Image

"മിമിക്രി അത്ര എളുപ്പമല്ല", ടേപ്പ് വ്യാജമെന്ന ആരോപണത്തിന് കുമാരസ്വാമിയുടെ മറുപടി

Published on 18 February, 2019
"മിമിക്രി അത്ര എളുപ്പമല്ല", ടേപ്പ് വ്യാജമെന്ന ആരോപണത്തിന് കുമാരസ്വാമിയുടെ മറുപടി

ബംഗളൂരു: സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയുടെതെന്ന ആരോപണവുമായി പുറത്തുവിട്ട ഓഡിയോ ടേപ് വ്യാജമാണെന്ന ബിജെപിയുടെ ആരോപണം നിഷേധിച്ച്‌ മുഖ്യമന്ത്രി കുമാരസ്വാമി.

''ഒരാളുടെ ശബ്ദം അനുകരിക്കുക അത്ര എളുപ്പമല്ല. കേള്‍ക്കുന്ന ആര്‍ക്കും മനസിലാകും അതെന്താണെന്ന്. ടേപുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്. സംശയമുള്ളവര്‍ പ്രധാനമന്ത്രിയോട് അന്വേഷണത്തിന് ഉത്തരവിടാന്‍ ആവശ്യപ്പെടട്ടെ. സത്യമെന്തായാലും പുറത്തുവരുമല്ലോ.'' കുമാരസ്വാമി വ്യക്തമാക്കി.

ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും ശരണ ഗൗഡയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടികാണിച്ചാണ് 2 ഓഡിയോ ക്ലിപ്പുകള്‍ കുമാരസ്വാമി പുറത്തുവിട്ടത്. കൂറുമാറാന്‍ എംഎല്‍എയുടെ മകന്‍ ശരണ ഗൗഡയ്ക്ക് 10 കോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തെന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം. അതേസമയം, ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വിട്ട അവസരത്തില്‍ അവ വ്യാജമെന്ന് തെളിഞ്ഞാല്‍ താന്‍ രാജിവെയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

'നോട്ടു നിരോധനത്തിലൂടെ രാജ്യത്ത ബ്ലാക്ക് മണി തുടച്ചു മാറ്റിയെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. പക്ഷേ അവര്‍ 40-50 ലക്ഷമാണ് ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. എവിടെ നിന്നാണ് ഈപണം വന്നത്. ഇത് ബ്ലാക്കോ വൈറ്റോ?. അങ്ങിനെയെങ്കില്‍ നോട്ടു നിരോധനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു'- നോട്ടു നിരോധനത്തിന്റെ നിരര്‍ത്ഥകത ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിച്ചു.

അതേസമയം, കോഴ വാഗ്ദാനം ചെയ്യുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ കുമാരസ്വാമി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കര്‍ണാടക നിയമസഭാ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി നിയോഗിച്ചത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭരണപക്ഷ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപിയുടെ "ഓപ്പറേഷന്‍ ലോട്ടസ്" ഭാഗമായുള്ള സംഭാഷണമാണ് പുറത്തു വന്നത്. അതേസമയം, ശബ്ദരേഖ തന്‍റേതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ഒരിക്കല്‍ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക