Image

പുല്‍വാമ: ഇന്‍ഡ്യ വീണ്ടും ആക്രമിക്കപ്പെടുന്നു, സമാധാനത്തിനായി അങ്കം കുറിക്കുന്നു. (ഡല്‍ഹികത്ത് - പി.വി.തോമസ് )

പി.വി.തോമസ് Published on 18 February, 2019
പുല്‍വാമ: ഇന്‍ഡ്യ വീണ്ടും ആക്രമിക്കപ്പെടുന്നു, സമാധാനത്തിനായി അങ്കം കുറിക്കുന്നു. (ഡല്‍ഹികത്ത് - പി.വി.തോമസ് )
പുല്‍വാമ ഞങ്ങള്‍ വരുന്നു. സന്ധിക്കും സമാധാനത്തിനും ആയി. അതല്ല യുദ്ധം എങ്കില്‍ യുദ്ധത്തിനു വേണ്ടിയും. സമാധാനം ആണ് ആഗ്രഹിക്കുന്നതും അഭികാമ്യവും. പക്ഷേ തെമ്മാടിത്തരത്തെയും അരും കൊലയെയും നേരിടേണ്ട രീതിയും അറിയാം. പുല്‍വാമ ഇന്‍ഡ്യ മറക്കുകയില്ല. ഈ ആക്രമണപരനപരകള്‍ എങ്ങനെ മറക്കുവാന്‍ ആകും? എങ്ങനെ സഹിക്കുവാന്‍ സാധിക്കും? കാരണം ഇന്‍ഡ്യ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്. അപ്രഖ്യാപിത നിഴല്‍ യുദ്ധത്തിലൂടെ.

പുല്‍വാമ ഒറ്റപ്പെട്ട ഒരു സംഭവം അല്ല. ആദില്‍ അഹമ്മദ് ഒര്‍ എന്ന ഇന്‍ഡ്യന്‍ കാശ്മീരി ചാവേര്‍ ഒറ്റപ്പെട്ട ഒരു വ്യക്തി അല്ല. പുല്‍വാമ  പാക്കിസ്ഥാന്‍ ഇന്‍ഡ്യക്കു നേരെ നടത്തുന്ന വര്‍ഷങ്ങളായുള്ള ഭീകരവാദ ഒളിയുദ്ധത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണി ആണ്. 130 കോടി ജനങ്ങളും ലോകത്തിലെ ശക്തമായ ഒരു സൈന്യവും ഉള്ള ഒരു രാജ്യത്തോടാണ് പാക്കിസ്ഥാന്റെ ഈ ഒളിപ്പോര് എന്ന് മനസിലാക്കണം. പാക്കിസ്ഥാന്റെ ഷണ്ടത്വം വരിച്ച സിവില്‍ ഗവണ്‍മെന്റും, പട്ടാളവും, രഹസ്യാന്വേഷണവിഭാഗമായ ഐ.എസ്. ഐ.യും ഇവര്‍ ഊട്ടി വളരുത്ത ഭീകരവാദികളും ആണ് ഇതിന്റെയെല്ലാം പിറകില്‍ എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയും മുന്‍ ക്രിക്കറ്റ് കളിക്കാരനും ആയ നവജ്യേത് സിദ്ദുവിന്റെ ഇത് സംബന്ധിച്ചുള്ള പ്രസ്താവന പ്രകോപനകരം ആണ്. പ്രഥമദൃഷ്ട്യ അത്  ശരിയല്ലേ എന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാമെങ്കിലും അത് അബദ്ധ ജഡിലം ആണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ക്രിക്കറ്റ്കാലം മുതലുള്ള ഉറ്റ സുഹൃത്തും ഖാന്റെ സത്യപ്രതിജ്ഞാവേളയില്‍ പങ്കെടുക്ക വഴി വിവാദ പുരുഷനും ആയ സിദു പറഞ്ഞത് ഒരു ചാവേറിന്റെ പ്രവര്‍ത്തിയിലൂടെ ഒരു രാജ്യത്തിനെതിരായി പടപ്പുറപ്പാട് നടത്തരുതെന്നായിരുന്നു. സിദ്ദു ഒരു മണ്ടന്‍ അല്ല. നയകോവിദന്‍ ആണ്. പക്ഷേ, ഇവിടെ അദ്ദേഹത്തിന് രാഷ്ട്രീയം തെറ്റി. അല്ലെങ്കില്‍ ഇന്‍ഡോ-പാക്ക് രാഷ്ട്രീയത്തിലെ ഭീകരാടിയൊഴുക്കുകള്‍ അദ്ദേഹം മന:പൂര്‍വ്വം മറന്നു. അത് അവിടെ ഇരിക്കട്ടെ.

ചാവേര്‍ ആക്രമണത്തിനുശേഷം പുറത്തു വന്ന ചില ദേശീയ ദിനപത്ര തലക്കെട്ടുകളും ശ്രദ്ധേയം ആയി. അതില്‍ ദ ടൈംസ് ഓഫ് ഇന്‍ഡ്യ ആറ് കോളം തലക്കെട്ടിലൂടെ എഴുതിയത് ഇങ്ങനെ ആണ്:  ഗവണ്‍മെന്റ് ബ്ലെയിംസ് പാക്ക് ആഫ്റ്റര്‍ ലോക്കല്‍ യൂത്ത് റാംസ് സി.ആര്‍.പിഎഫ് കോണ്‍വോയ് വിത്ത് ഐ.ഇ.ഡി-പാക്ഡ് എസ്.യു.വി. ഇന്‍വേര്‍സ്റ്റ്- എവര്‍ ജെ-കെ ടെറര്‍ സ്‌ട്രൈക്ക്.' ഇവിടെ വിവാദം ആയത് സ്വദേശ ചെറുപ്പക്കാരന്‍ സി.ആര്‍.പി.എഫ്. കോണ്‍വോയിയെ സ്‌ഫോടക സാമഗ്രി നിറച്ച എസ്.യു.പി.യുമായി ഇടിച്ചതിനുശേഷം ഗവണ്‍മെന്റ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നു എന്ന ഭാഗം ആണ്. വായനക്കാരുടെ അധിക്ഷേപത്തിനു ശേഷം പത്രം പിന്നീട് തെറ്റ് തിരുത്തി. അതുപോലെതന്നെ പാക്കിസ്ഥാന്റെ ഇംഗ്ലീ്ഷ് ദിനപത്രമായ ദനേഷന്റെ തലക്കെട്ടും ഇന്‍ഡ്യയില്‍ വളരെ ശ്രദ്ധേയം ആയി. പാക്കിസ്ഥാന്റെ രാഷ്ട്രീയം തുറന്ന് കാട്ടുന്നതായിരുന്നു അത്. അത് പ്രകാരം ഫ്രീഡം ഫൈറ്റര്‍ ലോഞ്ചസ് അറ്റാക്ക് 44  ഓഫ് ഒക്കപ്പയിംങ്ങ് ഫോഴ്‌സ് കില്‍ഡ് ഇന്‍ ഐ.ഓ.കെ. ഇത് പ്രകാരം കാശ്മീരി ചാവേര്‍, നേരത്തെ മുന്‍ പാക്കിസ്ഥാനി ഭരണാധികാരി പര്‍വേസ് മുഷറഫ് വിശേഷിപ്പിച്ചതുപോലെ, സ്വതന്ത്രസേനാനിയാണ്. കൊല്ലപ്പട്ട 44 സീ.ആര്‍.പി.ഫ് ജവാന്മാരും ഇന്‍ഡ്യയുടെ കൈവശമുള്ള കാശ്മീരിലെ അധിനിവേശ സേനാഗംങ്ങളും ആണ്. കാശ്മീരിനെ ഏവര്‍ ഐ.ഓ.കെ. എന്നാണ് വിശേഷിപ്പിച്ചത്. ഇന്‍ഡ്യ പാക്കിസ്ഥാന്റെ കീഴിലുള്ള കാശ്മീരിനെ പാക് ഒക്യൂപ്പയിഡ് കാശ്മീര്‍(പി.ഓ.കെ.) എന്ന് വിളിക്കുന്നത് പോലെ തന്നെ. അവിടെയും രാഷ്ട്രീയം വ്യക്തം ആണ്. സാമൂഹ്യമാധ്യമങ്ങളില്‍ വന്ന മറ്റൊരു ഉദ്ധരണിയും ചര്‍ച്ച ചെയ്യപ്പെട്ടു. അത് ഓ.വി.വിജയന്റെ മലയാളം നോവലായ ധര്‍മ്മപുരാണത്തില്‍ നിന്നുമുള്ള ഒരു ഉദ്ധരണി ആയിരുന്നു: രാജാവിനെതിരെ ജനവികാരം ഉയരുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധം ഉണ്ടാവുക രാജതന്ത്രം ആണ്. ' ഇവിടെ വ്യംഗ്യമായി ഉദ്ദേശിക്കുന്നത് മാര്‍ച്ച്- ഏപ്രില്‍ വരുവാന്‍ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിനെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ആണ്. ഇതൊക്കെ ചിന്താര്‍ഹം ആണ്.

സംഭവം ഇങ്ങനെ ആണ്. ഫെബ്രുവരി പതിനാലാം തീയതി വെളുപ്പിന് മൂന്നരമണിക്ക് 2500 സി.ആര്‍.പി.എഫ്. ജവാന്മാരുമായി 78 വാഹനങ്ങള്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പുറപ്പെടുന്നു. മഞ്ഞ്മൂടി കിടക്കുന്നതുകാരണം സേനയുടെ നീക്കം അതുവരെ തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. ശ്രീനഗറിന് 30 കിലോമീറ്റര്‍ അടുത്തുവച്ച് ഒരു സ്‌കോര്‍പ്പിയോ എസ്.യു.വി.യില്‍ പതിയിരുന്ന ചാവേര്‍ കാശ്മീരി ആദില്‍ അഹമ്മദ് ദര്‍(20) അതില്‍ ഒരു വാഹനത്തെ സ്‌ഫോടകവസ്തുക്കളുമായി ഇടിക്കുന്നു. പോലീസ് വാഹനം ചിതറി തെറിക്കുന്നു. ഒപ്പം 42 ജവാന്മാരുടെ ശരീരവും. സ്‌ഫോടനത്തില്‍ പലര്‍ക്കും പരിക്കേറ്റു. മറ്റൊരു വാഹനവും സ്‌ഫോടനത്തിന് ഇരയായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഉടന്‍ തന്നെ പാക്കിസ്ഥാന്‍ കേന്ദ്രീകൃതമായ ജെയിഷു-ഇ-മൊഹമ്മദ് ഏറ്റെടുത്തു. ജെ-ഇ-എമ്മിന്റെ നേതാവായ മസൂദ് അഷര്‍ ഒരു അന്താരാഷ്ട്ര തീവ്രവാദിയാണ്. ഇന്‍ഡ്യയുടെ പിടികിട്ടാപ്പുള്ളിയും ആണ്. കാന്തഹാര്‍ വിമാന തട്ടല്‍ കേസില്‍ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരം ആയി വാജ്‌പേയ് ഭരണകാലത്ത് ഇന്‍ഡ്യ മോചിപ്പിച്ചതാണ് അഷറിനെ. ഈ ഭീകരന്‍ മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ ആയിരുന്നു(2001). അദ്ദേഹത്തെ വിട്ടുകൊടുത്തതിന്റെ പിഴയാണ് ഇന്ന് ഇന്‍ഡ്യ അനുഭവിക്കുന്നത്. അഷറിനെ ഒരു അന്താരാഷ്ട്ര ഭീകരവാദി ആയി പ്രഖ്യാപിക്കുവാന്‍ ഇന്‍ഡ്യയും അമേരിക്കയും വര്‍ഷങ്ങള്‍ ആയി നടത്തുന്ന ശ്രമത്തെ ചൈന വീറ്റോ ചെയ്തിട്ടിരിക്കുകയാണ്. അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്‍ഡ്യയുടെ നയതന്ത്ര സംരംഭങ്ങള്‍ വിജയിച്ചുമില്ല. ചൈനയുമായുള്ള ബന്ധം നന്നാക്കുവാനുള്ള ശ്രമത്തില്‍ മോഡി സര്‍ക്കാര്‍ അത് തണുപ്പിക്കുകയും ചെയ്തു. അഷറിനെ പോലുള്ള ഭീകരവാദികള്‍ ജീവിച്ചിരിക്കുന്നത് ഇന്‍ഡ്യയുടെ ദേശീയ സുരക്ഷക്ക് അത്യന്തം അപകടകരം ആണ്. അങ്ങനെ വളരെയേറെ ഭീകരവാദികളും ഭീകരവാദസംഘടനകളും പാക്കിസ്ഥാനില്‍ ഉണ്ട് . പാക്കിസ്ഥാന്‍ തീറ്റിപ്പോറ്റുന്നുണ്ട്. അതിലൊരാള്‍ ആയിരുന്നു പാക്കിസ്ഥാന്‍ മിലിട്ടറി അക്കാഡമിയുടെ ആസ്ഥാനമായ അബോട്ടാബാദില്‍ ഒളിച്ചിരുന്ന ഒസാമാബിന്‍ ലാദന്‍. ലാഡനെ അമേരിക്ക ഒരു പാതിര റെയ്ഡിലൂടെ പിടിച്ച് കൊന്ന് കടലില്‍ എറിഞ്ഞു. ഇന്‍ഡ്യക്ക് അത് സാധിക്കുമോ? ദാവൂദ് ഇബ്രാഹിമും കറാച്ചിയില്‍ ഉണ്ട്. അഷര്‍ പഞ്ചാബിലെ (പാക്കിസ്ഥാന്‍) ബാവല്‍പൂര്‍ ആസ്ഥാനം ആയാണ് പ്രവര്‍ത്തിക്കുന്നത്. ചൈനയുടെയും പാക്കിസ്ഥാന്റെയും പരിപൂര്‍ണ്ണ പിന്തുണ ഈ അന്താരാഷ്ട്ര ഭീകരവാദിക്കുണ്ട്. അതുകൊണ്ടാണ് പുല്‍വാമകള്‍ സംഭവിക്കുന്നത്.
എത്രയെത്ര ഭീകരാക്രമണങ്ങള്‍ ആണ് പാക്കിസ്ഥാന്‍ ഇന്‍ഡ്യക്കെതിരെ അഴിച്ചു വിട്ടത്. മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം എന്തുകൊണ്ട് അവ വര്‍ദ്ധിച്ചു? ബി.ജെ.പി. പി.ഡി.പി.യുമായി സഖ്യം ചേര്‍ന്ന് ജമ്മു-കാശ്മീര്‍ ഭരിച്ചതും ആണ്. എന്നിട്ടും സംസ്ഥാനത്തെ ക്രമസമാധാനനിലയും ദേശീയ സുരക്ഷയും മെച്ചപ്പെട്ടില്ല. അവസാനം ആ ഗവണ്‍മെന്റും തകര്‍ന്നു. സംസ്ഥാന കേന്ദ്രഭരണത്തിന് കീഴിലായി. എന്നിട്ടും രക്ഷയില്ല. എന്താണ് ഇതെല്ലാം സൂചിപ്പിക്കുന്നത്?
പുല്‍വാമയില്‍ തന്നെ എത്ര അക്രമണങ്ങള്‍ സംഭവിച്ചു. 2017 ലും 2016-ലും ആയി മൂന്ന് ഭീകരാക്രമണങ്ങള്‍ക്ക് പുല്‍വാമ ഇരയായി. ഊറിയും പത്താന്‍കോട്ടും ആര് മറക്കും. നീണ്ട പട്ടിക ഇവിടെ നിരത്തുന്നില്ല.

പാക്കിസ്ഥാനെ നേരിടുമ്പോള്‍ ഇന്‍ഡ്യ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം. അവിടത്തെ സിവിലിയന്‍ ഗവണ്‍മെന്റ് ഒരു പാവ മാത്രം ആണ്. അത് പേരിനു മാത്രമായ ഒരു ജനാധിപത്യരാജ്യം ആണ്. അവിടെ, ആദ്യം സൂചിപ്പിച്ചതുപോലെ, ഭരണം നടത്തുന്നത് പട്ടാളവും ഐ.എസ്.ഐ.യും ആണ്. അതുകൊണ്ട് ഇമ്രാന്‍ ഖാനുമായി സൗഹൃദം ഉണ്ടാക്കിട്ട് കാര്യം ഇല്ല. പ്ട്ടാളവും ഐ.എസ്.ഐ.യും ഇന്‍ഡ്യക്ക് ബദ്ധവിരുദ്ധം ആണ്. അവര്‍ കാശ്മീരിനെ മോചിപ്പിക്കുവാനും ഇന്‍ഡ്യയില്‍ ഉടനീളം അരാജകത്വവും അക്രമവും സൃ്ഷ്ടിക്കുവാനുള്ള തീവ്രശ്രമത്തിലാണ് വര്‍ഷങ്ങളായി. അവര്‍ക്ക് കാശ്മീരിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരായ ഭീകരവാദികളുടെ പിന്തുണയുണ്ട്. ഒരു വിഭാഗം ജനങ്ങളുടെ പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇന്‍ഡ്യന്‍ സൈന്യം ഭീകരവാദികളെ-പാക്കിസ്ഥാന്‍കാരും കാശ്മീരികളും-വളഞ്ഞു പിടിക്കുമ്പോള്‍ ഇന്‍ഡ്യന്‍ സേനക്കെതിരെ അവര്‍ കല്ലേറു നടത്തുന്നത്. എന്തുകൊണ്ട് ഇവര്‍ ഇന്‍ഡ്യക്ക് എതിരായി തിരിയുന്നു? പാക്കിസ്ഥാന്റെയും പാക്ക് ഭീകര സംഘടനകളുടെയും സഹായവും മസ്തി്ക്ക പ്രഷാളനവും വലിയ ഒരു ഘടകം ആണ്. ഇതിന്റെ പശ്ചാത്തലമായി ചരിത്രവും, മതവും, രാഷ്ട്രീയവും, സാമ്പത്തീകവും, സാമൂഹ്യവും ഉണ്ട്. ഇവരെ തിരിച്ച് മുഖ്യധാരയില്‍ കൊണ്ടുവന്നാല്‍ ഇന്‍ഡ്യ വിജയിച്ചു. കാശ്മീര്‍ പ്രശനം ആയുധവും സേനയും ഉപയോഗിച്ച് മാത്രം  പരിഹരിക്കുവാന്‍ സാധിക്കുകയില്ല. അതിന്റെ ചരിത്ര, രാഷ്ട്രീയ, മത, സാമ്പത്തീക, സാമൂഹീക വശങ്ങളെ പഠിച്ച് പരിഹരിക്കണം.

പുല്‍വാമ സുരക്ഷക്രമത്തിന്റെ പരാജയവും ആയിരുന്നു. 2500 ജവാന്മാരെ 78 വാഹനങ്ങളിലായി രാത്രിയില്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ എന്ത് കരുതല്‍ ആണ് അധികാരികള്‍ എടുത്തത്? ഈ വക സന്ദര്‍ഭങ്ങളില്‍ സിവിലിയന്‍ വാഹനങ്ങളെ റോഡില്‍ പ്രവേശിപ്പിക്കാതെ ബ്ലോക്ക് ചെയ്യുന്ന ഒരു നിയമം ഉണ്ടായിരുന്നു. പി.ഡി.പി.യും കോണ്‍ഗ്രസും സഖ്യം ചേര്‍ന്ന് ഭരിച്ചപ്പോള്‍ അത് നിറുത്തലാക്കി. ഉദ്ദേശം നല്ലതായിരുന്നു. തദ്ദേശവാസികളെ ബുദ്ധിമുട്ടില്‍ നിന്നും ഒഴിവാക്കുവാന്‍. പക്ഷേ, അതാണ് പാക്കിസ്ഥാനും ഭീകരവാദികളും ഉപയോഗിക്കുന്നത്. ഇതുപോലുള്ള, കോണ്‍വോയ് മൂവ്‌മെന്റ് സമയങ്ങളില്‍ കര്‍ശനമായും സിവില്‍ വാഹനങ്ങളുടെ നീക്കം കര്‍ശനമായും തടയണം. മറികടക്കുന്നവര്‍ക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പുറപ്പെടുവിക്കണം.

ഇന്‍ഡ്യ ഒരു കാര്യം മനസിലാക്കണം. പാക്കിസ്ഥാന്‍ ഒരു ശത്രുരാജ്യം ആണ്. ജനങ്ങള്‍ അല്ല. പാക്കിസ്ഥാനിനെ ഭരണാധികാരികളും പട്ടാളവും ഐ.എസ്.ഐ.യും അവരുടെ സൃഷ്ടികളായ ഭീകരവാദികളും ഏതു നിമിഷവും ഇന്‍ഡ്യയെ ആക്രമിക്കുവാന്‍ തയ്യാറാണ്. അതുകൊണ്ട് ഇന്‍ഡ്യ സദാസമയവും പ്രതിരോധ സന്നദ്ധം ആയിരിക്കണം. ഇതില്‍ ഒരു അണുവിട പിറകോട്ടു പോകരുത്. ആദ്യം പ്രതിരോധം. പിന്നെ പ്രത്യാക്രമണം. പ്രത്യാക്രമണം ഇരു വിഭാഗത്തിനും ആപല്‍ക്കരം ആണ്. പിന്നെയും ജവാന്മാര്‍ മരിച്ചു വീഴും. സാധാരണ ജനം മരിക്കും. വസ്തുവകകള്‍ നശിക്കും.
സമാധാന സംഭാണങ്ങള്‍ നയതന്ത്രബന്ധങ്ങള്‍ ആണ് പ്രതിവിധി. ക്രിക്കറ്റ് കളിക്കാം ഇരു രാജ്യങ്ങളുമായി. സമാധാന സംഭാഷണവും നടത്താം. നടത്തണം. പക്ഷേ, അതിനായി ഹസ്തദാനം ചെയ്യുമ്പോള്‍ വലതുകൈയുടെ ചൂണ്ടുവിരല്‍ തോക്കിന്റെ കാഞ്ചിയിലും ആയിരിക്കണം.

പുല്‍വാമ ആക്രമണത്തിന് ശേഷം പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ സംയമനം പാലിച്ചു. മോഡി ഗവണ്‍മെന്റിനെ കടന്നാക്രമിച്ചില്ല. അത്രയും നന്ന്. പക്ഷേ, ഗവണ്‍മെന്റ് യുദ്ധനിലവിളിയും ഭീഷണിയും നടത്തി. അത് നിര്‍ത്തണം. വാചക കസര്‍ത്തല്ല കുറിക്ക് കൊള്ളുന്ന പ്രവൃത്തിയാണ് ആവശ്യം. അതാണ് ജനങ്ങള്‍ മുമ്പാകെ മോഡി ഗവണ്‍മെന്റ് കാണിച്ചു കൊടുക്കേണ്ടത്. ഇരുത്തം വന്ന, പക്വതയാര്‍ന്ന രാജ്യമീമാംസയുടെ രാജ്യസുരക്ഷാ തന്ത്രത്തിന്റെയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമീപനത്തിന്റെ സമയം ആണ് ഇത്. വീരവാദങ്ങളും രാഷ്ട്രീയ-തെരഞ്ഞെടുപ്പ് ലാക്കുകളും മറക്കുക.

പുല്‍വാമ: ഇന്‍ഡ്യ വീണ്ടും ആക്രമിക്കപ്പെടുന്നു, സമാധാനത്തിനായി അങ്കം കുറിക്കുന്നു. (ഡല്‍ഹികത്ത് - പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക