Image

ദീപാ നിശാന്ത് മുതല്‍ ശാരദക്കുട്ടി വരെ; ഇടത് (കപട) ബുദ്ധിജീവികളുടെ ഇരട്ടത്താപ്പുകള്‍

കലാകൃഷ്ണന്‍ Published on 18 February, 2019
ദീപാ നിശാന്ത് മുതല്‍ ശാരദക്കുട്ടി വരെ; ഇടത് (കപട) ബുദ്ധിജീവികളുടെ ഇരട്ടത്താപ്പുകള്‍

സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. അങ്ങ് കശ്മീരില്‍ 42 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു സംഭവിച്ചു. ഒരു ദിവസം പിന്നിടുമ്പോള്‍ ഇങ്ങ് കേരളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പുരോഗമന പാര്‍ട്ടി രണ്ട് ചെറുപ്പക്കാരെ അതിക്രൂരമായി ഒരേ സമയം വെട്ടിക്കൊലപ്പെടുത്തുന്നു. രണ്ടാമത്തെ സംഭവത്തെയും ആദ്യത്തേത് പോലെ ഭീകരാക്രമണം എന്ന് വിളിക്കാനാണ് ലേഖകന് തോന്നുന്നത്. അത്രമേല്‍ ക്രൂരമായ കൊലപാതകം. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സിപിഎം എന്ന പാര്‍ട്ടി. സ്വഭാവികമായും പാര്‍ട്ടി ഈ പ്രതിസ്ഥാനം നിഷേധിച്ചിരിക്കുന്നു. എന്നാല്‍ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ പണ്ട് പറഞ്ഞത് പോലെ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം കാര്യം അറിയാമല്ലോ. 
കേരളീയ മനസാക്ഷി ഒന്നാകെ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുകയാണ്. ഹര്‍ത്താലിനോട് പൊതുവേ വിമുഖത പ്രകടിപ്പിക്കുന്ന ഈ വര്‍ത്തമാന കാലത്തില്‍ പോലും ഇന്ന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് അനുകൂല മനോഭാവമാണ് പൊതു സമൂഹം കാണിച്ചത്. 
എന്നാല്‍ കേരളത്തിലെ പ്രബുദ്ധരായ സാംസ്കാരിക നായകരുടെ മൗനമാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. അമ്പരപ്പിക്കുക എന്ന വാക്കല്ല ഉപയോഗിക്കേണ്ടത്. ശരിക്കും ഈ സാംസ്കാരിക ബുദ്ധീജിവികള്‍ കോമാളികളായി മാറുകയാണ്. 
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ ഒരു സാധാരണ വിശ്വാസിയായ പൃഥ്വിരാജ് അഭിമുഖ വേളയില്‍ ശബരിമലയെ വെറുതെ വിട്ടുകൂടെ എന്നു പറഞ്ഞതിനെ ഖണ്ഡകാവ്യം എഴുതി വിമര്‍ശിച്ചയാളാണ് സോഷ്യല്‍ മീഡിയയിലെ ഇടത് ബുദ്ധിജീവി 'ശാരദക്കുട്ടി ഭാരതിക്കുട്ടി' എന്ന എസ് ശാരദക്കുട്ടി. തീര്‍ച്ചയായും പൃഥ്വിരാജിനെ വിമര്‍ശിക്കണം, അതിന് എത്ര ഖണ്ഡകാവ്യം വേണമെങ്കിലും എഴുതണം. എന്നാല്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തെ നാല് വാക്ക് കൊണ്ടാണ് ശാരദക്കുട്ടി വിമര്‍ശിച്ച് കൈയ്യൊഴിഞ്ഞിരിക്കുന്നത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഘടനയെക്കുറിച്ച് ഒരു വാക്കില്ല. ആ സംഘടനയുടെ ഗുണ്ടായിസത്തെക്കുറിച്ച് അത് സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് യാതൊന്നും പറയാനില്ല. പിന്നെ ഇതിന് വിമര്‍ശിക്കാതിരുന്നാല്‍ എന്തിനും ഏതിനും ഫേസ്ബുക്കില്‍ വിമര്‍ശിച്ചു തള്ളുന്ന തന്നെ ആളുകള്‍ ഓഡിറ്റ് ചെയ്താല്‍, അവസരവാദിയെന്ന് വിളിച്ചാല്‍, ഉണ്ടാകുന്ന ഇമേജ് നഷ്ടം പരിഹരിക്കാന്‍ വഴിപാട് പോലെയൊരു എഴുത്ത്. 
ഈ വഴിപാട് എഴുത്താണ് ഇടത് കപട ബുദ്ധി ജീവികളുടെ ഇരട്ടത്താപ്പ് എന്നു പറയുന്നത്. 
ഇതേ ഇരട്ടത്താപ്പിലൂടെയാണ് ദീപാ നിശാന്തും കടന്നു പോകുന്നത്. സകലതിനും വീറും വാശിയോടെ  പ്രതികരിക്കുന്ന ദീപാ നിശാന്താവട്ടെ രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊന്ന പാര്‍ട്ടിയെ പേരെടുത്ത് പറയാതെ അങ്ങ് ഉപദേശം നല്‍കുകയാണ്. അല്ലയോ പാര്‍ട്ടിക്കാരെ, "അഭിപ്രായത്തിന് ഇടം നല്‍കുന്നതാണ് രാഷ്ട്രീയം. ആളെക്കൊല്ലുന്നത് നിങ്ങള്‍ക്ക് അഭിലഷണീയമല്ല കേട്ടോ. ഇങ്ങനെ ആളെകൊന്ന് തുടങ്ങിയാല്‍ ഈ പരിപാടി നമ്മുടെ ബൗദ്ധീക അത്മഹത്യയായി പോകും കേട്ടോ..... എന്നൊക്കെയാണ് നാലഞ്ച് വാചകത്തില്‍ ദീപാ നിശാന്ത് എഴുതി പ്രതികരിച്ചു കളഞ്ഞത്. ശാരദക്കൂട്ടി മോഡലില്‍ കുറച്ചുകൂടെ പഞ്ചാര കലര്‍ത്തിയുള്ള വഴിപാട് പ്രതികരണം. അതായത് കൊലപാതകം ചെയ്തത് തെറ്റന്നോ, ക്രൂരതയാണ് എന്നോ അല്ല. ഇങ്ങനെ കൊലപാതകം ചെയ്താല്‍ നമ്മുടെ ബൗദ്ധീക നിലവാരം തകരില്ലേ എന്നതാണ് ദീപാ നിശാന്തിന്‍റെ ഉത്കണ്ഠ. അങ്ങനെയെങ്കില്‍ ബുദ്ധിജീവികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചാലോ? കഷ്ടം തന്നെ. തമ്പുരാട്ടി. കഷ്ടം തന്നെ. 
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുട്ടിന് മുട്ടിന് പ്രതികരിച്ച് നാട് നന്നാക്കുകയും ചെയ്യുന്ന ഇടത് സഹയാത്രികനുമായ എന്‍.മാധവന്‍കുട്ടിയും ഇതേ മോഡല്‍ വഴിപാട് പ്രതികരണമാണ് നടത്തിയിരിക്കുന്നത്. സിപിഎം ചെയ്യുന്ന കൊലപാതകം കൊലപാതമല്ല എന്നതാണ് മാധവന്‍കുട്ടി അവറുകളുടെ പൊതുവെയുള്ള വെയ്പ്പ്. സിപിഎം കൊലപാതകം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ ആര്‍.എസ്.എസ് ഫാസിസമെന്ന് മാധവന്‍കുട്ടി തിരിച്ചു പറയും. ആര്‍.എസ്.എസ് ഫാസിസം കാണിക്കുന്നുവെങ്കില്‍ സിപിഎമ്മിന് ആളെക്കൊല്ലാമെന്നാണോ എന്ന് ആരും തിരിച്ചു ചോദിക്കാന്‍ പാടില്ല. 
മാധവന്‍കുട്ടി മോഡല്‍ കപട ബുദ്ധിജീവികളുടെ വാചാടോപങ്ങള്‍ എത്രയോ പൊള്ളത്തരങ്ങളാണ് എന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. 
കഴിഞ്ഞ ദിവസം കശ്മീരീലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രസ്തുത മാധവന്‍കുട്ടി ഒരു ചാനലിലേക്ക് ഇരച്ച് വന്നിരിക്കുകയാണ്. കാശ്മീരിലെ ഇസ്ലാമിസ്റ്റ് ഭീകരവാദികളെ തിരിച്ചടിച്ചോളു പക്ഷെ അവര്‍ നടത്തിയ അക്രമണത്തിന് ആനുപാതികമായി മാത്രമേ തിരിച്ചടിക്കാവു എന്നാണ് മാധവന്‍കുട്ടി ചാനല്‍ സ്റ്റുഡിയോയിലിരുന്ന് കേന്ദ്രസര്‍ക്കാരിനെ താക്കീത് ചെയ്തു കളയുന്നത്. ആനുപാതം കൂടിപ്പോയാല്‍ ഞങ്ങള്‍ പ്രതികരിക്കുമെന്നാണ് മാധവന്‍കുട്ടിയുടെ ഭീഷിണി. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ സ്റ്റുഡിയോയില്‍ ഇരുന്ന് ഡല്‍ഹിയെ താക്കിത് ചെയ്യുന്നതിന്‍റെ കോമഡി പോട്ടെ എന്ന് വെക്കാം. എന്നാലും ഭീകരന്‍റെ ആക്രമണത്തിന് ആനുപാതികമായി തിരിച്ചിടിച്ചോണം എന്ന പ്രസ്താവന എന്ത് പടുവിഡ്ഢിത്തമാണ്. എങ്ങനെയാണ് രാജ്യത്തിന് നേരെയുണ്ടായ ഒരു ആക്രമണത്തിന്‍റെ വ്യാപ്തി സ്കെയില്‍ വെച്ചോ മാപിനി വെച്ചോ അളക്കാന്‍ കഴിയുന്നത്. ഇനി കൊല്ലപ്പെട്ട സൈനീകരുടെ എണ്ണം വെച്ച് അളക്കണമെന്നാണോ മണ്ടന്‍ മാധവന്‍കുട്ടി പറയുന്നത്. ഒരു സൈനീകന്‍ കൊല്ലപ്പെട്ടാലും നാല്പത് പേര്‍ കൊല്ലപ്പെട്ടാലും ഒരു രാഷ്ട്രത്തിന് നഷ്ടം നഷ്ടം തന്നെയാണ്. ആക്രമണം നടത്തിയവര്‍ രാജ്യത്തിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരു പോലെയാണ്. ഇതിന് എങ്ങനെ അനുപാതം കണ്ടുപിടിക്കുമെന്ന മറുചോദ്യത്തിന് മണ്ടന്‍മാധവന്‍കുട്ടിയുടെ മറുപടി അത് സൈന്യം തീരുമാനിക്കുമെന്നാണ്. ജനാധിപത്യ രാജ്യത്തിന് സൈന്യം എന്നത് ആക്ഷന്‍ നടത്തുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്ന സംവിധാനമാണ്. ആക്ഷന്‍റെ 'വോള്‍ട്ടേജ്' തീരുമാനിക്കുക രാഷ്ട്രീയ നേതൃത്വമാണ്. ബോംബിടണോ, മിസൈന്‍ വിടണോ, കൈയ്യുംകെട്ടിയിരിക്കണോ എന്നൊക്കെ തീരുമാനിക്കുക രാജ്യത്തിന്‍റെ പ്രതിരോധമന്ത്രാലയവും രാഷ്ട്രീയ നേതൃത്വവുമാണ്. ആ പണി ഏതായാലും ഇന്ത്യ ഇന്നേ വരേക്കും സൈന്യത്തെ ഏല്‍പ്പിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് ഭരണം വരുമ്പോ അത് ആലോചിക്കാവുന്ന കാര്യമാണ്. 
എന്തായാലും കാര്യമാത്ര പ്രസക്തമായി  തന്നെ തന്‍റെ രാഷ്ട്രീയ പരിമിതിക്കുള്ളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോട് യഥാര്‍ഥ്യബോധത്തോടെ പ്രതികരിച്ചത് സുനില്‍ പി ഇളയിടം തന്നെയാണ്. നാല് വാചകമേ എഴുതാന്‍ സാധിച്ചുള്ളുവെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തുന്ന കൊലപാതകം രാഷ്ട്രീയ ശരിയാണെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് പറഞ്ഞുവെക്കാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിച്ചു. സിപിഎം കൊന്നാല്‍ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ഒരു കോമാളിക്കൂട്ടത്തോടെ ്അത്രയെങ്കിലും പറയാന്‍ ഇളയിടത്തിന് കഴിഞ്ഞു.  ഈ ആര്‍ജ്ജവമാണ് ശാരദക്കുട്ടിക്കും ദീപാനിശാന്തിനും മാധവന്‍കുട്ടിക്കുമൊന്നും ഇല്ലാതെ പോകുന്നത്. 
Join WhatsApp News
രാക്കുളിർ 2019-02-19 00:14:17
കണ്ടോ എന്റെ മഞ്ഞ സാരി എന്ന് പറഞ്ഞു 
ഫേസ്ബുക്കിൽ രാക്കുളിർ കോരി 
നിൽക്കുന്ന ഇടതുപക്ഷ പൈങ്കിളികൾ!!! 
josecheripuram 2019-02-19 13:07:50
We Malayalees are basically cowards&that's why we are afraid to speak the truth.We still have the slavery mentality we give unwanted importance to religion/or to the politicians.Who are they, they are only people like us.The people who who rule us/the people who went to serve us live on us why we foster these these Parasites?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക