Image

സാത്താന്‍ ആരാധകനായ പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പില്‍ അംഗം; ആരോപണങ്ങള്‍ക്ക് പൃഥ്വിരാജിന്റെ മറുപടി

Published on 17 February, 2019
സാത്താന്‍ ആരാധകനായ പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പില്‍ അംഗം; ആരോപണങ്ങള്‍ക്ക് പൃഥ്വിരാജിന്റെ മറുപടി

സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് നടന്ന ഒരു ചര്‍ച്ചയുടെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ സിനിമകളിലെ 'സാത്താന്‍' ചിഹ്നങ്ങളുടെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.


എസ്രയിലും ആദം ജോണിലും ഇപ്പോള്‍ ലൂസിഫറില്‍ വരെ സാത്താന്‍ അനുബന്ധ ചിഹ്നങ്ങളുടെ സാന്നിധ്യമാണ് പൃഥ്വിരാജ്, സീക്രട്ട് ഗ്രൂപ്പില്‍ അംഗമാണെന്ന തരത്തിലുള്ള ചര്‍ച്ചയിലേക്ക് നയിച്ചത്. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇതിനുള്ള മറുപടിയും പൃഥ്വിരാജ് നല്‍കുന്നു. '' ഞാന്‍ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നതായി കേട്ടിരുന്നു. സംഗതി സീക്രട്ട് ഗ്രൂപ്പ് ആയതു കൊണ്ട് 'സീക്രട്ട്' ആയിത്തന്നെ ഇരിക്കട്ടെ. അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകള്‍ അത്തരമൊരു തീമുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.'' പൃഥ്വിരാജ് പറയുന്നു. 

'' ലൂസിഫറിന്റെ തീം പോലും 'സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ' എന്ന കഥാതന്തുവില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഒരുപക്ഷേ അതുകൊണ്ടാകാം അത്തരം ചര്‍ച്ചകള്‍ വരുന്നത്. പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്, വീട്ടില്‍ പൂജാമുറിയില്‍ പ്രാര്‍ഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതില്‍ ഉറച്ചു വിശ്വസിക്കുക. സാത്താനില്‍ ആണെങ്കില്‍ അതില്‍ അടിയുറച്ചു നില്‍ക്കുക.'' പൃഥ്വിരാജ് പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക