Image

കാസര്‍കോട്ടെ കൊലയ്‌ക്ക്‌ പിന്നില്‍ സി.പി.ഐ.എം'; കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും എഫ്‌.ഐ.ആര്‍

Published on 18 February, 2019
കാസര്‍കോട്ടെ കൊലയ്‌ക്ക്‌ പിന്നില്‍ സി.പി.ഐ.എം'; കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും എഫ്‌.ഐ.ആര്‍
കാസര്‍കോട്‌: കാസര്‍കോട്‌ പെരിയയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന്‌ എഫ്‌.ഐ.ആര്‍.

കൊലപാതകത്തിന്‌ പിന്നില്‍ സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തിന്‌ പങ്കുണ്ടെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.പി.ഐ.എം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ്‌ കൊലപാതകത്തിന്‌ കാരണം. ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത്‌ലാല്‍ ഒന്നാം പ്രതിയും കൃപേഷ്‌ ആറാം പ്രതിയും ആയിരുന്നു.

ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

കൊല്ലപ്പെട്ട ശ്യാംലാലിന്റേയും കൃപേഷിന്റേയും ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടും പുറത്തുവന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ ഉണ്ടാക്കിയ മുറിവുകളാണ്‌ ഇരുവരുടേയും മരണകാരണം എന്നാണ്‌ റിപ്പോര്‍ട്ട്‌.

ശരത്‌ ലാലിന്‌ കഴുത്തിന്റെ വലതുവശത്ത്‌ ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്‌. ഇരുകാലുകളിലുമായി അഞ്ച്‌ വെട്ടുകളും ശരത്‌ലാലിന്‌ ഏറ്റിട്ടുണ്ട്‌. അസ്ഥിയും മാംസവും തമ്മില്‍ കൂടിക്കലര്‍ന്ന രീതിയില്‍ മാരകമായ മുറിവുകളാണ്‌ കാലുകളില്‍.

കൃപേഷിന്റെ നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവില്‍ ആഴത്തിലുള്ള ഒറ്റ വെട്ടാണ്‌ ഏറ്റിരിക്കുന്നത്‌. 11 സെന്റീമീറ്റര്‍ നീളത്തിലും രണ്ട്‌ സെന്റീമീറ്റര്‍ ആഴത്തിലുമുള്ള വെട്ടേറ്റ്‌ തലയോട്‌ തകര്‍ന്ന്‌ സംഭവസ്ഥലത്തുതന്നെ കൃപേഷ്‌ മരിച്ചു.

ആശുപത്രിയിലേക്ക്‌ കൊണ്ടുപോരുന്നതിനിടെയാണ്‌ ശരത്‌ലാല്‍ മരിച്ചത്‌. കൊടുവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ്‌ ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത്‌ എന്നാണ്‌ പ്രാഥമിക നിഗമനം.

ആയുധപരിശീലനം ലഭിച്ചവരോ മുമ്പ്‌ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ്‌ കൊലപാതകം നടത്തിയതെന്നാണ്‌ പൊലീസിന്റെ നിഗമനം.കൊലപാതകം നടന്ന സ്ഥലത്ത്‌ പൊലീസ്‌ നടത്തിയ പരിശോധനയില്‍ വടിവാളിന്റെ പിടി കണ്ടെടുത്തു.

വൈകുന്നേരത്തോടെ ഇരുവരുടേയും വീട്ടുവളപ്പില്‍ സംസ്‌കാരം നടത്താനാണ്‌ തീരുമാനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക