Image

പാക്‌ അനുകൂല പരാമര്‍ശം: നവ്‌ജോത്‌ സിങ്‌ സിദ്ധുവിന്റെ ഫോട്ടോ കത്തിച്ച്‌ പഞ്ചാബ്‌ നിയമസഭയില്‍ പ്രതിഷേധം

Published on 18 February, 2019
പാക്‌ അനുകൂല പരാമര്‍ശം: നവ്‌ജോത്‌ സിങ്‌ സിദ്ധുവിന്റെ ഫോട്ടോ കത്തിച്ച്‌ പഞ്ചാബ്‌ നിയമസഭയില്‍ പ്രതിഷേധം
ചണ്ഡീഗഡ്‌: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു രാഷ്ട്രത്തെ മുഴുവനായി കുറ്റപ്പെടുത്തരുതെന്ന്‌ പറഞ്ഞ മന്ത്രി നവ്‌ജോത്‌ സിങ്‌ സിദ്ധുവിനെതിരെ പഞ്ചാബ്‌ നിയമസഭയില്‍ പ്രതിഷേധം.

സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ബജറ്റ്‌ സെഷന്‍ തടസപ്പെടുത്തി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ധു നടത്തിയ പരാമര്‍ശങ്ങള്‍ക്ക്‌ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു.
സോണി ടി.വി സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരിപാടി `ദി കപില്‍ ശര്‍മ ഷോ'യിലാണ്‌ സിദ്ധുവിന്റെ വിവാദ പരാമര്‍ശമുണ്ടായത്‌.

തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക്‌ ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സിദ്ധുവിന്റെ പരാമര്‍ശം. \

ഭീകരവാദികള്‍ക്ക്‌ ജാതിയോ മതമോ ദേശാതിര്‍ത്തിയോ ഇല്ല. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. പുല്‍വാമയിലുണ്ടായ ആക്രമണം തീര്‍ത്തും ദുഃഖകരമാണ്‌. അങ്ങേയറ്റം അപലപിക്കുന്നു. ഇത്‌ ചെയ്‌തവര്‍ക്ക്‌ പരമാവധി ശിക്ഷ നല്‍കണം' എന്നായിരുന്നു സിദ്ധുവിന്റെ വാക്കുകള്‍.

പ്രസ്‌താവന വിവാദമായതോടെ സ്വകാര്യ ഹിന്ദി ചാനലിലെ കോമഡി ഷോയില്‍ നിന്ന്‌ സിദ്ധുവിനെ ഒഴിവാക്കുകയും ചെയ്‌തിരുന്നു.

പഞ്ചാബ്‌ ബജറ്റ്‌ സമ്മേളനം ആരംഭിക്കുന്നതിന്‌ മുമ്പായി എം.എല്‍.എ ബിക്രം സിങ്‌ മജീദിയയുടെ നേതൃത്വത്തിലാണ്‌ അകാലിദള്‍ നേതാക്കള്‍ സിദ്ധുവിന്റെ ചിത്രങ്ങള്‍ കത്തിച്ച്‌ പ്രതിഷേധിച്ചത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക