Image

പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)

Published on 17 February, 2019
പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)
ഇന്ത്യയില്‍ വീണ്ടുമൊരു ഭീകരാക്രമണം...! രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ജമ്മു കശ്മീരിലെ അവന്തിപോറ പട്ടണത്തോടു ചേര്‍ന്നുള്ള ഗോറിപോരയില്‍ നടന്നത്. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു പോവുകയായിരുന്ന സിആര്‍പിഎഫിലെ 78 കവചിത വാഹനങ്ങളില്‍ ഒന്നിനു നേര്‍ക്കുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയുടെ 44 ധീര ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മുംബൈ ടാജ് ഹോട്ടലില്‍ 26/11നു നടന്ന ഭീകരാക്രമണത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ജമ്മുവില്‍ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജമ്മു കശ്മീരില്‍ ശക്തമായ സാന്നിധ്യമുള്ള ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ചൈന എതിര്‍പ്പുമായി രംഗത്തു വന്നു കഴിഞ്ഞു.

എന്നാല്‍, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നത്. പണ്ടുകാലത്ത് 'ഇന്ത്യാ ചൈനാ ഭായി ഭായി' എന്നായിരുന്നെങ്കിലും ഇപ്പോള്‍ 'പാക്കിസ്താനും ചൈനയുമാണ് ഭായി ഭായി.' അക്കാര്യം ഇന്ത്യ മറന്നോ എന്തോ. ഏതായാലും 'നടപടി ക്രമങ്ങള്‍' പാലിച്ച് ചൈന മുന്നോട്ട് പോകുമെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. രക്ഷാസമിതിയില്‍ അഭിപ്രായ ഐക്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ചൈന വിസമ്മതിക്കുന്നത്. രക്ഷാസമിതിയില്‍ വീറ്റോ അധികാരമുളള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം തടയിടുന്നത്.

2011 ഒക്ടോബറിലാണ് ഇതുപോലെ മറ്റൊരു തീവ്രവാദി ആക്രമണം ജമ്മുവില്‍ നടന്നത്. അന്ന് മൂന്നു ഭീകരര്‍ നിയമസഭ ലക്ഷ്യമാക്കി റ്റാറ്റ സുമോ കാറില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഭീകരരും വധിക്കപ്പെട്ടു. അന്നും ഉത്തരവാദിത്വം ഏറ്റെടുത്തത് ജയ്ഷെ മുഹമ്മദ് തന്നെയായിരുന്നു. പിന്നീട് പലപ്പോഴും ചെറിയ ഭീകരാക്രമണങ്ങള്‍ ജമ്മു സെക്ടറില്‍ പതിവായി നടക്കാറുണ്ട്. ദേശീയ മാധ്യമങ്ങളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 614 ഓളം തീവ്രവാദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 94 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു.

2016 സെപ്റ്റംബറില്‍ ഉറിയില്‍ നടന്ന ഭീകരാക്രമണം ആരും മറന്നുകാണില്ല. ഇന്ത്യന്‍ ആര്‍മിയുടെ മൂക്കിനു താഴെക്കൂടി വലിഞ്ഞു കയറി വന്ന് അവരുടെ ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം നടത്തിയ നാലു പേരെ കൊന്നെങ്കിലും ഇത്രയും സുരക്ഷയുള്ള പ്രദേശത്ത് എങ്ങനെ ഭീകരര്‍ നുഴഞ്ഞു കയറി എന്ന് ആഭ്യന്തര വകുപ്പ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല ഒരു സംഘടനയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. എന്നാല്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് വഴി അതിന് പകരം ചോദിച്ചു. ആ ഭീകരാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുകയാണെന്ന് പ്രധാന മന്ത്രി മോദി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് 'സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന പേരില്‍ പാകിസ്താനോട് പകരം വീട്ടിയതെന്ന് പറയുമ്പോഴും ആ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' യഥാര്‍ത്ഥത്തില്‍ നടന്നതാണോ അതോ 'വ്യാജ'മാണോ എന്ന് ഇപ്പോഴും ജനങ്ങള്‍ സംശയിക്കുന്നുണ്ട്.

ചുറ്റും ശത്രുക്കളാണെന്ന ബോധം നിലനില്‍ക്കേ തന്നെ ജനങ്ങളുടെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വാര്‍ത്തകളാണ് കശ്മീര്‍ താഴ്വരകളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥലത്ത് പരാജയം സംഭവിക്കുമ്പോള്‍ രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ ചോദ്യ ചിഹ്നമാകും. എങ്ങിനെ ഭീകരര്‍ക്ക് ഇത്ര സമര്‍ത്ഥമായി സുരക്ഷാ പോസ്റ്റുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളാണ് ഇന്ത്യയുടേതെന്നാണ് പറയപ്പെടുന്നത്. പക്ഷെ അതിന്റെ തന്നെ സുരക്ഷ ചോദ്യം ചെയപ്പെടുമ്പോള്‍ അതൊരു നിസ്സാര കാര്യമല്ല.

ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ വന്നതിനുശേഷം ജമ്മു കശ്മീരില്‍ 1708 ഭീകരാക്രമണം നടന്നിട്ടുണ്ടെന്നും അതില്‍ 339 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് ലോക്സഭയില്‍ ആഭ്യന്തര സഹമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014-ല്‍ 47 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ 2018-ല്‍ 91 പേരാണ് കൊല്ലപ്പെട്ടത്. അതായത് 94 ശതമാനം വര്‍ദ്ധനവ്. 2014-ല്‍ 222 ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍ 2018ല്‍ മാത്രം 614 ആയി അത് ഉയര്‍ന്നു..! ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ നാലു വര്‍ഷത്തിനിടെ 177 ശതമാനം വര്‍ധനവാണുണ്ടായത്. അഞ്ചു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ 110 ഭീകരര്‍ കൊല്ലപ്പെട്ട സ്ഥാനത്ത് 2018ല്‍ 257 ആയി ഉയര്‍ന്നു, 134 ശതമാനം വര്‍ധനവ്. അഞ്ചു വര്‍ഷത്തിനിടെ 838 ഭീകരരാണ് ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടന്നത് 2018ലാണ്. 2017 വരെയുള്ള കണക്കുകള്‍ പ്രകാരം 28 വര്‍ഷത്തിനിടെ 70,000 ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ നടന്നത്. ഇതില്‍ 22,143 ഭീകരരും 13,976 സിവിലിയന്‍മാരും 5,123 സൈനികരുമാണ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രം ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്കുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കരുത്.

ഇപ്പോള്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 44 ധീരജവാന്മാരുടെ വീരമൃത്യു രാജ്യത്തേയും ലോകത്തേയും ഞെട്ടിക്കുമ്പോള്‍, ആ 44 ജവാന്മാരുടെ ജീവന് ഉത്തരം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പുമാണ്. പാക്കിസ്താനില്‍ വേരുറപ്പിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഇന്ത്യയെ ഏതു വിധേനയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അതിര്‍ത്തി സുരക്ഷാ സേനകള്‍ക്കും ആഭ്യന്തര വകുപ്പിനും വ്യക്തമായി അറിയാവുന്നതാണ്. ജമ്മു കശ്മീരിലാണു പ്രവര്‍ത്തനമെങ്കിലും പാക്കിസ്ഥാനിലാണ് ഈ ഭീകരര്‍ക്ക് ഏറെ ബന്ധങ്ങള്‍. കശ്മീര്‍ താഴ്വരയിലെ യുവാക്കളെ പ്രലോഭിപ്പിച്ച് അവര്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം കൊടുത്ത്, ആയുധങ്ങളുമായി അതിര്‍ത്തി കടത്തി വിട്ടാണ് ഇന്ത്യയില്‍ ഇവര്‍ ആക്രമണം നടത്തുന്നത്.

കാശ്മീര്‍ സ്വതന്ത്രമാക്കുക എന്ന ഉദ്ദേശത്തില്‍ രൂപം കൊണ്ട ഈ സംഘടനയുടെ പിന്നില്‍ പാക്കിസ്താനാണെന്ന് ഇന്ത്യ ആരോപിക്കുമ്പോള്‍ സാധാരണ പോലെ പാക്കിസ്ഥാന്‍ അത് നിഷേധിക്കുകയും ചെയ്യും. ഇന്ത്യ മാത്രമല്ല അമേരിക്കയും റഷ്യയും ഇതര രാജ്യങ്ങളും ഈ സംഘടനയെ ഭീകരരാണെന്ന് അംഗീകരിച്ചിട്ടുണ്ട്. 2000-ത്തിലാണ് ആദ്യമായി ഇവര്‍ ആത്മഹത്യ രീതിയുമായി കാശ്മീരില്‍ രംഗത്ത് വരുന്നത്. ഒരു ആക്രമണം കഴിഞ്ഞാല്‍ ആ ചര്‍ച്ചയും അവസാനിക്കും. പിന്നെ അടുത്ത ആക്രമണത്തിലാണ് പലപ്പോഴും ആ സംഘടന ചര്‍ച്ചയാകുന്നത്.

ഇപ്പോള്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ചാവേര്‍ ഭീകരന്‍ ആദില്‍ അഹമ്മദ് ദാര്‍ പുല്‍വാമയിലെ ഗുണ്ടിബാഗ് സ്വദേശിയാണെന്നും, 2016 മുതല്‍ ഇയാള്‍ ലഷ്‌കര്‍ ഇ തോയ്ബയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരവാദികള്‍ക്ക് താവളമൊരുക്കിക്കൊടുക്കുകയും മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നതെന്നും കശ്മീര്‍ താഴ്വരയിലെ പോലീസിന് അറിയാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലഷ്‌കര്‍ കമാന്‍ഡോകളെയും ഭീകരപ്രവര്‍ത്തനത്തില്‍ ചേരാനാഗ്രഹിക്കുന്ന യുവാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇയാള്‍ പിടിയിലായത് ആറ് തവണയാണത്രേ. എന്നാല്‍ എല്ലാ തവണയും കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ ഇയാളെ വെറുതെ വിടുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ സൈന്യത്തിനു നേരെ കല്ലേറ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും, ലഷ്‌കര്‍ ഇ തോയ്ബയ്ക്ക് സഹായം ചെയ്തുകൊടുത്തതിനാലുമാണ് ഇരുപതുകാരനായ ആദിലിനെ പല തവണ പിടികൂടിയത്. പക്ഷേ ഒരിക്കല്‍ പോലും ആദിലിനെതിരെ കേസെടുക്കുകയോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോപോലും ഉണ്ടായില്ല. ഇക്കാര്യം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കും കശ്മീര്‍ പോലീസിയും അറിയാമായിരുന്നുവത്രേ.

2017-ലാണ് ആദിലും ബന്ധുവായ മന്‍സൂര്‍ ദാറും മറ്റ് നാല് സുഹൃത്തുക്കളും ജെയ്ഷെ ഇ മുഹമ്മദില്‍ ചേരുന്നത്. 'അവന്‍ ജെയ്ഷെയില്‍ ചേരുന്നതിന് മുന്‍പ് സുരക്ഷാ ജീവനക്കാരെ കല്ലെറിഞ്ഞതിന് രണ്ടുതവണയും, ലഷ്‌കര്‍ ഭീകരരെ സഹായിച്ചതിന് നാല് തവണയും ഞങ്ങള്‍ പിടികൂടിയിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ആദിലിനെ അറസ്റ്റ് ചെയ്യുകയോ, എഫ്ഐആറില്‍ പേര് ചേര്‍ക്കുകയോ ചെയ്തിരുന്നില്ല...' പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധുവായ മന്‍സൂര്‍ ദാറും ലഷ്‌കറിന്റെ ഉന്നത നേതാവും കൊല്ലപ്പെട്ട ശേഷമാണ് പാകിസ്ഥാനില്‍ നിന്നുള്ള ജെയ്ഷെ കമാന്‍ഡറായ ഒമര്‍ ഹാഫിസിന്റെ കീഴില്‍ ആദില്‍ പരിശീലനം തുടര്‍ന്നതെന്ന് ഐബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. 'ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഫെബ്രുവരി 9ന് ആക്രമണം നടത്താനായിരുന്നു ജെയ്ഷെ ഭീകരര്‍ പദ്ധതിയിട്ടത്. ചാവേറാക്രമണം തന്നെയായിരുന്നു മാര്‍ഗം. ചാവേറായി ഷാബിര്‍ എന്നയാളെ ചുമതലപ്പെടുത്തി. അന്ന് എല്ലാ ജില്ലാ എസ്പിമാര്‍ക്കും ഞങ്ങള്‍ അലര്‍ട്ട് കൊടുത്തിരുന്നു. പ്രധാനപ്പെട്ട എല്ലാ റോഡുകളിലും കര്‍ശന സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജനുവരി 26ന് നടന്ന മറ്റൊരു ഏറ്റമുട്ടലില്‍ ഷാബിര്‍ കൊല്ലപ്പെട്ടു. അപ്പോഴും അലര്‍ട്ട് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഷാബിറിന് പകരമായി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ആദിലിനെ അവര്‍ ചാവേറായി ചുമതലപ്പെടുത്തിയത്. സ്ഫോടക വസ്തുക്കളുമായി ഹൈവേയിലൂടെ ആരുടെയും ശ്രദ്ധ പതിയാതെയാണ് ആദില്‍ തന്റെ കാറോടിച്ച് പോയി ആക്രമണം നടത്തിയത്' - ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് അടിവരയിട്ടു പറയുന്നതാണ് ദേശീയ മാധ്യമങ്ങളായ എന്‍ഡിടിവിയും ഐഎഎന്‍എസും റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്നും, ഭീകരാക്രമണം ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നതായാണ് ഈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ജയ്ഷ് ഇ മുഹമ്മദ് പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഭീകരര്‍ വീഡിയോ പുറത്തുവിട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും കൃത്യമായ വിവരം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടും അവര്‍ യാതൊരു നടപടിയുമെടുത്തില്ലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, കാശ്മീര്‍ പൊലീസ് ഐജി ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഐഎഎന്‍എസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ മേഖലകളും വിശദമായി പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഈ മുന്നറിയിപ്പുകളുണ്ടായിട്ടും 2547 ജവാന്മാരടങ്ങിയ 78 വാഹനമുള്‍പ്പെടെയുള്ള സംഘത്തെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നുവത്രേ. അതേസമയം, വന്‍തോതില്‍ സ്ഫോടക വസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു, സുരക്ഷാസേനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവ് വരുത്തിയെന്നും ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നു. ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്റസ് വിവരശേഖരണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയധികം സൈന്യവ്യൂഹം ജമ്മു കശ്മീരില്‍ ഉണ്ടായിട്ടും, ഇന്റലിജന്‍സ് ബ്യൂറോയ്ക്കും, ആഭ്യന്തര വകുപ്പിനും സൈന്യങ്ങള്‍ക്കും മുന്നറിയിപ്പ് കൊടുത്തിട്ടും എങ്ങനെ ഒരു ഭീകരാക്രമണം നടന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റു കാണാന്‍ കഴിയില്ല.

ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രായായിരിക്കെ 22 വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2002നും 2006നും ഇടയിലുണ്ടായ വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പമുഖ ചലച്ചത്ര പ്രവര്‍ത്തകന്‍ ജാവേദ് ആനന്ദ്, അന്തരിച്ച മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ്, മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ തീര്‍ച്ചയും തീരുമാനവുമില്ലാതെ അനന്തമായി നീണ്ടുപോകുകയോ കേസ് അട്ടിമറിക്കുകയോ ഉണ്ടായ ചരിത്രമാണുള്ളത്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ശ്രമം നടന്നോ എന്നു പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിക്കു നിര്‍ദേശം നല്‍കിയിരുന്നു. അതു പ്രകാരം നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തുണ്ടായ എല്ലാ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും അന്വേഷിച്ച റിട്ട. ജസ്റ്റിസ് എച്ച്.എസ് ബേദി അധ്യക്ഷനായ പ്രത്യേക സമിതി 2016ല്‍ സുപ്രിംകോടതിക്കു റിപ്പോര്‍ട്ട് നല്‍കി. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടെങ്കിലും ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.

പുല്‍വാമ സംഭവത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതിന് തെളിവാണ് കാശ്മീര്‍ പൊലീസ് ഐജി ഫെബ്രുവരി എട്ടിന് സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്‌സ് എന്നിവയ്ക്ക് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത് അവഗണിച്ചത്. ആക്രമണം നടന്നതിനു ശേഷം പാക്കിസ്താന്റെ പങ്ക് ഉറപ്പിക്കുന്ന തെളിവുണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂര്‍ അസര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകളാണത്രേ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഈ അന്വേഷണ ഏജന്‍സികള്‍ എന്നു പറയുന്നവര്‍ക്കല്ലേ കശ്മീര്‍ പോലീസ് ഐജി ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയത്?

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നും, ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദസന്ദേശം പാക് സൈനിക ആശുപത്രിയില്‍ നിന്നും ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പിലേക്ക് മസൂദ് അസര്‍ എട്ട് ദിവസം മുന്‍പ് അയച്ചതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും പറയുന്നു. ഈ തെളിവുകള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറാനാണത്രേ ഇന്ത്യയുടെ തീരുമാനം... അറുപതോളം ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മസൂദ് അസ്ഹര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ തീവ്രവാദിയോഗങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സെയ്ദ് സലാഹുദ്ദീന്‍ ആണെന്നാണ് വിവരം. ജനുവരി 19ന് ചേര്‍ന്ന അവസാന യോഗത്തില്‍ പുതിയ തീവ്രവാദി പോസ്റ്റുകള്‍ക്ക് രൂപം നല്‍കുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കശ്മീരിലെ മുസഫറാബാദിലെ ടൗണ്‍ ഹാളില്‍ നടന്ന മറ്റൊരു യോഗത്തില്‍ ഐഇഡി ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിനെപ്പറ്റിയായിരുന്നു ചര്‍ച്ച. ഐഇഡി ഉപയോഗിച്ചുളള ചാവേറാക്രമണമായിരുന്നു ജെയ്‌ഷെ ഭീകരന്‍ പുല്‍വാമയില്‍ നടത്തിയതും.

ഇത്രയും വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യ അവയൊക്കെ അവഗണിച്ചു? സദാ ജാഗരൂകരായി നില്‍ക്കേണ്ട സുരക്ഷാ സൈനികര്‍ക്ക് ഈ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം കൈമാറിയില്ലെന്നുണ്ടോ? ആക്രമണം നടന്ന് 44 ധീരജവാന്മാരുടെ വീരമൃത്യുവിനുശേഷം ഇന്ത്യന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പ്രഖ്യാപിച്ച് മുതലക്കണ്ണീരൊഴുക്കുന്നതിന്റെ ഔചിത്യമെന്താണ്?

ന്യൂനപക്ഷങ്ങളെ ഭീകരരായും രാജ്യദ്രോഹികളായും മുദ്ര കുത്താന്‍ ഏത് ഹീനമാര്‍ഗവും ഉപയോഗിക്കുന്ന സംഘ്പരിവാര്‍-ബജ്രംഗ്ദള്‍-വിഎച്ച്പി ഇപ്പോള്‍ നിരപരാധികളായ കശ്മീരി വിദ്യാര്‍ത്ഥികളെ വേട്ടയാടുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളും വ്യാപാരികളും ആക്രമിക്കപ്പെടുന്നു. ഉത്തരാഖണ്ഡ്, ഹരിയാന, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയും കശ്മീരികളുടെ കച്ചവട സ്ഥാപനങ്ങളേയുമാണ് ഇവര്‍ ആക്രമിക്കുന്നത്. 'കശ്മീരികള്‍ തീവ്രവാദികളാണ്, ഇന്ത്യ വിട്ടുപോകുക' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ആക്രമണം. ഭീകരാക്രമണത്തിന് പിന്നില്‍ ഇവരാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നത്. ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വ്യാപാരികള്‍ക്കു നേരെയും വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ഈ ഘട്ടത്തില്‍ നിലവിലുള്ള സര്‍ക്കാരിന്റെ വിലയിരുത്തലില്‍ ആശങ്ക പൂണ്ടവര്‍ അതിനെ മറികടക്കാന്‍ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' പോലെ ഒരു ആസൂത്രിത നീക്കമായിരുന്നോ പുല്‍വാലയില്‍ നടന്ന ഭീകരാക്രമണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കൂട്ട ബലാത്സംഗം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, അഭിപ്രായ സ്വാതന്ത്രത്തിനു നേരെയുള്ള അക്രമങ്ങള്‍ തുടങ്ങി രാജ്യത്ത് ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളത്. ഇത് ജനങ്ങളെ ഭയപ്പെടുത്തുകയും നിശബ്ദരാക്കുകയും ചെയ്യുന്നു. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ബിജെപിയും സംഘ്പരിവാറും നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അതതു കാലത്തിനാവശ്യമായത് വളരെ ബുദ്ധിയോടെയാണ് അവര്‍ ഉപയോഗിക്കുന്നത്. പശുവിന്റെ പേരിലും നാഷണലിസത്തിന്റെ പേരിലും, ത്രിവര്‍ണ പതാകയുടെ പേരിലും വന്ദേമാതരം അല്ലെങ്കില്‍ ദേശീയഗാനം അങ്ങനെ കാലാനുസൃതമായി ജനവികാരം ഉണര്‍ത്താന്‍ അവര്‍ തീവ്ര ശ്രമം നടത്തുന്നുണ്ട്. ഏറ്റവും അവസാനത്തേതായിരുന്നു ശബരിമല. ഡീഷ്യറി, പാര്‍ലമെന്റ് തുടങ്ങി എല്ലാ ഭരണവ്യവസ്ഥിതികളും കൈപ്പിടിയിലാക്കിയാണ് അവരുടെ പ്രവര്‍ത്തനം. ഈ പുല്‍വാമ ആക്രമണവും അവരുടെ ദേശീയത (വ്യാജ) ഉയര്‍ത്തിക്കാട്ടി വോട്ട് തേടാനല്ലെന്ന് ആര്‍ക്കാണ് ഉറപ്പിച്ചു പറയുവാന്‍ കഴിയുക? ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ 'ശവ മഞ്ചം ചുമക്കലും' അതിന്റെ ഒരു ഭാഗമാണ്.

കശ്മീരില്‍ ഇന്റന്‍സീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കശ്മീര്‍ പോലീസ് ഐജി ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്‌സ് എന്നിവയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോക്കും മുന്നറിയിപ്പ് നല്‍കിയിട്ടും എന്തുകൊണ്ട് കേന്ദ്ര ഗവണ്മെന്റും ആഭ്യന്തര വകുപ്പും അത് അവഗണിച്ചു? ഇപ്പോള്‍ പാക്കിസ്താനു നേരെയുള്ള ഇന്ത്യയുടെ വാണിജ്യ ഉപരോധവും, അതിര്‍ത്തിയില്‍ വായുസേന കാണിക്കുന്ന അഭ്യാസങ്ങളുമെല്ലാം ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനല്ലേ? ജനകീയത നഷ്ടപ്പെട്ട ബിജെപി അടുത്തുവരുന്ന പൊതു തെരഞ്ഞെടുപ്പില്‍ മറ്റൊരു 'വ്യാജ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ തങ്ങള്‍ ദേശ സ്‌നേഹികളാണെന്നും കശ്മീരികള്‍ ദേശവിരുദ്ധരുമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഉപാധിയായിട്ടാണ് ഭീകരാക്രമണത്തെ ഉപയോഗിക്കുന്നതെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല.
പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)
Join WhatsApp News
Why this കൊലവെറി 2019-02-18 12:57:26
കാഷ്മീരില്‍ ഇന്ത്യ്ന്‍ സേനയെ ആക്രമിച്ചത് ഇന്ത്യന്‍ പൗരനാണ്. അപ്പോള്‍ പിന്നെ പാക്കിസ്താനെതിരെ കൊലവെറി ഉയര്‍ത്തുന്നത് എന്തിനു്? ഇലക്ഷന്‍ ജയിക്കാനുള്ള തന്ത്രമോ ഇത്? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക