ ഒരാളല്ല, ഒന്നിലേറെപ്പേര്‍ ഉണ്ടാകാമെന്ന് വിക്രം സൂദ് അഭിപ്രായപ്പെട്ടതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ഒരാളാകാം. അവ സംയോജിപ്പിച്ചത് മറ്റൊരാളും ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ സംഘടിപ്പിച്ചത് മറ്റൊരാളും ആയിരിക്കാം. സി.ആര്‍.പി.എഫ് വാഹനങ്ങളുടെ നീക്കം അവര്‍ അറിഞ്ഞിരിക്കാം. 

എവിടെ വെച്ചാണ് ആക്രമണം നടത്തേണ്ടത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നേക്കാം'. ചാവേറിനെ തിരഞ്ഞെടുത്തതും സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതും ഒരുകൂട്ടം ആളുകള്‍ തന്നെയാവും. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് പറയാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചടി നല്‍കുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിന് ഇത് ബോക്‌സിങ് മാച്ച് അല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. പ്രധാനമന്ത്രി പറഞ്ഞതു പോലെ തിരിച്ചടിക്കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്. അത് ഇന്നോ നാളെയോ ഉണ്ടായില്ലെന്നു വരാമെന്നും വിക്രം സൂദ് മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക